മലയാളി ഗവേഷകന് നെതര്‍ലാന്‍ഡ്‌സില്‍ രണ്ടു കോടിയുടെ റിസര്‍ച്ച് ഗ്രാന്‍ഡ്

നെതര്‍ലന്‍ഡ്‌സിലെ ഓര്‍ഗനൈസേഷന്‍ ഫോര്‍ സയന്റിഫിക് രിസര്‍ച്ചാണ് എല്ലാ വര്‍ഷവും വെനി ഗ്രാന്‍ഡ് നല്‍കുന്നത്.

മലയാളി ഗവേഷകന് നെതര്‍ലാന്‍ഡ്‌സില്‍ രണ്ടു കോടിയുടെ റിസര്‍ച്ച് ഗ്രാന്‍ഡ്

ന്യൂഡല്‍ഹി: മലയാളി ഗവേഷകന്‍ ഡോ. മഹ്മൂദ് കൂരിയയ്ക്ക് നെതര്‍ലന്‍ഡ്‌സില്‍ 2,50,000 യൂറോയുടെ (ഏകദേശം രണ്ടു കോടി ഇന്ത്യന്‍ രൂപ) വെനി റിസര്‍ച്ച് ഗ്രാന്‍ഡ്. മാര്‍ട്രിയാര്‍ക്കല്‍ ഇസ്‌ലാം; ജന്‍ഡറിങ് ശരീഅ ഇന്‍ ദ ഇന്ത്യന്‍ ഓഷ്യന്‍ വേള്‍ഡ് എന്ന പ്രോജക്ടിനാണ് ഗ്രാന്‍ഡ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെയും ചെമ്മാട് ദാറുല്‍ ഹുദായിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് പെരിന്തല്‍മണ്ണ പനങ്ങാങ്ങര സ്വദേശിയായ മഹ്മൂദ്.

പഠനം മുസ്‌ലിം ലോകത്തിന് അകത്തുള്ള വൈവിദ്ധ്യങ്ങളെ മനസ്സിലാക്കാനും മുസ്‌ലിം സമുദായങ്ങളെ മികച്ച വെളിച്ചത്തില്‍ എത്താനും സഹായിക്കുമെന്ന് ഗ്രാന്‍ഡ് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനയില്‍ നെതര്‍ലാന്‍ഡ്സിലെ ലെയ്ഡന്‍ സര്‍വകലാശാല പറയുന്നു.

മാര്‍ട്രിയാര്‍ക്കല്‍ ഇസ്‌ലാമുമായി ബന്ധപ്പെട്ട് ഇന്‍ഡോനേഷ്യ, ഇന്ത്യ, മലേഷ്യ, ശ്രീലങ്ക, മൊസാംബിക്, കോമൊറോസ് എന്നീ രാഷ്ട്രങ്ങളില്‍ ചില പഠനങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഡോ. മഹ്മൂദ് പറഞ്ഞു.

ഈ വർഷം ലെയ്ഡൻ സർവകലാശാലയിൽ നിന്ന് മൊത്തം 25 യുവഗവേഷകര്‍ക്കാണ് വെനി ഗ്രാന്‍ഡ് കിട്ടിയിട്ടുള്ളത്. നെതര്‍ലന്‍ഡ്‌സിലെ ഓര്‍ഗനൈസേഷന്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചാണ് എല്ലാ വര്‍ഷവും വെനി ഗ്രാന്‍ഡ് നല്‍കുന്നത്. ഗവേഷണ ബിരുദം നേടിയവര്‍ക്കാണ് അര്‍ഹത.

യൂസസ് ഓഫ് ദ പാസ്റ്റ്; അണ്ടര്‍സ്റ്റാന്‍ഡിങ് ഷരീഅ എന്ന, നാല് യൂറോപ്യന്‍ സര്‍വകലാശാലകള്‍ സഹരിക്കുന്ന ഹെറ പദ്ധതിക്ക് കീഴില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയാണ് ഡോ. കൂരിയ. നേരത്തെ, ലെയ്ഡനിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഏഷ്യന്‍ സ്റ്റഡീസിലും ആഫ്രിക്കന്‍ സ്റ്റഡീസിലും റിസര്‍ച്ച് ഫെലോ ആയിരുന്നു.

ലെയ്ഡന്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹിസ്റ്ററിയില്‍ നിന്നാണ് പി.എച്ച്.ഡി നേടിയത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലായിരുന്നു പോസ്റ്റ് ഗ്രാജ്വേഷന്‍.

ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച മലബാര്‍ ഇന്‍ ദ ഓഷ്യന്‍ വേള്‍ഡ്; കോസ്‌മോപൊളിറ്റനിസം ഇന്‍ എ മാരിടൈം ഹിസ്‌റ്റോറികല്‍ റീജ്യന്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ പുസ്തകം.

Read More >>