തൊട്ടുകൂടാത്തവനാണ്; ദലിത് എം.പിക്ക് കര്‍ണാടക ഗ്രാമത്തില്‍ പ്രവേശന വിലക്ക്!

തുംകൂരിലെ പാവഗഡ താലൂക്കില്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട സന്ദര്‍ശനത്തിന് വിദഗ്ദ്ധ സംഘത്തോടൊപ്പമാണ് എം.പി പ്രദേശത്തെത്തിയത്

തൊട്ടുകൂടാത്തവനാണ്; ദലിത് എം.പിക്ക് കര്‍ണാടക ഗ്രാമത്തില്‍ പ്രവേശന വിലക്ക്!

ബംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം എ. നാരായണ സ്വാമിക്ക് തുംക്കൂര്‍ ജില്ലയിലെ ഗ്രാമത്തിലേക്ക് പ്രവേശന വിലക്ക്. തിങ്കളാഴ്ചയായിരുന്നു വിചിത്രമായ സംഭവം.

തുംകൂരിലെ പാവഗഡ താലൂക്കില്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട സന്ദര്‍ശനത്തിന് വിദഗ്ദ്ധ സംഘത്തോടൊപ്പമാണ് എം.പി പ്രദേശത്തെത്തിയത്. സന്ദര്‍ശനത്തിനിടെ തദ്ദേശീയരായ ഗോല്ല സമുദായം അവര്‍ താമസിക്കുന്ന ഗോല്ലര്‍ഹട്ടി എന്ന പ്രദേശത്തേക്ക് എം.പിയോട് പ്രവേശിക്കരുത് എന്നാവശ്യപ്പെടുകയായിരുന്നു.

തൊട്ടുകൂടാത്ത സമുദായത്തില്‍പ്പെട്ട ആളായതു കൊണ്ടാണ് പ്രവേശനം നിഷേധിക്കുന്നത് എന്നാണ് സമുദായ നേതാക്കള്‍ പറഞ്ഞത്. ഇവിടേക്ക് ദലിതുകള്‍ക്ക് പ്രവേശനമില്ലെന്നും ചിലര്‍ അദ്ദേഹത്തോട് പറഞ്ഞു.

ഗ്രാമവാസികളുമായി ചില്ലറ വാക്കു തര്‍ക്കമുണ്ടായെങ്കിലും ബി.ജെ.പി എം.പി കാറില്‍ ഇവിടെ നിന്ന് മടങ്ങി. സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഇന്‍സ്‌പെക്ടറോട് റിപ്പോര്‍ട്ട് തരാന്‍ ആവശ്യപ്പെട്ടതായും തടഞ്ഞ ആളുകളെ അന്വേഷിക്കുകയാണെന്നും എസ്.പി മാദ്ധ്യമങ്ങളോട് പറഞ്ഞു.

പട്ടികജാതി വിഭാഗക്കാര്‍ക്കു വേണ്ടി സംവരണം ചെയ്ത മണ്ഡലമാണ് ചിത്രദുര്‍ഗ.

Read More >>