ഒറ്റയ്ക്ക് മത്സരിക്കാമെന്ന് ദേവഗൗഡ; കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെ.ഡി.എസും രണ്ടു വഴിക്ക്

സര്‍ക്കാര്‍ വീണതിന് പുറമേ, മുന്‍കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ദേവഗൗഡക്ക് പ്രശ്‌നങ്ങളുണ്ട്

ഒറ്റയ്ക്ക് മത്സരിക്കാമെന്ന് ദേവഗൗഡ; കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെ.ഡി.എസും രണ്ടു വഴിക്ക്

ബംഗളൂരു: കര്‍ണാടകയില്‍ ഇടക്കാല തെരഞ്ഞെടുപ്പു വരികയാണെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന മുന്നറിയിപ്പുമായി ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡ. ഗൗഡയുടെ ഓഫീസ് പുറത്തിറക്കി പത്രക്കുറിപ്പിലാണ് കോണ്‍ഗ്രസുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുള്ളത്.

' ഒരു ഇടക്കാല തെരഞ്ഞെടുപ്പിനുള്ള സാദ്ധ്യത കാണുന്നു. ആ തെറ്റ് ആവര്‍ത്തിക്കില്ല. നമുക്ക് തെരഞ്ഞെടുപ്പ് സ്വതന്ത്രമായി നേരിടാം' - പത്രക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച ശേഷം സര്‍ക്കാര്‍ രൂപീകരണത്തിനായി ഇരുകക്ഷികളും ഒന്നിക്കുകയായിരുന്നു. 37 സീറ്റു മാത്രം കിട്ടിയ എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുകയും ചെയ്തു. പിന്നീട് 16 എം.എല്‍.എമാര്‍ രാജി വച്ചതോടെ സര്‍ക്കാര്‍ വിശ്വാസ വോട്ടില്‍ വീഴുകയായിരുന്നു.

17 വിമത എം.എല്‍.എമാരെ-കോണ്‍ഗ്രസ് 13, ജെ.ഡി.എസ് മൂന്ന്, സ്വതന്ത്രന്‍ ഒന്ന്- സ്പീക്കര്‍ രമേശ് കുമാര്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കിയിരുന്നു.

സര്‍ക്കാര്‍ വീണതിന് പുറമേ, മുന്‍കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ദേവഗൗഡക്ക് പ്രശ്‌നങ്ങളുണ്ട്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയത് തെറ്റാണ് എന്നും ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടന്നില്ല എന്നും ഗൗഡ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

* അയോഗ്യതാ കേസ് ഇന്ന് സുപ്രിംകോടതിയില്‍

17 കോണ്‍ഗ്രസ്, ജെ.ഡി.എസ് വിമത എം.എല്‍.എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കിയ മുന്‍ സ്പീക്കര്‍ രമേശ് കുമാറിന്റെ നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. അയോഗ്യത ശരിവച്ചാല്‍ ഇവരുടെ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് വേണ്ടി വരും.

സ്പീക്കറുടെ തീരുമാനം ഏകപക്ഷീയവും ഭരണഘടനയുടെ ദുരുപയോഗവുമാണ് എന്നാണ് വിമതര്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നത്. ജൂലൈയിലാണ് ഇവരെ അയോഗ്യരാക്കിയത്. 14 മാസം പൂര്‍ത്തിയായ സഖ്യസര്‍ക്കാര്‍ വിശ്വാസ വോട്ടില്‍ വീണതോടെ സ്പീക്കര്‍ പിന്നീട് രാജിവയ്ക്കുകയായിരുന്നു.

Read More >>