അന്ന് ഇന്ത്യന്‍ ദേശീയതയുടെ പ്രതീകം, ഇന്ന് ? - ഷാ ഫസലിന്റെ രാജിയോട് കശ്മീരില്‍ സമ്മശ്ര പ്രതികരണം

ദേശീയതയുടെ പ്രതീകമായി മാധ്യമശ്രദ്ധ ആകര്‍ഷിച്ച ഷാ ഫസല്‍ എന്ന പ്രതീകം മറ്റൊരു രൂപത്തിലേക്ക് കൂടുമാറുന്ന പരിണാമഗതിയിലാണെന്നാണ് വാര്‍ത്തകള്‍ നല്‍കുന്ന സൂചന. നടക്കാനിരിക്കുന്ന പത്രസമ്മേളനവും അദ്ദേഹത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളും കൂടുതല്‍ വിവരങ്ങള്‍ നല്‍കിയേക്കും.

അന്ന് ഇന്ത്യന്‍ ദേശീയതയുടെ പ്രതീകം, ഇന്ന് ? - ഷാ ഫസലിന്റെ രാജിയോട് കശ്മീരില്‍ സമ്മശ്ര പ്രതികരണം

'ഞാന്‍ ഐഎഎസ്സില്‍ ചേര്‍ന്നത് ഒരു ജോലി ചെയ്യാനാണോ അതോ നിങ്ങളുടെ ക്രൂരമായ പ്രചരണയന്ത്രത്തിന്റെ ഭാഗമാവാനോ?' ഷാ ഫസല്‍- '2009 ലെ ഐ എ എസ് ടോപ്പര്‍ക്ക് അനുമോദനങ്ങള്‍, ഇന്ത്യ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു' എന്ന എഫ്ബി പേജിലെ കവര്‍ ഫോട്ടോയില്‍ ഇങ്ങനെ ഒരു വാചകം നമുക്ക് കാണാം. ഒരു കശ്മീരി അതും കശ്മീരി സായുധ മിലീഷ്യയാല്‍ കൊലചെയ്യപ്പെട്ട ഒരു അധ്യാപകന്റെ മകനുമായി ജനിച്ച ഷാ ഫസല്‍ 2009 ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലപ്രഖ്യാപനം വന്ന ശേഷം കശ്മീരിലെ ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമായിരുന്നു. കശ്മീരി യുവതയെ 'വിധ്വംസകത'യില്‍ നിന്ന് ദേശീയതയിലെത്തിക്കാന്‍ ആ വിജയം സഹായകരമാവുമെന്നും ദേശീയമാധ്യമങ്ങള്‍ എഴുതി. ഏതൊരു ഐഎഎസ് ടോപ്പറിനു ലഭിക്കുന്നതിനേക്കാള്‍ പ്രാധാന്യം ഷാ ഫസലിന്റെ വിജയത്തിന് ദേശീയമാധ്യമങ്ങള്‍ കല്‍പ്പിക്കാന്‍ കാരണം അതായിരുന്നു.പക്ഷേ, തുടര്‍ന്നദ്ദേഹത്തിന്റെ ഇടപെടലുകള്‍ കാര്യങ്ങള്‍ മാറ്റി മറിച്ചുവെന്നുവേണം കരുതാന്‍. ഏതൊരു കശ്മീരിയും എത്തിയ പ്രായോഗികമായ പ്രതിസന്ധിയില്‍ അദ്ദേഹവും എത്തിച്ചേര്‍ന്നതാവാം. രാജി വയ്ക്കാനുള്ള തീരുമാനിച്ചുകൊണ്ട് ചെയ്ത ട്വീറ്റില്‍ അദ്ദേഹം കേന്ദ്രസര്‍ക്കാരിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയത്. കശ്മീരില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രഭരണകൂടം വിശ്വാസ്യമായ ഒരു ശ്രമവും നടത്താത്തതില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഹിന്ദുത്വ ശക്തികളുടെ ആക്രമണത്തില്‍ 20 കോടി ഇന്ത്യന്‍ മുസ്ലിങ്ങള്‍ രണ്ടാം തരം പൗരന്മാരായി തീര്‍ന്നിരിക്കുന്നു. പാര്‍ശ്വവല്‍ക്കരണവും കാണാതാവലുകളും വര്‍ധിച്ചിരിക്കുന്നു. കശ്മീരിന്റെ പ്രത്യേക സംസ്ഥാനപദവിയും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഐഎഎസില്‍ നിന്ന് രാജി വയ്ക്കുകയാണ്. താഴ്‌വരയിലെ കൂടുതല്‍ യുവാക്കളെ ഐഎഎസ്സിലെത്തിക്കാന്‍ സഹായിക്കലും തന്റെ ലക്ഷ്യമാണെന്നും അതേ കുറിപ്പില്‍ അദ്ദേഹം പറയുന്നുണ്ട്.

നിലവില്‍ അവധിയെടുത്ത് ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ പഠനം നടത്തിക്കൊണ്ടിരിക്കയാണ് ഷാ ഫസല്‍. അതിനിടയിലാണ് രാജി പ്രഖ്യാപനം. രാജിയ്ക്കു ശേഷം രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് അഭ്യൂഹമുണ്ട്. ബ്യൂറോക്രസിയുടെ നഷ്ടം രാഷ്ട്രീയത്തിന്റെ ലാഭമാണെന്ന നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുല്ലയുടെ ട്വീറ്റ് ആ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

2018 ഏപ്രിലില്‍ ഷാ നടത്തിയ ഒരു ട്വീറ്റ് വമ്പിച്ച കോലാഹലങ്ങള്‍ക്ക് വഴിവച്ചിരുന്നു. 'പുരുഷമേധാവിത്തം+ജനസംഖ്യ+നിരക്ഷരത+മദ്യം+അശ്ലീലം+സാങ്കേതികവിദ്യ+അരാജകത്വം = റേപിസ്താന്‍' എന്ന ട്വീറ്റ് വിവാദമായതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കു ശുപാര്‍ശ ചെയ്തു. സ്വന്തം ജോലി സത്യസന്ധതയോടു ചെയ്യുന്നതില്‍ ഷാ ഫസല്‍ പരാജയപ്പെട്ടുവെന്നും ഒരു പൊതുജനസേവകന് ചേരാത്ത രീതിയില്‍ പ്രതികരിച്ചുവെന്നുമായിരുന്നു പേഴ്‌സണല്‍ & ട്രയിനിങ് വകുപ്പിന്റെ കണ്ടെത്തല്‍.

തികച്ചും വൈവിധ്യമാര്‍ന്ന ഒരു സാഹചര്യത്തില്‍ നടന്ന രാജി അത്രയും വൈവിധ്യമാര്‍ന്ന സമ്മിശ്ര പ്രതികരണത്തിനും താഴ്‌വരയില്‍ കാരണമായെന്ന് പത്രങ്ങള്‍ റിപോര്‍ട്ടു ചെയ്യുന്നു. കശ്മീരികളെ കൊന്നൊടുക്കുന്നതില്‍ പ്രതിഷേധിച്ച് ഒരാള്‍ എന്തിനാണ് അതേ സ്റ്റേറ്റ് സംവിധാനത്തിന്റെ ഭാഗമാവുന്നതെന്നായിരുന്നു ഒരാള്‍ പ്രതികരിച്ചത്. ദേശീയ വാദികളായ രാഷ്്ട്രീയക്കാര്‍ കശ്മീരിന്റെ യഥാര്‍ത്ഥ പ്രതിനിധികളല്ലെന്ന ഷാ ഫസലിന്റെ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖനം സൂചിപ്പിച്ചുകൊണ്ട് ഒരു വിമര്‍ശകന്‍ സൂചിപ്പിക്കുന്നത് അതേ വിഭാഗത്തിലേക്ക് ചേക്കേറുന്ന ഷായ്ക്ക് എങ്ങനെയാണ് ഇതേ ഭരണകൂടവുമായി യോജിച്ചു പോകാനാവുന്നതെന്നാണ്. ഒരു ഉദ്യോഗസ്ഥനെന്ന നിലയില്‍ ചെയ്യാനാവുന്നതില്‍ കൂടുതല്‍ ചെയ്യാന്‍ പുറത്തുവന്ന ഷാ ഫസലിന് കഴിയില്ലെന്നും മറ്റൊരാള്‍ ചൂണ്ടിക്കാട്ടുന്നു. പിഡിപി നേതാവ് നജ്മു സാക്വിബ് കഴിവുള്ള യുവാക്കള്‍ രാഷ്ട്രീയത്തില്‍ ചേരുന്നത് സ്വാഗതാര്‍ഹമാണെന്ന നിലപാടിലാണ്. രാഷ്ട്രീയത്തില്‍ ചേരുന്നതിലൂടെ വലിയ കാന്‍വാസില്‍ ഷായുടെ കഴിവുകള്‍ പ്രയോഗിക്കാനാവുമെന്നും അഭിപ്രായപ്പെടുന്നു.

ദേശീയതയുടെ പ്രതീകമായി മാധ്യമശ്രദ്ധ ആകര്‍ഷിച്ച ഷാ ഫസല്‍ എന്ന പ്രതീകം മറ്റൊരു രൂപത്തിലേക്ക് കൂടുമാറുന്ന പരിണാമഗതിയിലാണെന്നാണ് വാര്‍ത്തകള്‍ നല്‍കുന്ന സൂചന. നടക്കാനിരിക്കുന്ന പത്രസമ്മേളനവും അദ്ദേഹത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളും കൂടുതല്‍ വിവരങ്ങള്‍ നല്‍കിയേക്കും.Read More >>