മരട്: ഇന്ന് സര്‍വകക്ഷി യോഗം; ഒഴിഞ്ഞു പോകാന്‍ തയ്യാറാകാതെ കുടുംബങ്ങള്‍

കുടുംബങ്ങള്‍ക്ക് ഒഴിയാന്‍ നോട്ടീസ് നല്‍കിയെങ്കിലും അവര്‍ ഒഴി‍ഞ്ഞു പോകാന്‍ കൂട്ടാക്കിയിട്ടില്ല

മരട്: ഇന്ന് സര്‍വകക്ഷി യോഗം; ഒഴിഞ്ഞു പോകാന്‍ തയ്യാറാകാതെ കുടുംബങ്ങള്‍

കൊച്ചി: മരട് ഫ്‌ളാറ്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് വൈകിട്ടു മൂന്നരയ്ക്കു തിരുവനന്തപുരത്തു ചേരും.

തീരദേശച്ചട്ടം ലംഘിച്ച അഞ്ചു കെട്ടിടസമുച്ചയവും 20നകം പൊളിക്കണമെന്ന സുപ്രിം കോടതിയുടെ ഉത്തരവും ഫ്‌ളാറ്റ് ഒഴിയില്ലെന്നു പ്രഖ്യാപിച്ച് ഉടമകള്‍ നടത്തുന്ന സമരവും കണക്കിലെടുത്ത്, എന്തു നടപടിയെടുക്കാന്‍ കഴിയുമെന്ന് ആലോചിക്കാനാണു യോഗം. അതിനിടയില്‍ പൊളിച്ചുനീക്കേണ്ട ഫ്‌ളാറ്റുകളില്‍നിന്ന് അഞ്ചു ദിവസത്തിനകം ഒഴിയാന്‍ നിര്‍ദേശിച്ചു മരട് നഗരസഭ താമസക്കാര്‍ക്കു നല്‍കിയ നോട്ടീസിന്റെ കാലാവധി ഞായറാഴ്ച വൈകിട്ട് അവസാനിച്ചു.

ഒരു കാരണവശാലും ഒഴിയില്ലെന്നും സമരം തുടരുമെന്നും ഫ്ളാറ്റുടമകള്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെ തുടര്‍നടപടി സ്വീകരിക്കില്ലെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. ഒഴിപ്പിക്കലുമായോ കണക്കെടുപ്പുമായോ താമസക്കാര്‍ സഹകരിക്കുന്നില്ല. അതിനാല്‍ തുടര്‍നടപടി എങ്ങനെ വേണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നു നഗരസഭ ആവശ്യപ്പെട്ടു.

ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നതിനോടു നഗരസഭയ്ക്കു യോജിപ്പില്ല. സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി. നേതാക്കള്‍ ഉടമകളുടെ ഭാഗത്തു നില്‍ക്കുമ്പോള്‍, പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ സി.പി.ഐ. മാത്രമാണു കോടതിയുടെ ഉത്തരവു പാലിക്കപ്പെടണമെന്ന നിലപാടെടുത്തിരിക്കുന്നത്. ഒഴിയാന്‍ മരട് നഗരസഭ നല്‍കിയ അഞ്ചു ദിവസത്തെ കാലാവധി ഇന്നലെ വൈകിട്ട് അവസാനിച്ചു. നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ടെന്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം മാത്രമേ തുടര്‍നടപടി സ്വീകരിക്കൂ എന്നു നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.


Read More >>