കോണ്‍ഗ്രസുകാരനായി മരിച്ച അച്ഛന്റെ പാതയല്ല, ബി.ജെ.പിയിലേക്ക് പോയ മുത്തശ്ശിയുടെ വഴി സ്വീകരിച്ച് സിന്ധ്യ; നിലയില്ലാ കയത്തില്‍ കോണ്‍ഗ്രസ്

ഒടുവില്‍ മുത്തശ്ശിയുടെ വഴി തെരഞ്ഞെടുത്തിരിക്കുന്നു ജ്യോതിരാദിത്യ. കോണ്‍ഗ്രസില്‍ നിന്ന് രാഷ്ട്രീയം ആരംഭിക്കുകയും പിന്നീട് ബി.ജെ.പിയിലേക്ക് ചേക്കേറുകയും ചെയ്ത വിജയരാജയുടെ അതേ വഴി.

കോണ്‍ഗ്രസുകാരനായി മരിച്ച അച്ഛന്റെ പാതയല്ല, ബി.ജെ.പിയിലേക്ക് പോയ മുത്തശ്ശിയുടെ വഴി സ്വീകരിച്ച് സിന്ധ്യ; നിലയില്ലാ കയത്തില്‍ കോണ്‍ഗ്രസ്

ഭോപ്പാല്‍: സിന്ധ്യ കുടുംബം മുഴുവന്‍ ബി.ജെ.പിയില്‍ എത്തണമെന്ന മുത്തശ്ശി വിജയരാജ സിന്ധ്യയുടെ സ്വപ്നം ജ്യോതിരാദിത്യ പൂവണിയിക്കുമോ? - ഇന്നലെ രാത്രി മുതല്‍ ദേശീയ രാഷ്ട്രീയത്തില്‍ മുഴങ്ങി നിന്ന ഈ ചോദ്യത്തിന് ഇന്ന് ഉച്ചയ്ക്കു മുമ്പു തന്നെ തീര്‍പ്പായി. കോണ്‍ഗ്രസ് നേതാവായി മരിച്ച അച്ഛന്‍ മാധവറാവു സിന്ധ്യയുടെ പാത വെടിഞ്ഞ്, ഒടുവില്‍ മുത്തശ്ശിയുടെ വഴി തെരഞ്ഞെടുത്തിരിക്കുന്നു ജ്യോതിരാദിത്യ. കോണ്‍ഗ്രസില്‍ നിന്ന് രാഷ്ട്രീയം ആരംഭിക്കുകയും പിന്നീട് ബി.ജെ.പിയിലേക്ക് ചേക്കേറുകയും ചെയ്ത വിജയരാജയുടെ അതേ വഴി.

>സിന്ധ്യാ കുടുംബവും ബി.ജെ.പിയും

സ്വാതന്ത്ര്യത്തിന് മുമ്പ് ഗ്വാളിയോര്‍ ഭരിച്ചിരുന്ന സിന്ധ്യ കുടുംബത്തിലെ, വിജയരാജ സിന്ധ്യയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ആദ്യമായി ചുവടെടുത്തു വച്ചത്. 1957ലെ ഗുണ ലോക്സഭാ സീറ്റില്‍ നിന്ന് ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചു. എന്നാല്‍ 1967ല്‍ ഇവര്‍ കോണ്‍ഗ്രസ് വിട്ട് ജനസംഘിലെത്തി. ഗ്വാളിയോര്‍ മേഖലയില്‍ ജനസംഘിനും പിന്നീടുണ്ടായ ബി.ജെ.പിക്കും നിലമൊരുക്കിക്കൊടുത്തത് വിജയരാജ സിന്ധ്യയുടെ വ്യക്തിപ്രഭാവമായിരുന്നു. 1971ലെ തെരഞ്ഞെടുപ്പില്‍ വിജയരാജ ഭിന്ദില്‍ നിന്നും അടല്‍ ബിഹാരി വാജ്പേയി ഗ്വാളിയോറില്‍ നിന്നും വിജയരാജയുടെ മകന്‍ മാധവറാവു ഗുണയില്‍ നിന്നും ജനസംഘത്തിന്റെ ബാനറില്‍ ലോക്സഭയിലെത്തി. 26-ാം വയസ്സിലായിരുന്നു ജ്യോതിരാദിത്യയുടെ അച്ഛനായ മാധവറാവുവിന്റെ വിജയം.

>കോണ്‍ഗ്രസിന് ഒപ്പം നിന്ന മാധവറാവു

അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ല്‍ മാധവറാവു സിന്ധ്യ ജനസംഘവുമായും അമ്മയുമായും രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ചു. 1980ലെ തെരഞ്ഞെടുപ്പില്‍ ഗുണയില്‍ നിന്ന് കോണ്‍ഗ്രസ് പിന്തുണയോടെ മാധവറാവു വീണ്ടും ലോക്സഭയിലെത്തി. കോണ്‍ഗ്രസ് സര്‍ക്കാറില്‍ മന്ത്രിയായി. അച്ഛന്റെ വഴിയാണ് മകന്‍ ജ്യോതിരാദിത്യയും തെരഞ്ഞെടുത്തത്. അതേസമയം, വിജയരാജയുടെ പെണ്‍മക്കളായ വസുന്ധര രാജെയും യശോധര രാജെയും അമ്മയുടെ വഴിയാണ് സ്വീകരിച്ചത്. 1984ല്‍ വസുന്ധര രാജെ ബി.ജെ.പിയുടെ ദേശീയ നിര്‍വാഹക സമിതിയിലെത്തി. ധോല്‍പൂരില്‍ നിന്ന് രാജസ്ഥാന്‍ നിയമസഭയിലുമെത്തി. വസുന്ധരയുടെ മകന്‍ ദുഷ്യന്ത് രാജസ്ഥാനിലെ ഝലാവര്‍ മണ്‍ലത്തില്‍ നിന്ന് ബി.ജെ.പി എം.പിയായി.

യശോധര 1977ല്‍ യു.എസിലേക്ക് പോയി. സിദ്ധാര്‍ത്ഥ് ബന്‍സാലി എന്ന കാര്‍ഡിയോളജിസ്റ്റിനെ വിവാഹം കഴിച്ചു. അവര്‍ക്ക് മൂന്നു മക്കളുണ്ട്. ആരും രാഷ്ട്രീയത്തിലില്ല. 1994ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ യശോധര 98ല്‍ മദ്ധ്യപ്രദേശ് നിയമസഭയിലേക്ക് മത്സരിച്ചു. അഞ്ചു തവണ എം.എല്‍.എ ആയ അവര്‍ ശിവരാജ് സിങ് സര്‍ക്കാറില്‍ മന്ത്രിയായിരുന്നു.

അതിനിടെ, 1996ല്‍ അര്‍ജുന്‍ സിങുമായി ചേര്‍ന്ന് മാധവറാവു കോണ്‍ഗ്രസ് വിട്ട് യുണൈറ്റഡ് ഫ്രണ്ടിന്റെ ഭാഗമായിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ തിരികെ എത്തുകയായിരുന്നു.

>അച്ഛന്റെ വഴിയുപേക്ഷിച്ച് സിന്ധ്യ

2001ല്‍ അച്ഛന്‍ മാധവറാവു സിന്ധ്യ വിമാനാപകടത്തില്‍ മരിച്ച ശേഷം ഗുണ ലോക്സഭാ സീറ്റില്‍ മത്സരിച്ചത് ജ്യോതിരാദിത്യയാണ്. 2002ലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം നാലര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അടുത്ത മൂന്നു ലോക്സഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം ഇതേ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. 2012-14 കാലയളവില്‍ മന്‍മോഹന്‍സിങ് സര്‍ക്കാറില്‍ ഊര്‍ജ്ജ മന്ത്രിയായി.

എന്നാല്‍ അപ്രതീക്ഷിതമായി 2019ലെ തെരഞ്ഞെടുപ്പില്‍ ജ്യോതിരാദിത്യ ഇവിടെ തോറ്റു. ഏറെക്കാലമായുള്ള സഹായി കൃഷ്ണപാല്‍ സിങിനോടായിരുന്നു തോല്‍വി. സംസ്ഥാനത്തെ മുഖ്യമന്ത്രി പദത്തിലേക്ക് കമല്‍നാഥുമായുള്ള പോരാട്ടത്തില്‍ ഇതോടെ തിരിച്ചടിയേറ്റു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടും മുഖ്യമന്ത്രി പദത്തിലേക്ക് 23 എം.എല്‍.എമാരുടെ പിന്തുണ മാത്രമാണ് സിന്ധ്യയ്ക്ക് കിട്ടിയത്. ഇതോടെ അന്നത്തെ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി കമല്‍നാഥിലെ പരിചയസമ്പത്തിനെ വിശ്വസിച്ചു. സിന്ധ്യയ്ക്ക് ഇനിയും സമയമുണ്ട് എന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ വിശദീകരണം. സിന്ധ്യ ഗ്രൂപ്പിലെ ആറു പേര്‍ക്ക് മന്ത്രി സ്ഥാനം നല്‍കി എങ്കിലും ജ്യോതിരാദിത്യ പാര്‍ട്ടിയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു.

2019 ജനുവരിയില്‍ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗാഹനുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് യുവ നേതാവ് കോണ്‍ഗ്രസ് വിടുന്ന എന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. 2019 സെപ്തംബറില്‍ കോണ്‍ഗ്രസ് വിടുമെന്ന റിപ്പോര്‍ട്ടുകളോട് അത് നിക്ഷിപ്ത താത്പര്യക്കാരുടെ പ്രചാരണമാണ് എന്നായിരുന്നു സിന്ധ്യയുടെ മറുപടി. നവംബറില്‍ തന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ പദവി റഫറന്‍സുകളും ജ്യോതിരാദിത്യ ഡിലീറ്റ് ചെയ്തു. പൊതുസേവകനും ക്രിക്കറ്റ് തത്പരനും എന്നായിരുന്നു പിന്നീടുള്ള പ്രൊഫൈല്‍.

മാര്‍ച്ച് ഒമ്പതിന് 17 എം.എല്‍.എമാര്‍ സംസ്ഥാനത്തു നിന്ന് അജ്ഞാത കേന്ദ്രത്തിലേക്കു മാറിയ വേളയിലും ആ പ്രൊഫൈല്‍ അങ്ങനെ തന്നെയായിരുന്നു. ആ പ്രൊഫൈലിനാണ് ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റത്തോടെ മാറ്റമുണ്ടാകുന്നത്.

> ഉഴറുന്നത് കോണ്‍ഗ്രസ്

സിന്ധ്യ രാജിവയ്ക്കുമ്പോള്‍ ഉഴറുന്നത് കോണ്‍ഗ്രസാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ രാഹുല്‍ രാജിവച്ച ശേഷം പാര്‍ട്ടിക്ക് നാഥനില്ല. കമാന്‍ഡറില്ലാത്ത പട്ടാളം പോലെയാണ് ഇപ്പോള്‍ പാര്‍ട്ടി. അതിന്റെ മുറിവില്‍ ഉപ്പു തേക്കുന്നതിന് തുല്യമാണ് സിന്ധ്യയുടെ രാജിയും. പാര്‍ട്ടിയില്‍ യുവാക്കള്‍ നേരിടുന്ന പ്രതിന്ധിയുടെ ആഴം ഈ യുവനേതാവിന്റെ രാജിയിലുണ്ട്.

'കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ പാര്‍ട്ടി വിടുന്ന കാര്യം ചിന്തിച്ചുക്കൊണ്ടിരിക്കുയായിരുന്നു. എന്റെ ലക്ഷ്യവും ബോധ്യവും മുന്‍പുള്ളത് പോലെ തന്നെ തുടരും. സംസ്ഥാനത്തേയും രാജ്യത്തേയും ജനങ്ങളെ സേവിക്കും. ഈ പാര്‍ട്ടിക്കുള്ളില്‍ നിന്നു ക്കൊണ്ട് ഇനി എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല' - സിന്ധ്യയുടെ രാജിക്കത്തിലെ ഈ വാക്കുകള്‍ക്ക് അതു കൊണ്ടു പ്രസക്തിയുണ്ട്.

Next Story
Read More >>