അന്ന് പ്രധാനമന്ത്രി പ്രധാനമന്ത്രിയായിരുന്നില്ല; മന്‍മോഹനെ കടന്നാക്രമിച്ച് അമിത് ഷാ

മോദി സര്‍ക്കാര്‍ 5 വര്‍ഷമായി പ്രവര്‍ത്തിക്കുകയും 50 വലിയ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു

അന്ന് പ്രധാനമന്ത്രി പ്രധാനമന്ത്രിയായിരുന്നില്ല; മന്‍മോഹനെ കടന്നാക്രമിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്പ് രാജ്യം സമ്പൂര്‍ണമായി അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു എന്നും അതു തങ്ങള്‍ നന്നാക്കിയെടുത്തു എന്നും ഷാ അവകാശപ്പെട്ടു.

സാമ്പത്തിക മാന്ദ്യത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മന്‍മോഹന്‍സിങ് നേരത്തെ രംഗത്തെത്തിയിരുന്നു. നോട്ടുനിരോധനവും അശാസ്ത്രീയമായി നടപ്പാക്കിയ ജി.എസ്.ടിയുമാണ് ഇപ്പോഴത്തെ മാന്ദ്യത്തിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിങിനെ വിമര്‍ശിച്ച് അമിത് ഷാ രംഗത്തുവരുന്നത്.

'2013ലെ രംഗങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. അഴിമതി അതിന്റെ മൂര്‍ദ്ധന്യത്തിലായിരുന്നു. അതിര്‍ത്തിയില്‍ സുരക്ഷയ്ക്ക് സ്ഥാനമേ ഉണ്ടായിരുന്നില്ല. ആഭ്യന്തര സുരക്ഷയും സ്ത്രീ സുരക്ഷയും അങ്ങനെ തന്നെ. പ്രധാനമന്ത്രി പ്രധാനമന്ത്രിയായല്ല പരിഗണിക്കപ്പെട്ടിരുന്നത്'- ഡല്‍ഹിയിലെ ഒരു ചടങ്ങില്‍ മന്‍മോഹന്റെ പേരെടുത്തു പറയാതെ ഷാ പറഞ്ഞു.

ദേശസുരക്ഷയില്‍ ഇപ്പോള്‍ വിട്ടുവീഴ്ചയില്ല. 370-ാം വകുപ്പ് എടുത്തു കളഞ്ഞതിന് ശേഷം ജമ്മു കശ്മീരില്‍ സ്ഥിതി ശാന്തമാണ്. ഒരു ബുള്ളറ്റു പോലും അവിടെ വയ്‌ക്കേണ്ടി വന്നിട്ടില്ല. ഇത് അഴിമതി രഹിത സര്‍ക്കാറാണ്. വ്യോമാക്രമണമോ മിന്നലാക്രമണമോ ആകട്ടെ... ഈ രാജ്യത്തിന്റെ സുരക്ഷയില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരുകള്‍ നിരവധി വര്‍ഷമായി ഇവിടെയുണ്ട്. അവര്‍ക്ക് ഇപ്പോഴും അവരെടുത്ത അഞ്ച് വലിയ തീരുമാനങ്ങള്‍ ഏതെന്ന് പറയാന്‍ കഴിയില്ല, അതേസമയം മോദി സര്‍ക്കാര്‍ 5 വര്‍ഷമായി പ്രവര്‍ത്തിക്കുകയും 50 വലിയ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു- ഷാ പറഞ്ഞു.

>മന്‍മോഹന്റെ വിമര്‍ശനങ്ങള്‍

നേരത്തെ, സാമ്പത്തിക മാന്ദ്യം മനുഷ്യ സൃഷ്ടിയാണ് എന്നാണ് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍സിങ് പറഞ്ഞിരുന്നത്. പ്രതിസന്ധി ഉണ്ട് എന്ന് തിരിച്ചറിയുകയാണ് അത് പരിഹരിക്കാനുള്ള ആദ്യ വഴിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുകയാണ് എന്നു നിഷേധിക്കാന്‍ പറ്റില്ല. ഇപ്പോള്‍ തന്നെ സമയം ഒരുപാട് പോയി. അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള ഘടനാപരമായ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് ഇപ്പോള്‍ ആവശ്യമുള്ളത്. ഘടനാപരവും ചാക്രികവുമായ ദൈര്‍ഘ്യമേറിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നത്. ഒരു പ്രതിസന്ധി മറിടക്കാനുള്ള ആദ്യ പടി അത്തരമൊന്ന് നമ്മള്‍ അഭിമുഖീകരിക്കുന്നുണ്ട് എന്ന് തിരിച്ചറിയുകയാണ്- എന്നായിരുന്നു മന്‍മോഹന്റെ വാക്കുകള്‍.

Read More >>