കൊറോണ വാര്‍ത്തകള്‍ പുറംലോകത്തെത്തിച്ച ജേര്‍ണലിസ്റ്റിനെ കാണാനില്ല; ചൈനയുടെ തടവില്‍?

കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതില്‍ ചൈനയ്ക്ക് വന്‍ വീഴ്ച പറ്റി എന്ന വിമര്‍ശനം ആഗോള തലത്തില്‍ ശക്തമാകുന്നതിനിടെയാണ് ചെന്നിനെ കാണാതാകുന്നത്

കൊറോണ വാര്‍ത്തകള്‍ പുറംലോകത്തെത്തിച്ച ജേര്‍ണലിസ്റ്റിനെ കാണാനില്ല; ചൈനയുടെ തടവില്‍?

ബീജിങ്: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് വാര്‍ത്തകള്‍ നിരന്തരം പുറംലോകത്തെത്തിച്ച സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് ചെന്‍ ക്വിഷിയെ കാണാനില്ല. വ്യാഴാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. കൂടാതെ, വൈറസിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ നേത്രരോഗ വിദഗദ്ധന്‍ ലി വെന്‍ലിയാങിനെയും കാണാതായിട്ടുണ്ട്.

വ്യാഴാഴ്ച സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ആശുപത്രിയിലെത്തിയ ചെന്നിനെ അന്ന് വൈകിട്ട് മുതല്‍ ഫോണിലും മറ്റും ലഭ്യമല്ല. മകനെ മനഃപൂര്‍വ്വം ഇവിടെ നിന്നു മാറ്റിയതായി അമ്മ ആരോപിച്ചു.

'ഞാന്‍ ചെന്‍ ക്വിഷിയുടെ അമ്മ. ഓണ്‍ലൈനിലുള്ള, വിശേഷിച്ചും വുഹാനിലുള്ള സുഹൃത്തുക്കളെ, ചെന്നിനെ കണ്ടെത്താന്‍ സഹായിക്കൂ. അവന് എന്തു സംഭവിച്ചു എന്നും അറിയണം' - ചെന്നിന്റെ ട്വിറ്റര്‍ പേജില്‍ അമ്മ വീഡിയോയിലൂടെ ആവശ്യപ്പെട്ടു.

കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതില്‍ ചൈനയ്ക്ക് വന്‍ വീഴ്ച പറ്റി എന്ന വിമര്‍ശനം ആഗോള തലത്തില്‍ ശക്തമാകുന്നതിനിടെയാണ് ചെന്നിനെ കാണാതാകുന്നത്. ട്വിറ്ററില്‍ രണ്ടു ലക്ഷവും യൂട്യൂബ് ചാനലില്‍ നാലു ലക്ഷവും ഫോളോവേഴ്‌സുള്ള മാദ്ധ്യമപ്രവര്‍ത്തകനാണ് ചെന്‍ ക്വിഷി. വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചൈനയില്‍ നടക്കുന്ന സംഭവങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം കൊണ്ടുവന്നത്. സാമൂഹിക മാദ്ധ്യമങ്ങളിലും പല വിധേനയുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വുഹാനില്‍ നിന്നുള്ള ചെന്നിന്റെ വീഡിയോകള്‍ ലോകത്തുടനീളം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. മറ്റു മാദ്ധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഭിന്നമായി അടിസ്ഥാന മാസ്‌ക് സംരക്ഷണം മാത്രം നടത്തിയാണ് ചെന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനുവരി 30ന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചെന്‍ വുഹാനിലെ ആശുപത്രിയിലെ അവസ്ഥകള്‍ വിശദീകരിക്കുന്നുണ്ട്.

ആശുപത്രിയില്‍ നിറയെ രോഗികളാണ് എന്നും ഓക്‌സിജന്‍ ശ്വസിക്കാന്‍ നല്‍കി ആശുപത്രി വരാന്തയില്‍ വരെ അവരെ കിടത്തിയതായും വീഡിയോയില്‍ ചെന്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ, വൈറസ് ബാധയെ കുറിച്ച് മുന്നറിയിപ്പു നല്‍കിയ ചൈനീസ് ഡോക്ടര്‍ ലീ വെന്‍ലിയാങ് കൊറോണ ബാധിച്ചു കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മെസേജിങ് ആപ്പായ വീ ചാറ്റില്‍ സഹപാഠികള്‍ അംഗങ്ങളായ ഗ്രൂപ്പിലാണ് ഇദ്ദേഹം തന്റെ ആശങ്കകള്‍ പങ്കുവച്ചിരുന്നത്.

Next Story
Read More >>