ട്രംപിനായി ചെലവഴിക്കുന്നത് നൂറു കോടി; കിട്ടുന്നതെത്ര? കരാറുകളില്‍ ഉത്തരമില്ലാതെ കേന്ദ്രസര്‍ക്കാര്‍

നേരത്തെ, ഇന്ത്യയുമായി വ്യാപാരക്കരാര്‍ നിലവിലെ സന്ദര്‍ശനത്തില്‍ ഉണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

ട്രംപിനായി ചെലവഴിക്കുന്നത് നൂറു കോടി; കിട്ടുന്നതെത്ര? കരാറുകളില്‍ ഉത്തരമില്ലാതെ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെ എത്ര കരാറുകള്‍ ഒപ്പിടുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലാതെ കേന്ദ്രസര്‍ക്കാര്‍. ഏകദേശം അഞ്ചു ധാരണാ പത്രങ്ങള്‍ ചര്‍ച്ചയിലാണ് എന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ മറുപടി നല്‍കിയത്.

സുരക്ഷ, വ്യാപാരം അടക്കമുള്ള കാര്യങ്ങള്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യും. കരാറുകള്‍ യാഥാര്‍ത്ഥ്യമാകാന്‍ ഒരു അന്തിമ തിയ്യതി വയ്ക്കുന്നില്ല. ജനങ്ങളുടെ താത്പര്യമാണ് പ്രധാനമെന്നും രവീഷ് പറഞ്ഞു. നമസ്‌തേ ട്രംപ് പരിപാടി ഡൊണാള്‍ഡ് ട്രംപ് നാഗരിക് അഭിന്ദന്‍ സിമിതി എന്ന സംഘടനയാണ് നടത്തുന്നത് എന്നും ആരെ ക്ഷണിക്കണമെന്ന് അവരാണ് തീരുമാനിക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി. നേരത്തെ, ഇന്ത്യയുമായി വ്യാപാരക്കരാര്‍ നിലവിലെ സന്ദര്‍ശനത്തില്‍ ഉണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

> ചെലവ് നൂറു കോടി

ഫെബ്രുവരി 24ന് ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന ട്രംപിനെ സ്വീകരിക്കാനായി മാത്രം നൂറു കോടി രൂപയാണ് ചെലവഴിക്കുന്നത്. അഹമ്മദാബാദില്‍ വിമാനമിറങ്ങുന്ന ട്രംപിനെ സ്വീകരിക്കാനായി നഗരം മുഖം മിനുക്കുന്നതിന് 80-85 കോടിയാണ് ചെലവാക്കുന്നത് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുജറാത്തിന്റെ മൊത്തം വാര്‍ഷിക ബജറ്റിന്റെ ഒന്നര ശതമാനം വരുമിത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മൊട്ടേരയ്ക്കു മുമ്പില്‍ 12000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. വിമാനത്താവളത്തില്‍ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള 22 കിലോമീറ്റര്‍ ദൂരത്ത് ഒരു ലക്ഷത്തോളം പേരെ അണി നിരത്താനാണ് തീരുമാനം.

> മുഖം മിനുക്കി റോഡുകള്‍

ട്രംപ് ഒരു ലക്ഷം പേരെ അഭിസംബോധന ചെയ്യുന്ന സ്‌റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യ വികസത്തിനായി മാത്രം 30 കോടി രൂപ ചെലവിട്ടു എന്നാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ പറയുന്നത്.

വിമാനത്താവളത്തില്‍ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള റോഡ് ടാര്‍ ചെയ്തിട്ടുണ്ട്. ചേരികള്‍ അടക്കുള്ള പ്രദേശങ്ങളില്‍ അഞ്ചടി ഉയരമുള്ള മതിലുകളും നിര്‍മിച്ചു. പൂച്ചെടികള്‍ വച്ചു പിടിപ്പിച്ച് പാതയോങ്ങള്‍ മനോഹരമാക്കിയിട്ടുമുണ്ട്. സൗന്ദര്യവല്‍ക്കരണത്തിനായി മാത്രം ആറു കോടി രൂപയാണ് ചെലവഴിക്കുന്നത്.

> കൂടെ വന്‍ വ്യാപാര സംഘം

ട്രംപിനെ ഇന്ത്യാ സന്ദര്‍ശനത്തില്‍ അനുഗമിക്കുന്നത് ജംബോ സംഘമാണ്. മരുമകന്‍ ജറെദ് കുഷ്നര്‍, യുഎസ്ടിആര്‍ റോബര്‍ട്ട് ലൈതിസര്‍, സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രയന്‍, ട്രഷറി സെക്രട്ടറി സ്റ്റീവ് മുചിന്‍, വ്യാപാര സെക്രട്ടറി വില്‍ബര്‍ റോഡ്, ബജറ്റ് ഓഫീസ് ഡയറക്ടര്‍ മൈക്ക് മല്‍വാനി തുടങ്ങിയ ഉന്നതതല സംഘമാണ് ട്രംപിനൊപ്പമുള്ളത്. ട്രംപ് എത്തുന്നതിന് മുമ്പു തന്നെ പ്രാഥമിക കൂടിയാലോചനകള്‍ക്കായി ഇവരില്‍ പലരും ഇന്ത്യയിലെത്തും.

അഹമ്മദാബാദ്, ആഗ്ര, ഡല്‍ഹി എന്നിവിടങ്ങളിലാണ് ട്രംപിന്റെ സന്ദര്‍ശനം നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ എട്ടു മാസത്തിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് നടത്തുന്ന എട്ടാമത്തെ കൂടിക്കാഴ്ചയുമാണ് അടുത്ത ദിവസം നടക്കാനിരിക്കുന്നത്.

Next Story
Read More >>