വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറുന്നത് ഗുജറാത്ത് മോഡല്‍ കലാപം; അന്ന് മോദി മുഖ്യമന്ത്രി, ഇന്ന് പ്രധാനമന്ത്രി

മുഖ്യമന്ത്രിയായിരിക്കെ, പൊലീസ് നിഷ്‌ക്രിയത്വത്തിന്റെ പേരില്‍ പഴി കേട്ട മോദി, നിലവിലെ സംഭവങ്ങളോട് മൂന്നു ദിവസം കഴിഞ്ഞാണ് പ്രതികരിച്ചത്.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറുന്നത് ഗുജറാത്ത് മോഡല്‍ കലാപം; അന്ന് മോദി മുഖ്യമന്ത്രി, ഇന്ന് പ്രധാനമന്ത്രി

'ഒരാള്‍ക്കൂട്ടം കാറിനു നേരെ വരുന്നത് കണ്ടു. ഞാന്‍ തിടുക്കത്തില്‍ എന്റെ തിരിച്ചറിയല്‍, ക്രഡിറ്റ്, ബിസിനസ് കാര്‍ഡുകള്‍ കാറിന്റെ കാര്‍പറ്റിനുള്ളിലേക്ക് വച്ചു. ഭാഗ്യത്തിന് എന്റെ ഭാര്യയുടെ ക്രഡിറ്റ് കാര്‍ഡ് പേഴ്സില്‍ ഉണ്ടായിരുന്നു. ഞാന്‍ അതെടുത്ത് കൈയില്‍ പിടിച്ചു. തലയില്‍ മഞ്ഞക്കച്ച കെട്ടിയ ഒരാള്‍ എന്നോട് മുസ്ലിമാണോ എന്നു ചോദിച്ചു. ഞാന്‍ അല്ല എന്നര്‍ത്ഥത്തില്‍ തലയാട്ടി. അയാള്‍ എന്റെ ഐഡി കാര്‍ഡ് ചോദിച്ചു. ഞാന്‍ ഭാര്യയുടെ കാര്‍ഡെടുത്തു വീശിക്കാണിച്ചു. റിതു എന്നാണ് അവളുടെ പേര്. അയാള്‍ അത് റിതിക് എന്നു തെറ്റിവായിച്ച് ആള്‍ക്കൂട്ടത്തോട് പറഞ്ഞു 'അയാളുടെ പേര് റിതിക് എന്നാണ്! പോയ്ക്കോട്ടെ!' ആ നഗരം അശാന്തിയിലേക്ക് വഴുതിവീഴുകയാണ് എന്നറിയാതെ ഞങ്ങള്‍ അഹമ്മദാബാദിലേക്കുള്ള യാത്ര തുടര്‍ന്നു'

2002ല്‍ ഗുജറാത്ത് കലാപത്തിലെ ഭീകരത ബി.ബി.സി ഹിന്ദി കറന്‍സ്പോണ്ടന്റ് റെഹാന്‍ ഫസല്‍ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.

ഇനി മറ്റൊരു നേര്‍സാക്ഷ്യം 2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്നത്;

'ഒരു ആരാധനാലയത്തിന് തീവച്ചു എന്ന വിവരം കിട്ടി. ഞങ്ങള്‍ അതു പകര്‍ത്താനായി തിരിച്ചു. ഒരാള്‍ക്കൂട്ടം ഞങ്ങള്‍ക്കു നേരെ വന്ന് അരവിന്ദ് ഗുണശേഖറിനെ തൊഴിക്കാന്‍ തുടങ്ങി. ഞാനെത്തുമ്പോള്‍ അവര്‍ അരവിന്ദിന്റെ തലയ്ക്ക് ഇരുമ്പുദണ്ഡ് കൊണ്ട് അടിക്കാനോങ്ങുകയാണ്. ഞാന്‍ വിളിച്ചു പറഞ്ഞു. 'ബ്രാഹ്മണനാണ്' അവര്‍ക്ക് ഞാന്‍ ധരിച്ച രുദ്രാക്ഷ മാല കാണിച്ചു കൊടുത്തു. അവര്‍ പറഞ്ഞു. നിങ്ങള്‍ ഞങ്ങളുടെ ആളാണല്ലേ. നമുക്കു പോകാം. അവര്‍ ആദ്യം ചെയ്തത് ഞങ്ങള്‍ പകര്‍ത്തിയ വീഡിയോ ഡിലീറ്റ് ചെയ്യുകയാണ്'

എന്‍.ഡി.ടി.വി മാദ്ധ്യമപ്രവര്‍ത്തകന്‍ സൗരഭ് ശുക്ലയുടേതാണ് ഈ വാക്കുകള്‍.

******************

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറുന്നത് 2002ലെ ഗുജറാത്ത് മോഡല്‍ കലാപമെന്ന ആരോപണങ്ങളെ സാധൂകരിക്കുന്ന മാദ്ധ്യമ സാക്ഷ്യമാണിത്.

ഗുജറാത്തിലേത് പോലെ മുസ്‌ലിം വീടുകളും വ്യാപാര കേന്ദ്രങ്ങളും തെരഞ്ഞുപിടിച്ചു നശിപ്പിക്കുന്ന രീതിയാണ് ഡല്‍ഹിയിലും നടക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അന്ന് പൊലീസ് നിഷ്‌ക്രിയമായിരുന്നു, ഇന്നും അതേ. പൊലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ സുപ്രിംകോടതി ഇന്ന് രൂക്ഷമായ വിമര്‍ശമാണ് നടത്തിയത്.

58 ഹിന്ദു കര്‍സേവകര്‍ കൊല്ലപ്പെട്ട ഗോധ്രയിലെ തീവണ്ടി ദുരന്തത്തിന് ശേഷമുണ്ടായ കലാപത്തില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1044 പേരാണ് കൊല്ലപ്പെട്ടത്. 223 പേരെ കാണാതാകുകയും 2500ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗിക കണക്കുകള്‍.

അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഇന്ന് പ്രധാനമന്ത്രിയാണ്. മുഖ്യമന്ത്രിയായിരിക്കെ, പൊലീസ് നിഷ്‌ക്രിയത്വത്തിന്റെ പേരില്‍ പഴി കേട്ട മോദി, നിലവിലെ സംഭവങ്ങളോട് മൂന്നു ദിവസം കഴിഞ്ഞാണ് പ്രതികരിച്ചത്.

അക്രമം ഭയന്ന് ഡല്‍ഹിയിലെ പല വീടുകള്‍ക്ക് മുമ്പിലും കാവിക്കൊടികള്‍ ഉയര്‍ത്തിയിട്ടുണ്ട്. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുര, ഗൗതം പുരി, മഞ്ജുപുര്‍ പ്രദേശങ്ങളിലെ ഹിന്ദു വീടുകള്‍ക്കു മുന്നിലെല്ലാം കാവി കൊടിയും മതിലുകളിലും പ്രധാന വാതിലിനു മുകളില്‍ കാവി നിറം പൂശുകയും ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ആക്രമണം ആരംഭിക്കുന്നതിനു മുമ്പ് ശനിയാഴ്ച തന്നെ ഇവിടത്തെ ഹിന്ദു വീടുകള്‍ക്കു മുകളില്‍ കാവികൊടികള്‍ സ്ഥാപിച്ചിരുന്നു. ഗുജറാത്ത് കലാപത്തിലും മുസ്‌ലിം വീടുകള്‍ തിരിച്ചറിയാനായി അക്രമികള്‍ ചില അടയാളങ്ങള്‍ ഉപയോഗിച്ചിരുന്നു.

നിലവിലെ കലാപത്തെ 1984ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തോട് ഉപമിക്കുന്നവരും ഉണ്ട്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ നടന്ന കലാപത്തില്‍ 2800 സിഖുകാരാണ് കൊല്ലപ്പെട്ടിരുന്നത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിഖ് അംഗരക്ഷകനാല്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് സിഖുകാര്‍ക്കു നേരെ ആസൂത്രിത കലാപം അരങ്ങേറിയത്.

Next Story
Read More >>