ജോളി മൂന്നാം വിവാഹത്തിന് ശ്രമിച്ചു; ഷാജുവിനേയും കാമുകന്റെ ഭാര്യയേയും വകവരുത്താനും ശ്രമം

അദ്ധ്യാപകനായ ഷാജുവിനെ കൊലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിതനിയമനവും ജോളി ലക്ഷ്യമിട്ടിരുന്നു.

ജോളി മൂന്നാം വിവാഹത്തിന് ശ്രമിച്ചു; ഷാജുവിനേയും കാമുകന്റെ ഭാര്യയേയും വകവരുത്താനും ശ്രമം

ആര്‍. രോഷിപാല്‍

വടകര: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും ജോളിയുടെ സുഹൃത്ത് ജോണ്‍സന്റെ ഭാര്യയേയും വധിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സണിനെ വിവാഹം ചെയ്യാനാണ് ഷാജുവിനേയും ജോണ്‍സണിന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചത്.

അദ്ധ്യാപകനായ ഷാജുവിനെ കൊലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിതനിയമനവും ജോളി ലക്ഷ്യമിട്ടിരുന്നു. ആദ്യഭര്‍ത്താവ് റോയി തോമസ് മരിച്ചതിന്റെ രണ്ടാംദിവസം പുരുഷസുഹൃത്തിനൊപ്പം ജോളി കോയമ്പത്തൂരിലെത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ജോണ്‍സണ്‍ ആണെന്നാണ് സൂചന. ഐ.ഐ.എമ്മില്‍ എന്തോ ക്ലാസുണ്ടെന്നു പറഞ്ഞായിരുന്നു ജോളി വീട്ടില്‍നിന്നിറങ്ങിയത്.

ജോളിയും ജോണ്‍സണും കുടുംബാംഗങ്ങളുമൊത്ത് പലവട്ടം സിനിമയ്ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. എന്നാല്‍ ഇതിനിടെ ജോളിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ജോണ്‍സണിന്റെ ഭാര്യ ഇവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. ഇക്കാര്യം ജോണ്‍സണിനോട് പറയുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ആദ്യഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ ശേഷം ജോളി ആദ്യം വിളിച്ചത് പൊലീസ് കസ്റ്റഡിയിലുള്ള എം.എസ് മാത്യുവിനെയാണെന്നും പൊലീസ് പറഞ്ഞു. റോയിയുടെ ഫോണില്‍നിന്നു തന്നെയാണ് മാത്യുവിനെ വിളിച്ചത്. അന്വേഷണ സംഘത്തലവനും റൂറല്‍ എസ്.പിയുമായ കെ.ജി സൈമണ്‍ ഇന്ന് ജോളിയെ വീണ്ടും ചോദ്യം ചെയ്തു.

അതേസമയം തഹസില്‍ദാര്‍ ജയശ്രീയുടെ മകളെ രണ്ടു വയസുള്ളപ്പോള്‍ അപായപ്പെടുത്താന്‍ ജോളി ശ്രമിച്ചതിന് തെളിവ്. കുട്ടിയെ ഛര്‍ദിച്ച് അവശയായ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജയശ്രീയും ഭര്‍ത്താവും സ്ഥലത്തില്ലാത്ത സമയത്തായിരുന്നു സംഭവം. കുട്ടിയെ പരിചരിക്കാന്‍ താന്‍ മാത്രം മതിയെന്നു നിര്‍ബന്ധം പിടിച്ച ജോളി ആശുപത്രിയില്‍ നിന്ന് തന്നെ മടക്കി അയക്കാന്‍ ശ്രമിച്ചെന്നും ഡ്രൈവര്‍ പത്മദാസ് വെളിപ്പെടുത്തി.

Read More >>