കൂടത്തായി കേസ്; തന്ത്രങ്ങളൊരുക്കാന്‍ കാപ്പാട്ടെ ഹോട്ടലില്‍ രഹസ്യയോഗം ചേര്‍ന്ന് പൊലീസ്

ജോളിയുടെ റിമാന്‍ഡ് കാലാവധി നാളെ കഴിയുന്നതിനാല്‍ പുതിയ കേസില്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ട്

കൂടത്തായി കേസ്; തന്ത്രങ്ങളൊരുക്കാന്‍ കാപ്പാട്ടെ ഹോട്ടലില്‍ രഹസ്യയോഗം ചേര്‍ന്ന് പൊലീസ്

വടകര: കൂടത്തായി കൂട്ടക്കൊലക്കേസിലെ അന്വേഷണ സംഘം രഹസ്യ യോഗം ചേര്‍ന്നു. ഇന്ന് രാവിലെ കാപ്പാട് സ്വകാര്യ ഹോട്ടലിലാണ് സംഘത്തലവന്‍ റൂറല്‍ എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തില്‍ ഒത്തുകൂടിയത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍ ഹരിദാസ്, സി.ഐമാരായ കെ.കെ ബിജു, എന്‍ സുനില്‍കുമാര്‍, ബി.കെ സിജു, ഉണ്ണികൃഷ്ണന്‍, ഷാജു ജോസഫ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അന്വേഷണ പുരോഗതി വിലയിരുത്തിയ സംഘം ശാസ്ത്രീയ പരിശോധന എവിടെ നടത്തണമെന്നതടക്കം ചര്‍ച്ച ചെയ്തു.

ജോളിയുടെ റിമാന്‍ഡ് കാലാവധി നാളെ കഴിയുന്നതിനാല്‍ പുതിയ കേസില്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ട്. സിലി കേസില്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം. പരമാവധി സമയം പ്രതിയെ ചോദ്യം ചെയ്യാനായി വിട്ടു കിട്ടാനാണ് ശ്രമം.

ഏറ്റവും ഒടുവില്‍ നടന്ന മരണമാണ് സിലിയുടേത്. കേസില്‍ സംശയനിഴലിലുള്ള എം.എസ് മാത്യുവിനെയും പ്രജികുമാറിനെയും തല്‍ക്കാലം അറസ്റ്റ് ചെയ്യില്ലെന്നാണ് സൂചന.

അതിനിടെ, ജോളി ജോസഫിന്റെ എന്‍.ഐ.ടി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) യിലെ ഉന്നത ബന്ധങ്ങളുടെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ജോളിയുടെ ഉറ്റ സുഹൃത്ത് റാണിയെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.

ജോളിയുടെ നേതൃത്വത്തിലുള്ള പെണ്‍വാണിഭ ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടക്കം ശേഖരിച്ചിട്ടുണ്ട്. എന്‍.ഐ.ടി. പരിസരം കേന്ദ്രീകരിച്ച് നടന്ന ഇടപാടുകളില്‍ പങ്കാളികളായ ചില പ്രമുഖരുടെ പേര് വിവരങ്ങള്‍ റാണി പൊലീസിന് കൈമാറിയതായാണ് സൂചന.

എന്‍.ഐ.ടി പരിസരത്ത് തയ്യല്‍ക്കട നടത്തിയിരുന്ന റാണിയും ജോളിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇരുവരും തമ്മിലുള്ള ശക്തമായ ബന്ധം തെളിയിക്കുന്ന ടെലിഫോണ്‍ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

പൊലീസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് റാണി വടകര റൂറല്‍ എസ്പി ഓഫിസില്‍ ഹാജരായത്. അന്വേഷണസംഘത്തിലെ ഡി.വൈ.എസ്.പി കെ ഇസ്മയില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തി. ഉച്ചതിരിഞ്ഞ് റൂറല്‍ എസ്.പി കെ.ജി സൈമണ്‍, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍ ഹരിദാസ് എന്നിവരും റാണിയെ ചോദ്യം ചെയ്യും.

ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോല്‍സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോല്‍സവവേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

എന്‍ഐടി പരിസരത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യു വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ്. വാരിയര്‍ എന്നിവരാണു ജോളിയുടെ അടുത്ത സുഹൃത്തുക്കളെന്നായിരുന്നു ആദ്യഘട്ട അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. അറസ്റ്റിനു ശേഷം മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണു യുവതിയുമൊത്തുള്ള ചിത്രങ്ങള്‍ ലഭിച്ചത്.എന്നാല്‍ ഇവരെ കുറിച്ചുള്ള ഒരു വിവരവും കൈമാറാന്‍ ജോളി തയ്യാറായിരുന്നില്ല.

Read More >>