'ഗോ ബാക്ക് മോദി' - ഹൗഡി മോദിക്കെതിരെ ഹൂസ്റ്റണില്‍ ആയിരങ്ങളുടെ പ്രതിഷേധം

എന്‍.ആര്‍.ജി സ്റ്റേഡിയത്തിന് പുറത്തായിരുന്നു കൂറ്റന്‍ പ്രതിഷേധം

ഹൂസ്റ്റണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൗഡി മോദി പരിപാടിക്കെതിരെ ഹൂസ്റ്റണില്‍ ആയിരങ്ങളുടെ പ്രതിഷേധം. ഇന്ത്യയ്ക്കാര്‍ക്കും പാകിസ്താനികള്‍ക്കും പുറമേ, അമേരിക്കക്കാരും പ്രതിഷേധത്തില്‍ പങ്കാളികള്‍ ആയി. പരിപാടി നടന്ന എന്‍.ആര്‍.ജി സ്റ്റേഡിയത്തിന് പുറത്തായിരുന്നു കൂറ്റന്‍ പ്രതിഷേധം.

ഫാസിസം, നാസിസം, വംശഹത്യ, ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡുമേന്തിയിരുന്നു. നിവരധി കശ്മീരികളും പ്രതിഷേധത്തിന്റെ ഭാഗമായി.

' സത്യം പറയാനും ഐക്യപ്പെടാനുമാണ് ഇവിടെ എത്തിയത്. ഹൗഡി മോദിക്കെതിരെയുള്ള പ്രതിഷേധമാണിത്. നാസികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ആര്‍.എസ്.എസാണ് മോദിയെ ഉണ്ടാക്കിയത്' - പ്രതിഷേധത്തിന് എത്തിയ പീറ്റര്‍ ഫ്രഡറിക് ട്വീറ്റ് ചെയ്തു.

റോഡില്‍ കുത്തിയിരുന്ന് കശ്മീരിന് വേണ്ടിയും ചില പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.

ഇന്നലെ രാത്രിയായിരുന്നു ഹൂസ്റ്റണില്‍ ഹൗദി മോദി പരിപാടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കൂടി പരിപാടിയില്‍ പങ്കെടുത്തു. അമ്പതിനായിരത്തോളം പേരാണ് മോദിയെ വരവേല്‍ക്കാണ് സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നത്.

മെയില്‍ കേന്ദ്രത്തില്‍ രണ്ടാമതും അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് മോദി യു.എസ് സന്ദര്‍ശിക്കുന്നത്. മൂന്നു മാസത്തിനിടെ, ട്രംപുമായുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയും. 27ന് ഐക്യരാഷ്ട്ര സഭ സമ്മേളനത്തിനിടെ രണ്ടു പേര്‍ വീണ്ടും കാണുന്നുണ്ട്.

Read More >>