ഞങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട; തുര്‍ക്കി പ്രസിഡണ്ട് എര്‍ദോഗനെതിരെ ഇന്ത്യ

വെള്ളിയാഴ്ച പാക് പാര്‍ലമെന്റില്‍ സംസാരിക്കവെയാണ് എര്‍ദോഗന്‍ കശ്മീരിനെ കുറിച്ച് സംസാരിച്ചത്.

ഞങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട; തുര്‍ക്കി പ്രസിഡണ്ട് എര്‍ദോഗനെതിരെ ഇന്ത്യ

ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്‌നത്തില്‍ തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് എര്‍ദോഗന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് എന്നും അക്കാര്യത്തില്‍ തുര്‍ക്കി ഇടപെടേണ്ടതില്ല എന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

വെള്ളിയാഴ്ച പാക് പാര്‍ലമെന്റില്‍ സംസാരിക്കവെയാണ് എര്‍ദോഗന്‍ കശ്മീരിനെ കുറിച്ച് സംസാരിച്ചത്. 'കശ്മീരിലെ ജനങ്ങളുടെ പോരാട്ടം ഒന്നാം ലോക മഹായുദ്ധത്തില്‍ തുര്‍ക്കി ജനത വൈദേശിക ശക്തികള്‍ക്കെതിരെ നടത്തിയ പോരാട്ടത്തിന് സമാനമാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

നീതിയുടെയും ന്യായത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ കശ്മീര്‍ വിഷയം തര്‍ക്കത്തിലൂടെയോ അടിച്ചമര്‍ത്തലിലൂടെയോ പരിഹരിക്കാന്‍ കഴിയില്ല. നമ്മുടെ കശ്മീരി സഹോദരി-സഹോദരന്‍മാര്‍ ദശാബ്ദങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ അടുത്തകാലത്തുണ്ടായ പുതിയ നീക്കങ്ങളിലൂടെ കൂടുതല്‍ രൂക്ഷമായി. ഇന്ന് കശ്മീര്‍ നിങ്ങളെ പോലെതന്നെ ഞങ്ങളുടെയും മുഖ്യ വിഷയമായി മാറി- എന്നിങ്ങനെ ആയിരുന്നു അദ്ദേഹം പറഞ്ഞത്.

ഇതോട് രൂക്ഷമായാണ് വിദേശകാര്യമന്ത്രായലം പ്രതികരിച്ചിട്ടുള്ളത്. തുര്‍ക്കി ഭരണകൂടം ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപ്പെടേണ്ട. വസ്തുതകള്‍ മനസിലാക്കി മാത്രം വേണം പ്രതികരിക്കാന്‍. പാകിസ്താന്‍ ഉറവിടമായ തീവ്രവാദം ഇന്ത്യക്കും മേഖലക്കാകെയും ഭീഷണിയണ്- രവീഷ് കുമാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Read More >>