ഫോണുകൾ ഇനി ഒളിംപിക് മെഡലുകളാകും

ഒളിംപിക്‌സ് സംഘാടക സമിതി ജനങ്ങളോട് ഉപയോഗ ശൂന്യമായ ഇലക്ട്രോണിക് വസ്തുക്കൾ സംഭാവന നൽകാൻ ആവശ്യപ്പെട്ടിരുന്നു

ഫോണുകൾ ഇനി ഒളിംപിക് മെഡലുകളാകും

ടോക്യോ: ലോകം 2020 ടോക്യോ ഒളിംപിക്‌സിന് തയ്യാറെടുക്കുകയാണ്. ഒളിംപിക്‌സ് മത്സരം തുടങ്ങുന്നതിന് കൃത്യം ഒരുവർഷം മുമ്പ് തന്നെ സംഘാടക സമിതി മത്സര വിജയികൾക്ക് നൽകുന്ന വിവിധ മെഡലുകളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഉപയോഗശൂന്യമായ ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നാണ് ജപ്പാൻ ഒളിംപിക്‌സ് മത്സര വിജയികൾക്കുള്ള മെഡലുകൾ തയ്യാറാക്കുന്നത്. സി.പി.യു, ജി.പി.യു, മറ്റ് കമ്പ്യൂട്ടർ ഭാഗങ്ങൾ, സ്മാർട്‌ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഒളിംപിക്‌സ് മെഡലായി തിളങ്ങുക.

2017ഏപ്രിലിൽ ഒളിംപിക്‌സ് സംഘാടക സമിതി ജനങ്ങളോട് ഉപയോഗ ശൂന്യമായ ഇലക്ട്രോണിക് വസ്തുക്കൾ സംഭാവന നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഈ പ്രചാരണത്തിന് മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഏകദേശം 80,000 ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇത്തരത്തിൽ സംഘാടക സമിതി രൂപീകരിച്ചത്. ഇതിൽ 6.21 ദശലക്ഷവും ഫോണുകളായിരുന്നു.

ഇതിൽ നിന്നും 5000 മെഡലുകൾ നിർമ്മിക്കാൻ 32 കിലോഗ്രാം സ്വർണവും 2,200 കിലോഗ്രാം വെള്ളിയും സ്വരൂപിക്കാനായി.ജൂനിച്ചി കവാനിഷിയാണ് ടോക്യോ ഒളിമ്പിക്‌സ് മെഡലുകൾ രൂപകല്പന ചെയ്തത്. കവാനിഷിയോടൊപ്പം 400 സഹപ്രവർത്തകരും മെഡൽ നിർമ്മാണത്തിൽ പങ്കാളികളായി.

ഈ മെഡലുകൾക്ക് 85 മില്ലിമീറ്റർ വ്യാസവും 12.1 മുതൽ 7.1 മില്ലിമീറ്റർ വരെ കട്ടിയുമുള്ള മെഡലുകളാണ് നിർമ്മിക്കുന്നത്. ശുദ്ധമായ വെള്ളിയിൽ നിർമ്മിച്ച മെഡലിൽ ആറു ഗ്രാം സ്വർണ പൂശിയാണ് സ്വർണമെഡൽ നിർമ്മിച്ചിരിക്കുന്നത്. വെള്ളി മെഡലിനായി ശുദ്ധമായ വെള്ളിയാണ് ഉപയോഗിച്ചിരിക്കുന്നത്. വെങ്കലമെഡലിനായി 95 ശതമാനം കോപ്പറും അഞ്ച് ശതമാനം സിങ്കും ഉപയോഗിച്ചിരിക്കുന്നു.

2010 വാൻകൂവർ ഒളിമ്പിക്‌സിലും സമാനരീതി പരീക്ഷിച്ചിരുന്നു. 206 രാജ്യങ്ങളാണ് ഒളിംപിക്‌സിൽ മാറ്റുരയ്ക്കുന്നത്. 339 മത്സരങ്ങളുണ്ടാവും. 2020 ഓഗസ്റ്റ് 9 നാണ് സമാപനം.

Read More >>