സാമ്പത്തിക പ്രതിസന്ധി: ജി.എസ്.ടി നഷ്ടപരിഹാരം നല്‍കാനാകാതെ കേന്ദ്രം- എല്ലാ ദിവസവും ഡല്‍ഹിയിലേക്ക് വരാനാകില്ലെന്ന് മന്ത്രിമാര്‍

നഷ്ടപരിഹാരമായി 28,000 കോടിരൂപയാണ് ഈവര്‍ഷം ഇതുവരെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കിയത്

സാമ്പത്തിക പ്രതിസന്ധി: ജി.എസ്.ടി നഷ്ടപരിഹാരം നല്‍കാനാകാതെ കേന്ദ്രം- എല്ലാ ദിവസവും ഡല്‍ഹിയിലേക്ക് വരാനാകില്ലെന്ന് മന്ത്രിമാര്‍

ന്യൂഡല്‍ഹി: ജി.എസ്.ടി നഷ്ടപരിഹാരം വൈകുന്നതില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് എതിരെ സംസ്ഥാന ധനമന്ത്രിമാര്‍. ബി.ജെ.പി ഇതര കക്ഷികള്‍ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രതിനിധികളാണ് മന്ത്രിക്കെതിരെ രംഗത്തു വന്നത്. ഇന്ന് നടന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഡല്‍ഹി, പഞ്ചാബ്, പുതുച്ചേരി, മദ്ധ്യപ്രദേശ്, കേരള, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍ സര്‍ക്കാറുകളുടെ പ്രതിനിധികള്‍ അസംതൃപ്തി അറിയിച്ചു.

ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലെ നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ലെന്ന് പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് സിങ് ബാദല്‍ പറഞ്ഞു. ഇക്കാര്യം ധനമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഒക്ടോബര്‍-നവംബര്‍ മാസത്തെ നഷ്ടപരിഹാരവും കുടിശ്ശികയായി. കേന്ദ്രം ഇതുനല്‍കാന്‍ ബാദ്ധ്യസ്ഥമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഞങ്ങള്‍ക്കും ഒരുപാട് പ്രശ്‌നങ്ങളുണ്ട്. സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ നടത്തേണ്ടതുണ്ട്. പെന്‍ഷന്‍ നല്‍കണം. എല്ലാ ദിവസവും ഇങ്ങനെ ഡല്‍ഹിയില്‍ വരാനാകില്ല. നാണക്കേട് തോന്നുന്നു. പമം ചോദിക്കുന്നവരെ ഗൗരവമായി എടുക്കുന്നില്ല' - അദ്ദേഹം കുറ്റപ്പെടുത്തി.

കഴിയുന്നത്ര വേഗത്തില്‍ നഷ്ടപരിഹാരം നല്‍കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചിട്ടുള്ളത് എന്നും സമയപരിധി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നഷ്ടപരിഹാരം വൈകുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ജി.എസ്.ടി. നഷ്ടപരിഹാരമായി 28,000 കോടിരൂപയാണ് ഈവര്‍ഷം ഇതുവരെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കിയത്. ഇപ്പോള്‍ 40,000 കോടിയാണ് കുടിശ്ശിക. ഈ വര്‍ഷം 84,000 കോടി രൂപയെങ്കിലും നല്‍കേണ്ടി വരും.

>കേരളം നിയമനടപടിയിലേക്ക്

എന്‍.ഡി.എ ഇതരമുന്നണികള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നിയമനടപടിയും ആലോചനയിലുണ്ട്. കേരളമാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. സുപ്രിംകോടതിയെ സമീപിക്കാനാണ് ധാരണ. ഇതു സംബന്ധിച്ച് നിയമോപദേശം കിട്ടിയിട്ടുണ്ട്.

കേരളത്തിനു മാത്രം 1600 കോടി രൂപയാണ് ലഭിക്കാനുള്ളത്. ഒക്ടോബറില്‍ കിട്ടേണ്ട ഈ തുക എന്നു കിട്ടുമെന്ന് ഒരുറപ്പും കിട്ടിയിട്ടില്ലെന്ന് ധനമമന്ത്രി തോമസ് ഐസക് പറയുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഇരുട്ടടി പോലെയാണ് കേന്ദ്രതീരുമാനം. വായ്പയെടുക്കുന്നതിന് നിയന്ത്രണമുള്ളതു കൊണ്ടും നികുതി വരുമാനം കൂടാത്തതു കൊണ്ടും സംസ്ഥാനങ്ങള്‍ക്ക് ഈ പണം കിട്ടിയേ തീരൂ.

>വരുമാനത്തില്‍ വര്‍ദ്ധന

സാമ്പത്തികപ്രതിസന്ധി തുടരുന്നതിനിടെ, നവംബറില്‍ സര്‍ക്കാരിന് ആശ്വാസമായി ജി.എസ്.ടി വരുമാനത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 1,03,492 കോടിയാണ് നവംബറിലെ വരുമാനം. 2017 ജൂലൈയില്‍ ജി.എസ്.ടി നടപ്പാക്കിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വരുമാനമാണിത്.

ചരക്കു സേവന നികുതി നടപ്പാക്കിയ ശേഷം എട്ടു തവണ മാത്രമാണ് വരുമാനം ലക്ഷം കോടി കടന്നിട്ടുള്ളത്.

Read More >>