എതോപ്യന്‍ പ്രധാനമന്ത്രി അബി അഹ്മദ് അലിക്ക് ഈ വര്‍ഷത്തെ സമാധാന നൊബേല്‍

സമാധാനത്തിനായി നല്‍കുന്ന നൂറാം നൊബേല്‍ പുരസ്‌കാരമാണിത്.

എതോപ്യന്‍ പ്രധാനമന്ത്രി അബി അഹ്മദ് അലിക്ക് ഈ വര്‍ഷത്തെ സമാധാന നൊബേല്‍

ഓസ്‌ലോ: 2019 ലെ സമാധാനത്തിലുള്ള നൊബേല്‍ എതോപ്യന്‍ പ്രധാനമന്ത്രി അബി അഹ്മദ് അലിക്ക്. അയല്‍രാഷ്ട്രമായ എരിത്രിയയുമായുള്ള ഇരുപതു വര്‍ഷം നീണ്ട സംഘര്‍ഷം അവസാനിപ്പിച്ച് സമാധാന കരാര്‍ ഒപ്പുവച്ചതിനാണ് അലിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

സമാധാനത്തിനായി നല്‍കുന്ന നൂറാം നൊബേല്‍ പുരസ്‌കാരമാണിത്. മൊത്തം 301 പേരാണ് പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നത്. ഇതില്‍ 223 വ്യക്തികളും 78 സംഘടനകളുമായിരുന്നു.

ഒരുപാട് ജോലികള്‍ ഇനിയും ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും പൗരന്മാരുടെ ജീവിതത്തില്‍ സുപ്രധാന മാറ്റങ്ങള്‍ക്ക് എരിത്രിയ-എത്യോപ്യ സമാധാനക്കരാര്‍ കാരണമായതായി നൊബേല്‍ പുരസ്‌കാര സമിതി നിരീക്ഷിച്ചു.

1976 ഓഗസ്റ്റ് 15നാണ് ജനനം. 2018 ഏപ്രില്‍ രണ്ടിനാണ് എതോപ്യയുടെ പ്രധാനമന്ത്രിയായത്. മുന്‍ സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനാണ്.

മുസ്‌ലിമായ അഹ്മദ് അലിയാണ് അബിയുടെ പിതാവ്. അമ്മ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ അംഹാരയായ തെസെറ്റെ വാല്‍ഡെ. അഹ്മദ് അലിയുടെ പതിമൂന്നാമത്തെയും തെസറ്റയുടെ ആറാമത്തെയും മകനാണ് അബി. അബിയോട്ട് (വിപ്ലവം) എന്നായിരുന്നു ബാല്യകാല നാമം.

സ്‌കൂള്‍ പഠനത്തിന് ശേഷം എതോപ്യന്‍ നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സില്‍ ജോലി ചെയ്യവെയാണ് അബി ബിരുദപഠനം പൂര്‍ത്തിയാക്കിയത്. ലണ്ടനിലെ ഗ്രീന്‍വിച്ച് സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റേഴ്‌സ് നേടി. അഡിസ് അബാബ സര്‍വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി.

1991ല്‍ തന്നെ സൈന്യത്തിലെത്തി. ഇന്റലിജന്‍സ്-കമ്യൂണിക്കേഷന്‍ വിഭാഗത്തിലാണ് കൂടുതല്‍ ജോലി ചെയ്തത്. 1995ലെ റുവാണ്ടന്‍ കൂട്ടക്കൊലയ്ക്ക് ശേഷം യു.എന്നില്‍ സമാധാന സേനയില്‍ അംഗമായി. 1998നും 2000ത്തിനും ഇടയില്‍ നടന്ന എതിയോ-എരിത്രിയ യുദ്ധത്തില്‍ ഇന്റലിജന്‍സ് ഓഫീസറായിരുന്നു.

ഒറോമ ഡെമോക്രാറ്റിക് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയ പ്രവേശം. 2015 ഓടെ രാജ്യത്തെ അനധികൃ ഭൂമാഫിയക്കെതിരെ സമരം നടത്തുന്ന സുപ്രധാന രാഷ്ട്രീയക്കാരില്‍ ഒരാളായി അബി.

2015 ഒക്ടോബറില്‍ ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രിയായി. 2016 ഒക്ടോബറില്‍ ഒറോമിയ മേഖലയുടെ ഡപ്യൂട്ടി പ്രസിഡണ്ടായി. 2018 ഫെബ്രുവരിയില്‍ ഹൈലേമറിയം ദെസലഗ്ന്‍ രാജിവച്ച ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തിയത്.

Read More >>