സിമന്റ്, ഗൃഹനിര്‍മ്മാണ വസ്തുക്കള്‍ ജി.എസ്.ടി നിരക്ക് വെട്ടിക്കുറച്ചേക്കും

ജി.എസ്.ടി കൗണ്‍സില്‍ ഫെബ്രുവരി 20ന്

സിമന്റ്, ഗൃഹനിര്‍മ്മാണ വസ്തുക്കള്‍    ജി.എസ്.ടി നിരക്ക് വെട്ടിക്കുറച്ചേക്കും

മുംബൈ: നിർമ്മാണ മേഖലയ്ക്ക് പ്രതിക്ഷേയേകി സിമന്റിന്റെ ചരക്കു സേവന നികുതി വെട്ടിക്കുറച്ചേക്കുമെന്ന് സൂചന. അടുത്ത ജി.എസ്.ടി കൗൺസിലിൽ ഇതു ചർച്ചചെയ്യും. നിലവിൽ 28 ശതമാനം സ്ലാബിലുള്ള സിമന്റിന്റെ നികുതി 18 ശതമാനമാക്കാനാണ് സാദ്ധ്യത. സിമന്റിനു പുറമേ ഗൃഹനിർമ്മാണത്തിനാവശ്യമായ മിക്ക ഉല്പന്നങ്ങളുടേയും നികുതി വെട്ടിക്കുറച്ചേക്കും.

നികുതി 18 ശതമാനത്തിലേക്ക് കുറയ്ക്കുന്നതോടെ 13,000 കോടിയുടെ നഷ്ടമാണ് സർക്കാരിനുണ്ടാവുക. പൊതു തെരഞ്ഞെടുപ്പ് വരാനിരിക്കെ നിരക്ക് വെട്ടിക്കുറയ്ക്കാൻ സർക്കാർ ശ്രമിക്കും. ഫെബ്രുവരി 20നു ചേരുന്ന ജി.എസ്.ടി കൗൺസിലിൽ സിമന്റ് നികുതി കുറയ്ക്കുന്നത് മുഖ്യ അജണ്ടയാവും. സിമന്റ് നിരക്ക് 18 ശതമാനമാക്കുന്നതോടെ അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ എന്നിവ വർദ്ധിക്കുമെന്നും വീടു വാങ്ങുന്നതിനുള്ള ചെലവ് കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി. സിമന്റ് നിർമ്മാതാക്കൾക്ക് നഷ്ടം വരാത്ത രീതിയിൽ ചില മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കി ഉപഭോക്താക്കൾക്ക് നിരക്കിളവിന്റെ ആനുകൂല്യം ലഭ്യമാക്കും.

സിമന്റ് നികുതി നിരക്ക് കുറയ്ക്കുക എന്നതിന് കൗൺസിൽ പ്രാധാന്യം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സിമന്റ് മാത്രമാണ് 28 ശതമാനം സ്ലാബിൽ ഉൾപ്പെടുന്ന സാധാരണക്കാരനാവശ്യമായ ഉല്പന്നം.

സർക്കാരും ഏജൻസികളും സിമന്റിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളാണ്. ജി.എസ്.ടി നിരക്ക് കുറയ്ക്കുന്നതതിന് ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചേക്കുമെന്ന്ഡിലോയിറ്റ് ഇന്ത്യ പങ്കാളി എം.എസ് മണി പറഞ്ഞു. നിർമ്മാണ ചെലവിന്റെ അഞ്ചിലൊന്ന് സിമന്റിനാണ്. 10 ശതമാനം നികുതി കുറയുന്നതോടെ ചെലവു ഭാരത്തിൽ വൻ കുറവുണ്ടാവും. വാങ്ങുന്നവർക്ക് ആശ്വാസകരമാവുന്ന തീരുമാനമാണിത്. വില കുറയുന്നതോടെ ആവശ്യകത വർദ്ധിക്കുകയും റവന്യു വരുമാനം ഉയരുമെന്നും വിദഗ്ധർ പറയുന്നു. നികുതി ഇളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുന്നതിന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന്റെ നേതൃത്വത്തിൽ മന്ത്രിമാരുടെ ഒരു സംഘം റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഗൃഹനിർമ്മാണ ചെലവ് കുറയ്ക്കുന്നതിന് പ്രാധാന്യം നൽകിയാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്.

Read More >>