പെട്ടെന്നൊരു തീര്‍പ്പിലെത്താന്‍ എങ്ങനെ ആയി; ധനമന്ത്രി നിര്‍മലയെ തള്ളി മാരുതി

നേരത്തെ, മാന്ദ്യം നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഫലപ്രദമാകില്ലെന്നും മാരുതി പ്രതിനിധി പറഞ്ഞു

പെട്ടെന്നൊരു തീര്‍പ്പിലെത്താന്‍ എങ്ങനെ ആയി; ധനമന്ത്രി നിര്‍മലയെ തള്ളി മാരുതി

ന്യൂഡല്‍ഹി: വാഹനവില്‍പ്പനയിലെ കുറവിന് കാരണം യുവാക്കളുടെ ഓണ്‍ലൈന്‍ ടാക്‌സികളോടുള്ള താത്പര്യമാണെന്ന കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ വാക്കുകള്‍ തള്ളി രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മാതാക്കളായ മാരുതി.

'നിലവിലെ മാന്ദ്യത്തിന് കാരണം ഒലയും ഉബറും ആയേക്കില്ല. ഇത്തരമൊരു തീര്‍പ്പില്‍ എത്തുന്നതിന് മുമ്പ് നമ്മള്‍ കുറച്ചു കൂടി ആലോചിക്കേണ്ടിയിരിരുന്നു. ആറോ ഏഴോ വര്‍ഷമായിട്ടേ ഉള്ളൂ ഒലയും ഉബറും വന്നിട്ട്. ഈ കാലയളവില്‍ ഒാട്ടോ വ്യവസായം മികച്ച നിലയിലാണ്. കഴിഞ്ഞ കുറച്ചു മാസം എന്താണ് മാന്ദ്യം ഇത്രയും ഗുരുതരമാകാനുള്ള കാരണം'- കമ്പനിയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

യു.എസ് വിപണി അദ്ദേഹം ഉദാഹരണമായി എടുത്തു കാട്ടി. വന്‍ തോതില്‍ അവിടെ ഉബര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നിട്ടും കാര്‍വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

' ഇന്ത്യയില്‍ 46 ശതമാനം കാര്‍ ഉപയോക്താക്കളും ആദ്യമായി കാര്‍ ഉപയോഗിക്കുന്നവരാണ്. ഓഫീസിലേക്ക് പോകുന്നതിന് ആളുകള്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നുണ്ടാവാം. എന്നാല്‍ വാരാന്ത്യങ്ങളില്‍ കുടുംബത്തോടൊത്ത് പുറത്തു പോകാന്‍ അവര്‍ വാഹനം വാങ്ങിക്കുന്നുണ്ട്. ഇന്ത്യയുടെ ഉടമസ്ഥാവകാശ മാതൃക ഇതുവരെ മാറിയിട്ടില്ല. മേഖലയില്‍ ഏതെങ്കിലും തരത്തിലുള്ള ഘടനാപരമായ മാറ്റങ്ങള്‍ ഉണ്ടായോ എന്ന് ഞങ്ങള്‍ പരിശോധിക്കുകയാണ്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, മാന്ദ്യം നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഫലപ്രദമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഓട്ടോമൊബൈല്‍ മേഖലയെ പ്രത്യേകിച്ചും നിരവധി കാര്യങ്ങള്‍ ബാധിച്ചിട്ടുണ്ട്. ഭാരത് 6 മൂവ്‌മെന്റ് (വാഹനങ്ങള്‍ പുറന്തള്ളുന്ന അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടുള്ള ഏറ്റവും പുതിയ നിയന്ത്രണങ്ങള്‍-ഉദാ.2020 ഓടെ ഡീസല്‍ കാറുകള്‍ നിര്‍ത്തുമെന്ന പ്രഖ്യാപനം), തവണ വ്യവസ്ഥകളില്‍ കാര്‍ വാങ്ങുന്നതിന് പകരം ഉബര്‍, ഒല അല്ലെങ്കില്‍ എന്നിവക്ക് മുന്‍തൂക്കം നല്‍കുന്ന യുവാക്കളുടെ മനഃസ്ഥിതി. വിവിധ മേഖലയിലുള്ള ആളുകളുമായി നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഡല്‍ഹില്‍ നിന്നു മാത്രമല്ല, രാജ്യത്തെ എല്ലായിടത്തു നിന്നും' - എന്നായിരുന്നു നരേന്ദ്രമോദി സര്‍ക്കാറിന്റെ നൂറു ദിന ആഘോഷച്ചടങ്ങിനിടെ ചെന്നൈയില്‍ മന്ത്രി പറഞ്ഞത്.

വാഹന വിപണി 22 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകവെ ആയിരുന്നു ധനമന്ത്രിയുടെ വിചിത്രമായ പ്രസ്താവന.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) തിങ്കളാഴ്ച പുറത്തു വിട്ട കണക്കു പ്രകാരം ഓഗസ്റ്റില്‍ യാത്രാ, വാണിജ്യ, മുച്ചക്ര, ഇരുചക്ര, നാലു ചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ മൊത്തം 18.45 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2018 ഓഗസ്റ്റില്‍ 2,816,187 യൂണിറ്റ് വാഹനങ്ങള്‍ ഉല്‍പ്പാദകര്‍ നിര്‍മിച്ചപ്പോള്‍ ഈ വര്‍ഷം ഇത് 2,296,711 ആണ്.

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനിയില്‍ 34.22 ശതമാനം ഇടിവാണ് ഉണ്ടായത്. മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 6.93 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരുചക്ര വാഹന വില്‍പ്പനയില്‍ 22.24 ശതമാനം കുറവുണ്ടായി. വാനുകളുടെ വില്‍പ്പന 47.36 ശതമാനമായാണ് കുറഞ്ഞത്. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ 38.71 ശതമാനംകുറവ് രേഖപ്പെടുത്തി.

Next Story
Read More >>