വിമാനം പറത്താന്‍ ആളില്ല സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഇന്‍ഡിഗോ

പൈലറ്റുമാരില്ലാത്തതിനാല്‍ ഫെബ്രുവരിയിലെ വിന്റര്‍ ഷെഡ്യൂളില്‍ ദിനേന 30തില്‍ താഴെ വിമാനസര്‍വ്വീസുകളെ ഉണ്ടായിരിക്കുകയുള്ളൂവെന്ന് കമ്പനി അറിയിച്ചു.

വിമാനം പറത്താന്‍ ആളില്ല സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഇന്‍ഡിഗോ

മുംബൈ: രാജ്യത്തെ പ്രധാന എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയില്‍ പ്രതിസന്ധി. പൈലറ്റുമാരില്ലാത്തതിനാല്‍ ഫെബ്രുവരിയിലെ വിന്റര്‍ ഷെഡ്യൂളില്‍ ദിനേന 30തില്‍ താഴെ വിമാനസര്‍വ്വീസുകളെ ഉണ്ടായിരിക്കുകയുള്ളൂവെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ മൊത്തം സര്‍വ്വീസുകളില്‍ രണ്ട് ശതമാനം സര്‍വ്വീസുകളാണിത്. ഇതേ കാരണത്താല്‍ 49 സര്‍വ്വീസുകളാണ് ബുധനാഴ്ച കമ്പനി റദ്ദാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ 100 സര്‍വ്വീസുകളാണ് പൈലറ്റുമാരില്ലാത്തിതനാല്‍ റദ്ദാക്കിയത്. ദിവസേന 1300 സര്‍വ്വീസുകളാണ് കമ്പനി നടത്തുന്നത്.

മദ്ധ്യദൂര യാത്രകളാണ് റദ്ദാക്കിയതെന്നും ഇത് യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ട് കുറയ്ക്കുമെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാര്‍ക്ക് മറ്റു സംവിധാനങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്. മാര്‍ച്ച് 31 മുതല്‍ സാധാരണഗതിയില്‍ സര്‍വ്വീസൊരുക്കാന്‍ സാധിക്കുമെന്ന് കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു. പൈലറ്റു ക്ഷാമം പരിഹരിക്കാന്‍ വിദേശത്ത് നിന്നു പൈലറ്റുമാരെ എത്തിക്കുമെന്നും ഇവര്‍ക്കുള്ള ലൈസന്‍സ് ലഭ്യമാക്കുന്നതില്‍ സാവകാശം നല്‍കാന്‍ വ്യോമയാന ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെടുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

പൈലറ്റുമാരില്ലാത്ത ഇന്ത്യ

അടുത്ത പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് 17,000ത്തോളം അധിക പൈലറ്റുമാരെ ആവശ്യമുണ്ടെന്നാണ് വ്യോമയാന ഉപദേശക കമ്പനിയായ കാപ ഇന്ത്യയുടെ കണക്ക്. 2018 സാമ്പത്തിക വര്‍ഷം മുതല്‍ 2028 വരെ 9000ത്തോളം ഓഫീസര്‍മാര്‍ കമാന്‍ഡര്‍മാരായി പോവുന്നതിനാലാണ് ഇത്രയും പേരുടെ ആവശ്യം വരുന്നത്. 2018 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വരെയുള്ള കണക്ക് പ്രകാരം 7963 പൈലറ്റുമാരാണ് ഇന്ത്യയിലുള്ളത്. അതേസമയം ലോകത്തെ വികസ്വര വ്യോമയാന വിപണിയായ ഇന്ത്യയില്‍ ആഭ്യന്തര വിമാന കമ്പനികള്‍ ആഴ്ചയില്‍ ഒരു പുതിയ വിമാനം വീതം പുതുതായി എത്തിക്കുന്നുണ്ട്.