മാധ്യമ പ്രവര്‍ത്തകന്‍ ബഷീറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി

മക്കള്‍ക്കും ഉമ്മയക്കും രണ്ടു ലക്ഷം രൂപ ധനസഹായവും നല്‍കും.

മാധ്യമ പ്രവര്‍ത്തകന്‍ ബഷീറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ചു കൊലപ്പെടുത്തിയ മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് തിരൂരിലെ മലയാളം സര്‍വകലാശാലയിലാണ് ജോലി നല്‍കുക. കുടുംബത്തിന് നാലു ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഉമ്മയ്ക്കും മക്കള്‍ക്കുമായി രണ്ടു ലക്ഷം രൂപ വീതമാണ് നല്‍കുക.

തിരുവനന്തപുരത്ത് മ്യൂസിയം സ്‌റ്റേഷന് സമീപത്ത് വച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്, സിറാജ് ദിനപത്രത്തിന്റെ യൂനിറ്റ് മേധാവി ആയിരുന്ന ബഷീര്‍ മരിച്ചത്. ശ്രീറാം വണ്ടി ഓടിച്ചത് മദ്യലഹരിയില്‍ ആയിരുന്നെന്ന് ദൃക്‌സാക്ഷി മൊഴികള്‍ നല്‍കിയിരുന്നെങ്കിലും അപകടം കഴിഞ്ഞ് ഒന്‍പതു മണിക്കൂറിനു ശേഷമാണ് പൊലീസ് രക്തപരിശോധന നടത്തിയത്. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ ശ്രീറാമിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഈ ആവശ്യം ഇന്നലെ കോടതി തള്ളി. ശ്രീറാം ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസ് അന്വേഷണത്തിന് കൂടുതല്‍ സാവകാശം തേടി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തിരുവനന്തപുരം സിറ്റി അസി. പൊലീസ് കമ്മിഷണര്‍ (നര്‍ക്കോട്ടിക് സെല്‍) ഷീന്‍ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ അനീസ മുമ്പാകെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഉമ മുഖേനയാണ് ഇടക്കാല അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിന്‍മേല്‍ വാദം കേള്‍ക്കാന്‍ അടുത്ത മാസം ഏഴിലേക്ക് മാറ്റിവെച്ചു. സിറാജ് മാനേജ്‌മെന്റിന് വേണ്ടി ഹരജി നല്‍കി തിരുവനന്തപുരം യൂനിറ്റ് മാനേജര്‍ സൈഫുദ്ദീന്‍ ഹാജിയോടും സര്‍ക്കാറിനോടും അടുത്തമാസം ഏഴിന് വിശദമായി വാദം ബോധിപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, അപകടത്തിനിടയാക്കിയ കാര്‍ പരിശോധിക്കാന്‍ പൂനൈയില്‍നിന്നുള്ള സംഘം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. വോക്‌സ് വാഗന്‍ കമ്പനി മാനുഫാക്ച്ചറിങ് യൂനിറ്റിലെ എന്‍ജിനീയര്‍മാര്‍ അടങ്ങിയ സംഘം ക്രാഷ് ഡാറ്റ അടക്കമുള്ളവ പരിശോധിക്കാനാണ് എത്തിയത്. ഇടിയുടെ ആഘാതം, എത്ര വേഗതയിലാണ് വാഹനം അപകടത്തില്‍പ്പെട്ടത്, ബ്രേക്ക് പ്രയോഗിച്ചതിന്റെ രീതി, ഹാന്‍ഡ് ബ്രേക്ക് ഇപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ സംഘം പരിശോധിക്കും.

Read More >>