ഇഷ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായിരുന്ന ഡി.ജി വന്‍സാരയ്ക്ക് പ്രൊമോഷന്‍ നല്‍കി ഗുജറാത്ത് സര്‍ക്കാര്‍

രണ്ട് ഏറ്റുമുട്ടല്‍ നടക്കുന്ന വേളയിലും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെ തലവനായിരുന്നു വന്‍സാര

ഇഷ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായിരുന്ന ഡി.ജി വന്‍സാരയ്ക്ക് പ്രൊമോഷന്‍ നല്‍കി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: ഇഷ്‌റത്ത് ജഹാന്‍, സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റാരോപിതനായിരുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഡി.ജി വന്‍സാരയ്ക്ക് സ്ഥാനക്കയറ്റം. റിട്ടയര്‍മെന്റിന് ശേഷമുള്ള പ്രമോഷനായി, സംസ്ഥാന ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഐ.ജി.പി) ആയാണ് നിയമനം നല്‍കിയിരിക്കുന്നത്. സര്‍വീസില്‍ നിന്ന് ആറു വര്‍ഷം മുമ്പാണ് ഇദ്ദേഹം വിരമിച്ചത്.

നിയമന വിജ്ഞാപനത്തിന്റെ പകര്‍പ്പ് വന്‍സാര സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റു ചെയ്തു. നിയമനം ആഭ്യന്തര സെക്രട്ടറി നിഖില്‍ ഭട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.

1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം 2014 മെയ് 31നാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മതിയായ തെളിവുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് 2017 ഓഗസ്റ്റിലാണ് ഗുജറാത്തിലെ പ്രത്യേക കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നത്. ഇഷ്‌റത് ജഹാന്‍ കേസില്‍ കഴിഞ്ഞ വര്‍ഷം മെയിലും.

രണ്ട് ഏറ്റുമുട്ടല്‍ നടക്കുന്ന വേളയിലും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെ തലവനായിരുന്നു വന്‍സാര. 2007 മാര്‍ച്ചില്‍ സംസ്ഥാന സി.ഐ.ഡി ഇദ്ദേഹത്തെ അറസ്റ്റു ചെയ്തിരുന്നു. കേസില്‍ ഏഴു വര്‍ഷം ഇദ്ദേഹം ജയിലിലായിരുന്നു.

2005 നവംബറിലാണ് ഗാന്ധിനഗറില്‍ വച്ച് വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീന്‍ കൊല്ലപ്പെട്ടത്. ഇതിലെ സാക്ഷി തുളസീറാം പ്രജാപതി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 2006 ഡിസംബറില്‍ ഛപ്രയില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു.

Next Story
Read More >>