ജി.ഡി.പി കുത്തനെ താഴോട്ട്; അംബാനിയും അദാനിയും കുത്തനെ മുകളിലോട്ട് - മോദി അധികാരമേറിയ ശേഷം ഉണ്ടായത് വന്‍ വളര്‍ച്ച

അദാനിക്ക് നാലു വര്‍ഷത്തിനിടെ സമ്പാദ്യം വളര്‍ന്നത് മൂന്നിരട്ടിയാണ്.

ജി.ഡി.പി കുത്തനെ താഴോട്ട്; അംബാനിയും അദാനിയും കുത്തനെ മുകളിലോട്ട് - മോദി അധികാരമേറിയ ശേഷം ഉണ്ടായത് വന്‍ വളര്‍ച്ച

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിന്റെ കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിയുമ്പോഴും നേട്ടമുണ്ടാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും.

ഫോബ്സ് പുറത്തുവിട്ട ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്താണ് മുകേഷ് അംബാനി. വരുമാനം 60 ബില്ല്യണ്‍ യുഎസ് ഡോളര്‍. അദാനിക്ക് നാലു വര്‍ഷത്തിനിടെ സമ്പാദ്യം വളര്‍ന്നത് മൂന്നിരട്ടിയാണ്.

രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദന നിരക്ക്(ജിഡിപി)കുത്തനെ ഇടിയുമ്പോഴാണ് ഇരുവരുടെയും മുന്നേറ്റം എന്നതാണ് ശ്രദ്ധേയം. 2018-19 കാലയളവില്‍ 7.1 ശതമാനമായിരുന്ന ജിഡിപി 2019-20 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 4.5 ശതമാനമാണ്.

മോദി സര്‍ക്കാരിനു കീഴില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഗ്രൂപ്പിന്റെ വിപണി മൂല്യം 4.84 ലക്ഷം കോടി ആയാണ് ഉയര്‍ന്നത്. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരില്‍ ഇത് 11684 കോടി മാത്രമായിരുന്നു എന്ന് സാമ്പത്തിക മാദ്ധ്യമമായ എകണോമിക് ടൈംസ് പറയുന്നു. ടെലികോം, റിട്ടെയില്‍, ഊര്‍ജ്ജ മേഖലയിലുണ്ടായ പുരോഗതിയാണ് ഇത്രയും വലിയ വളര്‍ച്ചയ്ക്ക് ഇടയാക്കിയത്. നിക്ഷേപ സ്വീകാര്യത എളുപ്പമാക്കിക്കൊണ്ടുള്ള മോദിയുടെ തീരുമാനങ്ങളും റിലയന്‍സിന് നേട്ടമായി.

ഐ.ഐ.എഫ്.എല്‍ വെല്‍ത്ത് ഹുറുണ്‍ സെപ്തംബറില്‍ പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിലാണ് ഇക്കാര്യം പറയുന്നത്. നാലു വര്‍ഷത്തിനിടെ അദാനിയുടെ ആസ്തി 2.48 ഇരട്ടിയാണ് വളര്‍ന്നത്. 94,500 കോടിയുടെ ആസ്തിയുമായി ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അദാനി. അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍ ലിമിറ്റഡ്, അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷല്‍ എകണോമിക്‌സ് സോണ്‍സ് ലിമിറ്റഡ് എന്നിവയുടെ ഷെയറുകള്‍ മോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ ശേഷം മൂന്നുമടങ്ങായി ഉയര്‍ന്നു.

അതിനിടെ, ആറര വര്‍ഷത്തിനിടെ ഏറ്റവും മോശം സാമ്പത്തിക വളര്‍ച്ചയാണ് ഇപ്പോള്‍ രാജ്യം. 2018-19ല്‍ ഇതേ വേളയില്‍ 7.1 ശതമാനം വളര്‍ച്ച കൈവരിച്ച ഘട്ടത്തില്‍ നിന്നാണ് ജി.ഡി.പിയില്‍ കുത്തിനെയുള്ള ഇടിവുണ്ടാകുന്നത്. 2018 ലെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 2.6 ശതമാനത്തിന്റെ കുറവാണ് ജി.ഡി.പിയില്‍ ഉണ്ടായിട്ടുള്ളത്. അത്രയും തൊഴില്‍ ഇല്ലാതായി, അത്രയും ഉപഭോഗം കുറഞ്ഞു എന്നര്‍ത്ഥം.

2017 - 18ലെ നാലാം പാദത്തില്‍ 8.1 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച അവിടെ നിന്നാണ് തുടര്‍ച്ചായ പാദങ്ങളില്‍ വളര്‍ച്ച താഴോട്ടു പോയത്. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് ശരാശരി സാമ്പത്തിക വളര്‍ച്ച 8.13 ശതമാനമായിരുന്നു. 2013ല്‍ 6.39 ശതമാനവും. ഇതാണ് ഇപ്പോള്‍ അഞ്ചിനും താഴേക്കു പോയിട്ടുള്ളത്. മൂന്നു വര്‍ഷം കൊണ്ടാണ് ഇത്രയും വലിയ താഴ്ച എന്നതാണ് ഏറെ ശ്രദ്ധേയം.

Read More >>