എന്തൊരു ഹര്‍ജിയാണിത്? 370-ാം വകുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിക്കുന്നത് നീട്ടി

ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, അബ്ദുല്‍നസീര്‍ എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

എന്തൊരു ഹര്‍ജിയാണിത്? 370-ാം വകുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിക്കുന്നത് നീട്ടി

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടി. ഹര്‍ജികളില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബഞ്ചിന്റെ നടപടി.

ഹര്‍ജി ഫയല്‍ ചെയ്ത അഭിഭാഷകന്‍ എം.എല്‍ ശര്‍മ്മയെ രൂക്ഷമായ ഭാഷയിലാണ് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചത്. 'എന്തു തരത്തിലുള്ള ഹര്‍ജിയാണിത്. എന്താണ് നിങ്ങളുടെ വാദം? ഈ തരത്തില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്യാന്‍ നിങ്ങള്‍ക്കെങ്ങനെ സാധിച്ചു?'- ചീഫ് ജസ്റ്റിസ് ചോദിച്ചു.

മറ്റുള്ള കക്ഷികളുടെ ഹര്‍ജികളെ ബാധിക്കുമെന്ന കാരണത്താല്‍ ശര്‍മ്മയുടെ ഹര്‍ജി തള്ളുന്നില്ലെന്നും കോടതി വ്യക്തമാക്കി. അരമണിക്കൂര്‍ നേരം വായിച്ചിട്ടും ഹര്‍ജി എന്താണെന്ന് തനിക്ക് മനസ്സിലായില്ലെന്ന് ജസ്റ്റിസ് ഗൊഗോയ് പറഞ്ഞു. ഈ വേളയില്‍ ശര്‍മ്മ കോടതിയോട് മാപ്പു പറഞ്ഞ് ഹര്‍ജിയില്‍ ഭേദഗതി വരുത്താന്‍ സമയം ചോദിച്ചു.

370-ാം അനുച്ഛേദനം എടുത്തുകളഞ്ഞതിനെതിരെ ആറ് ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇതില്‍ നാലു ഹര്‍ജിക്കാര്‍ക്കും കോടിതയുടെ ശകാരം കേട്ടു.

കശ്മീരിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുന:സ്ഥാപിക്കണമെന്നും മാധ്യമങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കശ്മീര്‍ ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ അനുരാധ ബാസിന്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി നീട്ടിവച്ചു. കശ്മീരിലെ വിഷയങ്ങളില്‍ തത്കാലം കോടതി ഇടപെടരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു.

എ.ജിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വാര്‍ത്താവിനിമ സംവിധാനങ്ങള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാരിന് സമയം നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. വെള്ളിയാഴ്ച വൈകീട്ടോടെ ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍ പുനസ്ഥാപിക്കുമെന്നാണ് ലഭിച്ച വിവരമെന്നും സുപ്രീംകോടതി പറഞ്ഞു.

സൈനിക തീരുമാനവുമായി കൂടി ബന്ധപ്പെട്ട വിഷയമായതു കൊണ്ട് എല്ലാ ഹര്‍ജികളും തള്ളണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, അബ്ദുല്‍നസീര്‍ എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

Read More >>