ഓഗസ്റ്റ് 15 ന് ലണ്ടനില്‍ കൂറ്റന്‍ മോദി വിരുദ്ധ പ്രതിഷേധം; പൊലീസ് അതിജാഗ്രതയില്‍

പ്രതിഷേധത്തെ കുറിച്ച് അറിവുണ്ടെന്നും പൊലീസ് സജ്ജമാണെന്നും സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് വക്താവ് വ്യക്തമാക്കി

ഓഗസ്റ്റ് 15 ന് ലണ്ടനില്‍ കൂറ്റന്‍ മോദി വിരുദ്ധ പ്രതിഷേധം; പൊലീസ് അതിജാഗ്രതയില്‍

ലണ്ടന്‍: കശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നല്‍കിയ 370-ാം വകുപ്പ് എടുത്തു കളഞ്ഞ നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് ശേഷമാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം. പ്രതിഷേധത്തെ കുറിച്ച് അറിവുണ്ടെന്നും പൊലീസ് സജ്ജമാണെന്നും സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് വക്താവ് വ്യക്തമാക്കി.

പ്രതിഷേധത്തില്‍ ആയിരങ്ങള്‍ അണിനിരക്കുമെന്ന് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് പാക് പത്രമായ ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടനില്‍ ഇന്ത്യാ ഗവണ്‍മെന്റിനെതിരെ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാകും എന്നാണ് പത്രം പറയുന്നത്.

സംഘര്‍ഷങ്ങള്‍ ഇല്ലാതിരിക്കാന്‍ ഇരുനൂറോളം പൊലീസുകാരെ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളും ചില ഇന്ത്യന്‍ സെക്യുകര്‍ സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുക്കും. ഓഗസ്റ്റ് 15ന് കരിദിനമായി ആചരിക്കണമെന്നും വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക മുന്നില്‍ അന്നേദിവസം പ്രതിഷേധം സംഘടിപ്പിക്കണമെന്നും പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ വിദേശകാര്യ ഉപദേഷ്ടാവ് സുല്‍ഫി ബുഖാരി ആവശ്യപ്പെട്ടു.

ഇന്ത്യയ്ക്കാര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമോ എന്നതില്‍ വ്യക്തതയില്ല. പ്രതിഷേധത്തിന് പകരമായി മോദി അനുകൂല ഇന്ത്യന്‍ സംഘങ്ങള്‍ മാര്‍ച്ച് പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ലണ്ടന്‍ ഹൈക്കോടതിക്ക് സമീപമുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന് പുറത്ത് സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് കശ്മീരി, പാകിസ്താനി സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് സംസ്ഥാനത്തെ ജമ്മുകശ്മീര്‍, ലഡാക് എന്നീ രണ്ട് കേന്ദ്രഭരണ പ്രവിശ്യകളാക്കി സര്‍ക്കാര്‍ വിഭജിച്ചത്. വിഭജന ശേഷം കശ്മീര്‍ കര്‍ഫ്യൂവിന് സമാനമായ സ്ഥിതിവിശേഷമാണ് ഉള്ളത്. വാര്‍ത്താ വിനിമയ സംവിധാനമോ മറ്റു ആശയവിനിമയമോ കശ്മീരില്‍ സാധാരണ നിലയിലല്ല.

Read More >>