കാര്‍ഗില്‍ യുദ്ധവിജയത്തിന് രണ്ട് പതിറ്റാണ്ട്: ക്യാപ്റ്റൻ വിക്രമിന്റെ ഓർമ്മകൾക്കും അവഗണന

കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട കോഴിക്കോട് ജില്ലയിലെ ഏക സൈനികനായിട്ടും സ്മാരകം നിർമ്മിക്കാത്തതിൽ ദു:ഖിതരാണ് വിക്രമിന്റെ കുടുംബം

കാര്‍ഗില്‍ യുദ്ധവിജയത്തിന് രണ്ട് പതിറ്റാണ്ട്: ക്യാപ്റ്റൻ വിക്രമിന്റെ ഓർമ്മകൾക്കും അവഗണന

കോഴിക്കോട്: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച പന്നിയങ്കര സ്വദേശി ക്യാപ്റ്റൻ പി.വി വിക്രമിന്റെ ഓര്‍മ്മകൾക്കും അവഗണന. വീരമൃത്യു വരിച്ച് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ക്യാപ്റ്റൻ വിക്രമിന് നഗരത്തിൽ സ്മാരകം ഉയർന്നിട്ടില്ല.

1999 ജൂൺ 2 നാണ് കാർഗിലിലെ കക്‌സറിൽ ശത്രു സൈന്യത്തിന്റെ വെടിയുണ്ടകൾ വിക്രമിന്റെ ജീവനെടുത്തത്. ക്യാപ്റ്റൻ വിക്രമിന്റെ നാമധേയത്തിൽ അറിയപ്പെടുന്ന വെസ്റ്റ്ഹിൽ ആർമി മൈതാനവും പന്നിയങ്കര - തിരുവണ്ണൂർ റോഡും മാത്രമാണ് ഈ ധീര ജവാന്റെ ഓർമകൾ നിലനിർത്തുന്നത്. കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട കോഴിക്കോട് ജില്ലയിലെ ഏക സൈനികനായിട്ടും സ്മാരകം നിർമ്മിക്കാത്തതിൽ ദു:ഖിതരാണ് വിക്രമിന്റെ കുടുംബം.

സ്മാരകം നിർമ്മിക്കണമെന്ന ആവശ്യവുമായി പിതാവ് ലഫ്റ്റനന്റ് കേണൽ പി.കെ.പി.വി പണിക്കരും വിക്രമിന്റെ സുഹൃത്തുക്കളും മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ കോഴിക്കോട് ടൗൺഹാളിൽ ഒരു ഫോട്ടോ സ്ഥാപിക്കണമെന്ന് കോർപ്പറേഷൻ മേയറോട് അഭ്യർത്ഥിച്ചെങ്കിലും അതും നടന്നിട്ടില്ല.

പൊതുസ്ഥലങ്ങളിൽ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളും പ്രതിമകളും വ്യാപകമാകുമ്പോഴും വീരമൃത്യുവരിച്ച സൈനികന്റെ ഓർമ നിലനിർത്താൻ ഒരു അർദ്ധകായ പ്രതിമ സ്ഥാപിക്കാൻ പോലും തയ്യാറാകാത്തതിന്റെ കാരണം വ്യക്തമല്ല. അതേസമയം പലതവണ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും സമീപിച്ചിട്ടും നടക്കാതായതോടെ മകന് ജന്മനാട്ടിൽ സ്മാരകം ഉയർത്തണമെന്ന ആഗ്രഹം ഉപേക്ഷിച്ചിരിക്കുകയാണ് ഈ വിമുക്ത ഭടൻ. സ്വന്തമായി ക്യാപ്റ്റൻ വിക്രം സ്മാരക ട്രസ്റ്റ് രൂപീകരിച്ച് സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് പി.കെ.പി.വി പണിക്കർ.

യാദൃശ്ചികമായി പിതാവ് സേവനമനുഷ്ഠിച്ച മദ്ധ്യപ്രദേശിലെ 141 ഫീൽഡ് റെജ്‌മെന്റിൽ തന്നെ വിക്രമിനും നിയമനം ലഭിച്ചു. പക്ഷെ നാല് വർഷം പൂർത്തിയാക്കുന്നതിന്് മുമ്പ് തന്നെ വിക്രം യുദ്ധഭൂമിയിൽ കൊല്ലപ്പെടുകയായിരുന്നു. നാല് തീവ്രവാദികളെ കൊലപ്പെടുത്തി മുന്നേറുന്നതിനിടയിലാണ് കാർഗിൽ മലനിരകളിൽ വിക്രം വീരമൃത്യുവരിച്ചത്.

പക്ഷെ മാതൃരാജ്യത്തിന് വേണ്ടി ജീവൻ നൽകിയ സൈനികന്റെ ഓർമകൾ നിലനിർത്താൻ അധികൃതർ തയ്യാറാകാത്തതിൽ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഗിൽ വിജയദിനമായ നാളെ പന്നിയങ്കരയിലെ വിക്രമിന്റെ കുടുംബ വീടായ 'മാരാരി' യിൽ വിക്രമിന്റെ ഓർമ പുതുക്കാൻ പതിവുപോലെ കുടുംബത്തോടൊപ്പം വിദ്യാർത്ഥികളും സുഹൃത്തുക്കളും ഒത്തു ചേരുന്നുണ്ട്.

Read More >>