പാലായിലെ അട്ടിമറി; പിന്നില്‍ ഈ അഞ്ചു കാരണങ്ങള്‍

ചിഹ്നത്തിന്റെ പേരില്‍ നടന്ന നാടകങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ മനംമാറ്റമുണ്ടാക്കി.

പാലായിലെ അട്ടിമറി; പിന്നില്‍ ഈ അഞ്ചു കാരണങ്ങള്‍

രൂപവല്‍ക്കരിക്കപ്പെട്ട 1965 മുതല്‍ മാണിക്കൊപ്പമേ പാലാ നിയമസഭാ മണ്ഡലം നിന്നിട്ടുള്ളൂ. ഇടത്തും വലത്തും നിന്ന് മാണി അവിടെ ഗോദയിലിറങ്ങി. എല്ലായ്‌പ്പോഴും കൂടെ ജയം പാലായുടെ പ്രിയപ്പെട്ട മാണിസാറിനൊപ്പം നിന്നു.

ഒരിക്കലും മാണിയെ കൈവിടാത്ത പാല, അദ്ദേഹത്തിന്റെ മരണത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ മാണിയുടെ പാര്‍ട്ടിയെ കൈവിട്ടു. പാര്‍ട്ടിക്കും അതീതമായിരുന്നു മാണിയുടെ ജനസ്വീകാര്യതയെന്ന് പ്രഖ്യാപിക്കുന്നു, മണ്ഡലത്തില്‍ മാണി സി കാപ്പന്റെ ജയം.

പ്രധാനമായും ഈ അഞ്ചു കാരണങ്ങളാണ് കേരള കോണ്‍ഗ്രസിനെ ഈ മണ്ഡലം പിടിവിട്ടു പോകുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

1- പാര്‍ട്ടിക്കുള്ളിലെ അധികാരത്തര്‍ക്കം

മാണിയുടെ മരണ ശേഷം പാര്‍ട്ടിക്കുള്ളിലെ അധികാരത്തര്‍ക്കം ജോസ് ടോമിന്റെ തോല്‍വി എളുപ്പമാക്കി. മാണിയുടെ മകന്‍ ജോസ് കെ മാണിയും മുതിര്‍ന്ന നേതാവ് പി.ജെ ജോസഫും തമ്മിലുള്ള തര്‍ക്കം തെരുവില്‍ വരെ എത്തി. ഒരു ഘട്ടത്തില്‍ പിളര്‍പ്പിലേക്ക് നീങ്ങുമായിരുന്ന സാഹചര്യങ്ങള്‍ യു.ഡി.എഫ് നേതൃത്വം ഇടപെട്ടാണ് ഒഴിവാക്കിയത്.

2- ദുര്‍ബലനായ സ്ഥാനാര്‍ത്ഥി

ഏറെ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായത്. അവസാനം വരെ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയുടെ പേര് പറഞ്ഞുകേട്ടെങ്കിലും അവസാന നിമിഷത്തില്‍ സ്ഥാനാര്‍ത്ഥിയായി വന്നത് ജോസ് ടോം. മാണിയോട് അടുപ്പമുണ്ടെങ്കിലും ജോസ് ടോം മണ്ഡലത്തില്‍ പരിചിതനല്ല. തര്‍ക്കത്തിനൊടുവില്‍ വന്ന സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മാണിയുടെ പേരില്‍ ഉണ്ടാകേണ്ടിയിരുന്ന സഹതാപ വോട്ടുകള്‍ ജോസിന് കിട്ടിയില്ല. നിഷ മാണി ആയിരുന്നെങ്കില്‍ ഒരുപക്ഷേ ചിത്രം മറ്റൊന്നാകുമായിരുന്നു

3- കൈതച്ചക്ക മധുരിച്ചില്ല

രണ്ടിലയില്ലാത്ത കേരളാ കോണ്‍ഗ്രസ് പാലാക്കാര്‍ക്കു ചിന്തിക്കാവുന്ന ഒന്നായിരുന്നില്ല. മണ്ഡലം രൂപീകരിച്ച കാലത്തു മുതല്‍ കെ.എം.മാണി കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് കുതിര ചിഹ്നത്തിലായിരുന്നു. 1965 മുതല്‍ 1987 വരെ ആറു തെരഞ്ഞെടുപ്പുകളിലും മാണിയുടെ ചിഹ്നം കുതിര തന്നെ. എന്നാല്‍ കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പും ചിഹ്നം സംബന്ധിച്ച തര്‍ക്കത്തിനും ഒടുവില്‍ 1991ല്‍ മാണിക്കു രണ്ടില ചിഹ്നത്തെ ആശ്രയിക്കേണ്ടി വന്നു. മരണം വരെ രണ്ടില മാണിയെ തുണച്ചു.

എന്നാല്‍ മാണിയില്ലാത്ത പാലായില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായില്ല. പാര്‍ട്ടിയിലെ തര്‍ക്കവും ചിഹ്നം സംബന്ധിച്ച കേസുകളും കാരണം പൈനാപ്പിള്‍ ചിഹ്നത്തില്‍ സ്വതന്ത്രനായാണ് ജോസ് ടോം മത്സരിച്ചത്. രണ്ടിലയെ മനസാ വരിച്ച പാലാ പക്ഷെ പൈനാപ്പിളിലെ സ്വീകരിച്ചില്ല.

ചിഹ്നത്തിന്റെ പേരില്‍ നടന്ന നാടകങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ മനംമാറ്റമുണ്ടാക്കി.

4-സഹതാപ വോട്ട്

സാധാരണ മരിച്ച സ്ഥാനാര്‍ത്ഥിയുടെ പേരിലാണ് സഹതാപ വോട്ട് ഉണ്ടാകുന്നതെങ്കില്‍, കേരള കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം മൂലം ആ സഹതാപം നാലാം തവണ മാണി സി കാപ്പനാണ് കിട്ടിയത്.

2006ല്‍ ആദ്യ മത്സരത്തില്‍ 38,849 വോട്ടു നേടിയെങ്കിലും കെ.എം.മാണിയോട് 7,590 വോട്ടിനു പരാജയം രുചിച്ചു. തൊട്ടടുത്ത തെരഞ്ഞെടുപ്പിലും പാലായില്‍ ഭാഗ്യപരീക്ഷണത്തിനും കാപ്പന്‍ ഇറങ്ങി. അത്തവണ കെ. എം മാണിയുടെ ഭൂരിപക്ഷം 5,259 വോട്ടാക്കി കുറച്ചു. കാപ്പനു ലഭിച്ചത് 55,980 വോട്ട്. 2016ലും കാപ്പനെ തന്നെ പരീക്ഷിച്ചു പാലാ പിടിക്കാനാണ് എല്‍.ഡി.എഫ് തീരുമാനിച്ചത്. കെ. എം മാണിയുടെ ഭൂരിപക്ഷം 4,703 വോട്ടായി കുറയ്ക്കാനായെങ്കിലും മൂന്നാം വട്ടവും പരാജയപ്പെട്ടു. ആകെ ലഭിച്ചത് 54,181 വോട്ട്. നാലാം വട്ടവും മാണി സി.കാപ്പനെ തന്നെ പരീക്ഷിക്കാനുള്ള തീരുമാനം ശരിയെന്നാണ് പാലാ ഉപതെരഞ്ഞെടുപ്പു തെളിയിക്കുന്നത്.

5- എസ്.എന്‍.ഡി.പി വോട്ട്

മണ്ഡലത്തിലെ ഒന്നേകാല്‍ ലക്ഷം വോട്ടര്‍മാരില്‍ അതീവ നിര്‍ണായകമായ എന്‍.എന്‍.ഡി.പിയുടെ വോട്ടുകള്‍ ഇത്തവണ മാണി സി കാപ്പനു കിട്ടി. നേരത്തെ മാണിക്കു കിട്ടിയ വോട്ടുകള്‍ കൂട്ടത്തോടെ തങ്ങളുടെ പെട്ടിയില്‍ വീണത് എല്‍.ഡി.എഫിന് തുണയായി. ഏകദേശം മുപ്പതിനായിരത്തോളം എസ്.എന്‍.ഡി.പി വോട്ടാണ് മണ്ഡലത്തില്‍ ഉള്ളത്. ജോസഫ് പക്ഷം വോട്ടു മറിച്ചെന്നും സംശയിക്കപ്പെടുന്നു. എന്നാല്‍ മണ്ഡലത്തില്‍ ജോസഫ് പക്ഷം അത്ര വലിയ ശക്തിയല്ല.

Next Story
Read More >>