വരൂ, ഒരു രൂപയ്ക്ക് ഇവിടെ ഇഡ്ഡലി കിട്ടും; മനസ്സു നിറയും, വയറും

'ഇവിടെ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ മുത്തശ്ശി വിളമ്പി ഊട്ടുന്നതു പോലെയാണ് അനുഭവപ്പെടുന്നത്' എന്ന് പറയുന്നു 23 കാരന്‍ ഗോപി കൃഷ്ണന്‍

വരൂ, ഒരു രൂപയ്ക്ക് ഇവിടെ ഇഡ്ഡലി കിട്ടും; മനസ്സു നിറയും, വയറും

ഈ എണ്‍പതാം വയസ്സിലും കമലത്താള്‍ സൂര്യനുദിക്കും മുമ്പ് എഴുന്നേല്‍ക്കും. കുളിച്ച് പ്രാര്‍ത്ഥനയും കഴിഞ്ഞ് മകന്റെ കൂടെ ഫാമിലേക്ക്. പുത്തന്‍ പച്ചക്കറി എടുക്കാനുള്ള പോക്കാണ്. തിരിച്ചു വന്ന് ആട്ടുകല്ലില്‍ തേങ്ങയും ഉപ്പും മുകളും ചേര്‍ത്ത് ഒന്നാന്തരം ചട്ട്‌നി തയ്യാറാക്കുന്നു. അതിനിടെ സാമ്പാറിനു വേണ്ട പച്ചക്കറിയരിഞ്ഞ് അടുപ്പത്തു വയ്ക്കും. അപ്പോഴേക്കും തലേന്നു രാത്രി അരച്ചു വച്ച ഇഡ്ഢലി മാവ് തീയടുപ്പിലേക്ക് കയറാന്‍ പാകമായിരിക്കും.

പുലര്‍ച്ചെ ആറു മുതല്‍ തമിഴ്‌നാട്ടിലെ പേരൂരിലെ വടിവേലംപാളയത്തെ വീട്ടില്‍ ഇഡ്ഢലിയും സാമ്പാറും ചട്‌നിയും റെഡി. ചൂടുള്ള ചട്‌നിയും സാമ്പാറും 'അടിക്കാന്‍' അപ്പോഴേക്കും കമലത്താളിന്റെ ഉപഭോക്താക്കള്‍ എത്തിക്കഴിഞ്ഞിരിക്കും.

ഇഡ്ഢലി ഒന്നിന് വിലയെത്രയെന്നോ? ഒരു രൂപ!

മുപ്പതു വര്‍ഷം മുമ്പാണ് കമലത്താള്‍ ഇഡ്ഢലി വില്‍പ്പന ആരംഭിച്ചത്. അക്കഥ അവര്‍ തന്നെ പറയും;

'കര്‍ഷക കുടുംബമായിരുന്നു ഞങ്ങളുടേത്. എല്ലാ ദിവസവും വീട്ടുകാരൊക്കെ കൃഷിപ്പണിക്കു പോകും. ഞാന്‍ തനിച്ചാകും. തനിച്ചിരുന്ന് ബോറടിച്ചപ്പോഴാണ് നാട്ടുകാര്‍ക്കു വേണ്ടി ഇഡ്ഢലിയുണ്ടാക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ എനിക്ക് നിരവധി ഉപഭോക്താക്കളുണ്ട്'

പരമ്പരാഗതമായ ആട്ടുകല്ലിലാണ് വീട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ കടയില്‍ സാധനങ്ങളുടെ അരപ്പ്. അന്ന് തുടങ്ങിയ ശീലം കച്ചവടം കൂടിയ ഇക്കാലത്തും തുടര്‍ന്നു പോരുന്നു.

'കൂട്ടുകുടുംബമായിരുന്നു ഞങ്ങള്‍. കുറേ പേര്‍ക്ക് ഭക്ഷണം പാകം ചെയ്യുക എന്നത് ഒരു ബുദ്ധിമുട്ടുള്ള ജോലി ആയിരുന്നില്ല. തലേദിവസം ഇഡ്ഢലിക്കു വേണ്ട സാധനങ്ങള്‍ അരച്ചു വയ്ക്കും. ആറ് കിലോ അരി മാവാകാന്‍ നാലു മണിക്കൂറെങ്കിലും എടുക്കും. അന്നുണ്ടാക്കിയതു മാത്രമേ വിതരണം ചെയ്യൂ' - അവര്‍ പറയുന്നു.

ഒറ്റത്തവണ 37 ഇഡ്ഢലി വരെ കമലത്താളിന്റെ ചെമ്പിലുണ്ടാക്കാം. ഒരു ദിവസം വില്‍ക്കുന്നത് ഏകദേശം ആയിരം ഇഡ്ഢലി. പത്തു വര്‍ഷം മുമ്പ് ഇഡ്ഢലി ഒന്നിന് അമ്പത് പൈസയായിരുന്നു വില. കുറച്ചു വര്‍ഷം മുമ്പാണ് അത് ഒരു രൂപയാക്കിയത്. ഉച്ച വരെയാണ് ഇഡ്ഢലി വില്‍പ്പന.

ചട്ട്‌നിയില്‍ ദിവസവും വ്യത്യാസമുണ്ട്. തേക്കിലയിലോ വാഴയിലയിലോ ആണ് ഭക്ഷണം വിളമ്പുന്നത്. ഫാമില്‍ നിന്നാണ് ഇവര്‍ക്ക് വേണ്ട ഇലകള്‍ സംഘടിപ്പിക്കുന്നത്.

'വടിവേലംപാളയത്ത് താമസിക്കുന്നവര്‍ സാമ്പത്തികമായി അത്ര നല്ല നിലയിലല്ല. മദ്ധ്യവര്‍ഗമോ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരോ ആണവര്‍. മിക്കവരും ദിവസക്കൂലിക്കാര്‍. പ്രാതലിനായി 15ഉം 20ഉം രൂപയുമൊക്കെ ചെലവഴിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ്' - അവര്‍ പറയുന്നു.

ഒരു ദിവസം 200 രൂപയുടെ ലാഭമുണ്ടാകുമെന്ന് അവര്‍ പറയുന്നു. നിരവധി പേര്‍ വില കൂട്ടാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍ ഇത് വിശക്കുന്നവര്‍ക്കു വേണ്ടിയുള്ള ഒരു പ്രവൃത്തി മാത്രമാണെന്നും കമലത്താള്‍ പറയുന്നു. ഇനി വില കൂട്ടാന്‍ ഉദ്ദേശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി.

ഇഡ്ഢലിയെ കുറിച്ചുള്ള വാര്‍ത്ത പരന്നതോടെ, ഇപ്പോള്‍ ബൊലുവംപട്ടി, പൂലുവംപട്ടി, തെങ്കറൈ, മതിപാളയം എന്നിവിടങ്ങളില്‍ നിന്നെല്ലാം ദിനംപ്രതി ഉപഭോക്താക്കള്‍ എത്തുന്നുണ്ട്.

ഈയിടെ മെനുവിലേക്ക് മറ്റൊരു വിഭവം കൂടി ഇവര്‍ ചേര്‍ത്തു; ഉഴുന്നു ബോണ്ട. രണ്ടര രൂപയാണ് ഒന്നിന് വില!

'ഇവിടെ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ മുത്തശ്ശി വിളമ്പി ഊട്ടുന്നതു പോലെയാണ് അനുഭവപ്പെടുന്നത്' എന്ന് പറയുന്നു 23 കാരന്‍ ഗോപി കൃഷ്ണന്‍.

ഈ നല്ലവാക്കുകളാണ് ഈ വാര്‍ദ്ധക്യത്തിലും കമലത്താളിന് ഉന്മേഷം നല്‍കുന്നത്. സ്‌നേഹത്തോടെ ഊട്ടാനും ഊര്‍ജ്ജത്തോടെ വിളമ്പാനും

സ്റ്റോറിക്ക് കടപ്പാട് - ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്

Read More >>