' ജസ്റ്റിസ് ലോയ കേസ് ആരും ഏറ്റെടുത്തില്ല '

'പല ഇംഗ്ലീഷ് പത്രങ്ങളുടെയും കോപ്പികള്‍ ഓരോ വര്‍ഷവും ഗണ്യമായ തോതില്‍ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതു തുറന്നുപറയാന്‍ ആരും തയ്യാറായല്ല. തുറന്നു പറഞ്ഞാല്‍ പരസ്യം നഷ്ടപ്പെടും. ഇപ്പോള്‍ തന്നെ പരസ്യങ്ങള്‍ വലിയ അളവില്‍ ഇന്റര്‍നെറ്റിലേക്കു വഴിമാറിയിരിക്കുന്നു. ഡല്‍ഹിയില്‍ ഞാന്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയുടെ വരിക്കാരായി 20, 25 പേരാണുള്ളത്. കഴിഞ്ഞ വര്‍ഷം 35ഓളം പേരുണ്ടായിരുന്നു. അതിനു മുന്നത്തെ വര്‍ഷം 40നും മുകളിലായിരുന്നു. ഈ രഹസ്യം ഇന്നോ നാളെയോ പൊട്ടിത്തെറിക്കും. ' - കാരവന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ്

 ജസ്റ്റിസ് ലോയ കേസ് ആരും ഏറ്റെടുത്തില്ല വിനോദ് കെ ജോസ്

വര്‍ത്തമാനം / വിനോദ് കെ ജോസ്

സമീപ കാലത്തെ ഏറ്റവും വലിയ മാദ്ധ്യമ സ്‌കൂപ്പ് ആയിരുന്നു ജസ്റ്റിസ് ലോയ കേസുമായി ബന്ധപ്പെട്ട 'ദ് കാരവന്‍' മാഗസിന്‍ പുറത്തുവിട്ട അന്വേഷണാത്മക വാര്‍ത്തകള്‍. സമ്മര്‍ദ്ദങ്ങളെയും ഭീഷണികളെയും തെല്ലും കൂസാതെയാണ് കാരവന്റെ മാദ്ധ്യമ പ്രവര്‍ത്തന ശൈലി. കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ കാരവന്റെ മലയാളിയായ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ് ഒരു സ്വകാര്യ കൂട്ടായ്മയില്‍ നടത്തിയ സംവാദത്തിലും വ്യക്തമാക്കിയത് കാരവന്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ല എന്നു തന്നെയാണ്. ബദല്‍ മാദ്ധ്യമങ്ങളുടെ പ്രസക്തിയെക്കുറിച്ച് നടത്തിയ സംവാദത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

കച്ചവട താല്പര്യം മുറുകെ പിടിക്കുന്ന മാദ്ധ്യമങ്ങള്‍ക്ക് പരിമിതികളുണ്ടാകും

യഥാര്‍ത്ഥത്തില്‍ ബദല്‍ മാദ്ധ്യമങ്ങളാണ് ഇവിടെ മാദ്ധ്യമ അജണ്ട തീരുമാനിക്കുന്നത്. കാരണം ബദല്‍ മാദ്ധ്യമങ്ങള്‍ക്ക് കച്ചവട താല്പര്യങ്ങളുടെ പിറകെ പോകേണ്ട ആവശ്യമില്ല. അവ സാമ്പത്തിക ലാഭം ഉദ്ദേശിച്ചല്ലല്ലോ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന യഥാര്‍ത്ഥ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതെല്ലാം ബദല്‍ മാദ്ധ്യമങ്ങായിരിക്കും. പലപ്പോഴും മുഖ്യധാരാ മാദ്ധ്യമങ്ങള്‍ക്ക് ഈ വിഷയങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ശരിക്കും മുഖ്യധാരാ എന്നു പറയുന്നത് ജനങ്ങളല്ലേ. സാമൂഹികമാദ്ധ്യമങ്ങളുടെ വരവോടു കൂടി ഉണ്ടായ ഒരു മാറ്റം യഥാര്‍ത്ഥ വിഷയങ്ങളെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയാതായി എന്നതാണ്. കാരവന്‍ മാഗസിന്‍ 10 വര്‍ഷമായി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടു പോകുന്നു. വലിയ സമ്മര്‍ദ്ദം നേരിടുന്നുണ്ടെങ്കിലും വിട്ടുവീഴ്ച്ചയ്ക്കു ഞങ്ങള്‍ തയ്യാറല്ല.

മുഖ്യധാരാ മാദ്ധ്യമങ്ങള്‍ക്കകത്തു നിന്നുകൊണ്ടും ഇടപെടലുകള്‍ നടത്താം

പത്രപ്രവര്‍ത്തനം പഠിച്ചിറങ്ങുന്ന കുട്ടികള്‍ പലപ്പോഴും ഉന്നയിക്കുന്ന ചോദ്യമാണ് എങ്ങനെ ടൈംസ് ഓഫ് ഇന്ത്യയും ദ് ഹിന്ദുവും മനോരമയും പോലുള്ള കച്ചവട പത്രങ്ങളില്‍ ജോലി ചെയ്യും എന്നത്. എന്നാല്‍ ഒരു തൊഴിലിടം എന്ന നിലയില്‍ മുഖ്യധാരാ മാദ്ധ്യമങ്ങളെ സമീപിക്കുവാന്‍ സാമൂഹിക പ്രതിബദ്ധതയുള്ള മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു കഴിയണം. ഈ സ്ഥാപനങ്ങള്‍ക്കകത്തു നിന്നു കൊണ്ടു തന്നെ നമുക്ക് പലതും ചെയ്യാന്‍ കഴിയും. ഉദാഹരണത്തിന് ആര്‍.എസ്.എസ് ചെയ്യുന്നത് നോക്കൂ. സുപ്രിം കോടതിയില്‍ മൊത്തം 28 ജഡ്ജിമാരുണ്ടെങ്കില്‍ അതില്‍ നാലോ അഞ്ചോ പേര്‍ ആര്‍.എസ്.എസ് സംഘടനയായ അദിവക്ത പരിഷത്തില്‍ നിന്നുള്ളവരായിരിക്കും. കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളില്‍ സഹകരിക്കില്ല എന്നു പറഞ്ഞു നാം മാറി നിന്നാല്‍ ആ ഇടവും നമുക്ക് നഷ്ടമാകുകയായിരിക്കും ഫലം. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ ജോലിക്ക് കയറുമ്പോള്‍ തൊഴില്‍ സ്ഥിരതയൊന്നും നാം ആഗ്രഹിക്കരുത്.

ജസ്റ്റിസ് ലോയ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വാര്‍ത്ത ഏറ്റെടുക്കാന്‍ ആരും ഉണ്ടായില്ല

എല്ലാ സമയത്തും മുഖ്യധാരാ മാദ്ധ്യമങ്ങള്‍ നാം ഉയര്‍ത്തിക്കൊണ്ടു വരുന്ന വിഷയങ്ങള്‍ എറ്റെടുത്തു കൊള്ളണമെന്നില്ല. ഉദാഹരണത്തിന് കാരവന്‍ പുറത്തുവിട്ട ജസ്റ്റിസ് ലോയ കേസുമായി ബന്ധപ്പെട്ട വാര്‍ത്ത നോക്കൂ. ഒരു കേസിന് അനുകൂല വിധി പ്രഖ്യാപിക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് 100 കോടി രൂപ വാഗ്ദാനം ലഭിച്ചു എന്നതായിരുന്നു വാര്‍ത്ത. ഈ വാര്‍ത്ത പുറത്തു വന്നാല്‍ വാഗ്ദാനം ലഭിച്ചുവെന്നത് അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര നിഷേധിക്കുമെന്നും കോടതിയലക്ഷ്യത്തിനു ഞങ്ങള്‍ക്കു നേരെ കേസ് വരുമെന്നും പലരും ഉപദേശിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസിന്റെ പേരോടു കൂടി ഇത്രയും വലിയ കോഴ വാഗ്ദാന വാര്‍ത്ത വരുന്നത്. 2000 കോടി രൂപയുടെ പിഴ മാസികയ്ക്കു മേല്‍ ചുമത്തുമെന്നും മാസിക അടക്കേണ്ടി വരുമെന്നുമെല്ലാം പറഞ്ഞ് പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടു. മറ്റു മുഖ്യധാരാ മാദ്ധ്യമങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുക്കുമെന്നായിരുന്നു ഞങ്ങള്‍ പ്രതീക്ഷിച്ചത്. ആദ്യത്തെ മൂന്നു ദിവസം ഡല്‍ഹിയിലെ മാദ്ധ്യമങ്ങളുടെ ഭാഗത്തു നിന്നും ഈ വിഷയത്തില്‍ കനത്ത മൗനമായിരുന്നു ഞങ്ങള്‍ കണ്ടത്. അന്നു ഞങ്ങളെ രക്ഷിച്ചത് സാമൂഹികമാദ്ധ്യമങ്ങളാണ്. സാമൂഹികമാദ്ധ്യമങ്ങള്‍ വഴിയാണ് വിഷയം ജനങ്ങളിലേക്കെത്തുകയും ചര്‍ച്ചയാകുകയും ചെയ്യുന്നത്. 42 ദിവസത്തിനു ശേഷമാണ് കോണ്‍ഗ്രസ് പാര്‍ട്ടി വരെ സംഭവത്തില്‍ പത്രസമ്മേളനം നടത്തിയത്. യഥാര്‍ത്ഥത്തില്‍ മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള ദ് വീക്ക് മാസികയില്‍ വരേണ്ട വാര്‍ത്തയായിരുന്നു ഇത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത നിരഞ്ജന്‍ താക്ലെ എട്ടു വര്‍ഷം വീക്കിലെ റിപ്പോര്‍ട്ടറായിരുന്നു. എന്നാല്‍ അവിടെ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതിനാല്‍ നിരഞ്ജന്‍ താക്ലെ കാരവനിലേക്ക് വരികയായിരുന്നു. വാര്‍ത്ത പുറത്തുവിട്ടപ്പോള്‍ പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങളുമുണ്ടായിരുന്നു. മണിക്കൂറുകളോളം എന്റെ ഫോണും വീട്ടിലെ ഇന്റര്‍നെറ്റുമെല്ലാം ബ്ലോക്ക് ചെയ്തിരുന്നു.

സാമൂഹികമാദ്ധ്യമങ്ങളും സെന്‍സര്‍ഷിപ്പ് നടത്തുന്നുണ്ട്

സാമൂഹികമാദ്ധ്യമങ്ങളെ വാര്‍ത്തകളുടെ പ്രചാരണത്തിനു വേണ്ടി നമുക്ക് ഉപയോഗിക്കാമെങ്കിലും ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാദ്ധ്യമങ്ങളും സെന്‍സര്‍ഷിപ്പ് നടത്തുന്നുണ്ട്. കാരവന്‍ മാഗസിന് തന്നെ ഫെയ്‌സ്ബുക്കുമായി ചില പ്രശ്‌നങ്ങളുണ്ട്. ഞങ്ങളുടെ പോസ്റ്റുകള്‍ ഫെയ്‌സ്ബുക്ക് തഴഞ്ഞു കൊണ്ടിരിക്കുകയാണ്. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് സമയത്ത് മംഗളുരു ആസ്ഥാനമായുള്ള രണ്ടു പ്രമുഖ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ നിര്‍ജ്ജീവമാക്കപ്പെട്ടിരുന്നു. കേരളത്തിലായിരുന്നു ഇതു സംഭവിച്ചിരുന്നതെങ്കില്‍ വലിയ ഒച്ചപ്പാടുണ്ടാകുമായിരുന്നു. കര്‍ണ്ണാടകയിലെ സംഭവം പലരും അറിയുന്നതു തന്നെ തെരഞ്ഞെടുപ്പ് കഴിഞ്ഞായിരുന്നു. എന്നാല്‍ ഫെയ്‌സ്ബുക്കിലുള്ള ഈ സെന്‍സറിങ് വാട്‌സാപ്പില്‍ സാദ്ധ്യമല്ല. സെന്‍സര്‍ഷിപ്പ് കൊണ്ടുവരാന്‍ പാടില്ല എന്ന നിബന്ധനയോടു കൂടിയാണ് വാട്‌സാപ്പ് ആദ്യം നടത്തിയിരുന്ന കമ്പനി അതിനെ ഫെയ്‌സ്ബുക്കിനു കൈമാറിയത്.

ഇലക്ട്രോണിക് മീഡിയയില്‍ വാര്‍ത്തകള്‍ നിര്‍മ്മിക്കുവാനും ജനങ്ങളിലേക്കെത്തിക്കുവാനും താരതമ്യേന ചെലവ് വളരെ കുറവാണ്. ആളുകള്‍ നിലവാരം കുറഞ്ഞ വീഡിയോകള്‍ കാണാനായി എത്രയോ മണിക്കൂറുകള്‍ വാട്‌സാപ്പില്‍ ചെലവഴിക്കുന്നു. കിട്ടിയ വീഡിയോകളെല്ലാം കാണുക എന്നതാണ് നമ്മുടെ ശീലം. നിലവാരമുള്ള വീഡിയോകള്‍ ഈ ഒരു ഇടത്തിലേക്ക് നല്‍കാന്‍ നമുക്ക് കഴിഞ്ഞാല്‍ തീര്‍ച്ചയായും അത് കാണുവാന്‍ ആളുകളുണ്ടാകും. അതേസമയം ട്വിറ്റര്‍ പോലുള്ള സാമൂഹ്യമാദ്ധ്യമങ്ങളെ ഉപയോഗിക്കാന്‍ നമുക്ക് വ്യത്യസ്തമായ രീതികള്‍ വേണം. ട്വിറ്റര്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം പേരും മദ്ധ്യവര്‍ഗ്ഗമായതിനാല്‍ അവര്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. എന്നാല്‍ ട്വിറ്ററില്‍ തന്നെ കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ആളുകളെ കൊണ്ട് നാം ഉയര്‍ത്തിക്കൊണ്ടു വരുന്ന വിഷയങ്ങള്‍ ഏറ്റെടുപ്പിക്കാന്‍ കഴിഞ്ഞാല്‍ ആ വാര്‍ത്തകള്‍ ശ്രദ്ധിക്കുവാന്‍ ഈ മദ്ധ്യവര്‍ഗ്ഗം തയ്യാറാകും. എന്തായാലും കഴിഞ്ഞ ഒരു 45 കൊല്ലമായി അവഗണിക്കാന്‍ കഴിയാത്ത ഒരു ഇടമായി സാമൂഹികമാദ്ധ്യമങ്ങള്‍ മാറിയിരിക്കുന്നു.

മോദിയുടെ സോഷ്യല്‍ മീഡിയ വിഭാഗം കൈകാര്യം ചെയ്യുന്നത് 24 വയസ്സിനു താഴെയുള്ള രണ്ടു പേര്‍

സാമൂഹികമാദ്ധ്യമങ്ങളില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ അനുയായികളുള്ള എല്ലാ ബി.ജെ.പി എം.പിമാരുടെയും ഒരു യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ വിളിച്ചു ചേര്‍ത്തിരുന്നു. മോദിയുടെ സാമൂഹികമാദ്ധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന 24 വയസ്സിനു താഴെയുള്ള രണ്ടു പേരായിരുന്നു യോഗം നിയന്ത്രിച്ചിരുന്നത്. 50ഓളം എം.പിമാര്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നു.

മോദിയും ഉണ്ടായിരുന്നു. ഈ എം.പിമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം പരമാവധി വ്യാജവാര്‍ത്തകള്‍ പടച്ചുവിടുക എന്നതായിരുന്നു. അതിനു വേണ്ടി എന്തു നുണയും പടച്ചുവിടാനും കൃത്രിമമായ വീഡിയോകള്‍ സൃഷ്ടിക്കുവാനും ഇവ്ര ആവശ്യപ്പെടുന്നു. സത്യവും നുണയുമൊന്നും പ്രശ്‌നമല്ല. സാമുദായിക വികാരം കത്തിക്കാന്‍ കഴിയണം.

ബൂത്തു തലത്തില്‍ തന്നെ പരമാവധി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി ഈ സന്ദേശങ്ങള്‍ പ്രചരിപ്പിക്കണം. ഇതിനു വേണ്ടി ബൂത്ത് അടിസ്ഥാനത്തില്‍ ഓരോ സ്മാര്‍ട്ട് ഫോണും നല്‍കുന്നുണ്ട്. ഇതിലൂടെ പരമാവധി നുണകള്‍ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കണം.

വ്യാജവാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം

സാമൂഹികമാദ്ധ്യമങ്ങളുടെ വരവോടു കൂടി വ്യാജവാര്‍ത്തകള്‍ എളുപ്പത്തില്‍ പ്രചരിക്കപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളുമാണ്. ഇവര്‍ക്ക് വസ്തുനിഷ്ഠമായ വാര്‍ത്തകളെക്കുറിച്ച് കൃത്യമായ ബോദ്ധ്യമില്ലാത്തതു കൊണ്ട് വാര്‍ത്തകളുടെ രൂപത്തില്‍ വരുന്ന എല്ലാത്തിനേയും സ്വീകരിക്കുകയാണ് ചെയ്യുന്നത്.

ഇവര്‍ തന്നെ ഈ വാര്‍ത്തകള്‍ക്ക് പ്രചാരം നല്‍കുകയും ചെയ്യുന്നു. വ്യാജവാര്‍ത്തകളെ പ്രതിരോധിക്കാന്‍ നമ്മള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു. പൊതുസമൂഹം ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഒരു വാര്‍ത്ത വസ്തുനിഷ്ഠമാണോ വ്യാജമാണോ എന്നു തിരിച്ചറിയാന്‍ കഴിയുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയണം. ഇതിനു വേണമെങ്കില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്കരണം നടത്താവുന്നതാണ്.

ഇംഗ്ലീഷ് പത്രങ്ങളുടെ കോപ്പികള്‍ ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നു

പല ഇംഗ്ലീഷ് പത്രങ്ങളുടെയും കോപ്പികള്‍ ഓരോ വര്‍ഷവും ഗണ്യമായ തോതില്‍ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതു തുറന്നുപറയാന്‍ ആരും തയ്യാറായല്ല. തുറന്നു പറഞ്ഞാല്‍ പരസ്യം നഷ്ടപ്പെടും. ഇപ്പോള്‍ തന്നെ പരസ്യങ്ങള്‍ വലിയ അളവില്‍ ഇന്റര്‍നെറ്റിലേക്കു വഴിമാറിയിരിക്കുന്നു. ഡല്‍ഹിയില്‍ ഞാന്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയുടെ വരിക്കാരായി 20, 25 പേരാണുള്ളത്. കഴിഞ്ഞ വര്‍ഷം 35 ഓളം പേരുണ്ടായിരുന്നു. അതിനു മുന്നത്തെ വര്‍ഷം 40 ,നും മുകളിലായിരുന്നു. ഈ രഹസ്യം ഇന്നോ നാളെയോ പൊട്ടിത്തെറിക്കും.

നമുക്ക് പുതുതായി ഒന്നും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല

ഇലക്ട്രോണിക് മാദ്ധ്യമങ്ങളുടെ ഒരു പ്രത്യേകത അതിനു കുറഞ്ഞ മനുഷ്യവിഭവ ശേഷി മതി എന്നതാണ്. ഏറ്റവും കൂടുതല്‍ ഉള്ളടക്കം നിര്‍മ്മിക്കപ്പെടുന്ന ഏറ്റവും കുറഞ്ഞ എണ്ണം തൊഴിലാളികളുള്ള സ്ഥാപനം വിക്കീപീഡിയയാണ്. അവിടെ ആകെയുള്ളത് ഒരൊറ്റ തൊഴിലാളിയാണ്. ബാക്കി എല്ലാം പണികളും ഉപയോക്താക്കള്‍ തന്നെയാണ് ചെയ്യുന്നത്. ആ വ്യാപാര മാതൃക നമുക്ക് പിന്തുടരാന്‍ കഴിയുമോ? ഇത്തരത്തിലുള്ള പുത്തന്‍ മാതൃകകള്‍ എന്തുകൊണ്ട് നമുക്ക് കൊണ്ടുവരാന്‍ കഴിയുന്നില്ല. ഇവിടെ ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള പ്രസ്ഥാനങ്ങള്‍ ഉണ്ടായിട്ടും പുതുതായി ഒന്നും കൊണ്ടുവരാന്‍ കഴിയുന്നില്ല എന്നതു ഖേദകരമാണ്. കൊതുകിനെ കൊല്ലുന്ന ഒരു ചെറിയ യന്ത്രം പോലും നമുക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. നമ്മള്‍ മലയാളികള്‍ ആശയലോകത്ത് വ്യാപരിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുന്നവരാണ്. നമുക്ക് ചിന്തകളെയും ആശയങ്ങളെയും പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ല.


തയ്യാറാക്കിയത്:

മുഹമ്മദ് ഇര്‍ഷാദ്

Read More >>