ഗാന്ധിനഗറിലെ ഭൂമി ആരുടേത്; മോദിക്കെതിരെ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

2007ലെ സത്യവാങ്മൂലത്തില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ സെക്ടര്‍ 1, പ്ലോട്ട് 411ന്റെ ഉടമ താനാണെന്ന് മോദി വ്യക്തമാക്കിയിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി 2006ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പ്ലോട്ട് 401ന്റെ ഉടമയാണെന്ന് അവകാശപ്പെടുന്നുണ്ട്

ഗാന്ധിനഗറിലെ ഭൂമി ആരുടേത്;  മോദിക്കെതിരെ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

പ്രധാനമന്ത്രി നരേന്ദ്രമോദി സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചെന്ന് കാണിച്ച് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. സാകേത് ഗോഖലെ എന്ന ഒരു മുന്‍ മാധ്യമപ്രവര്‍ത്തകനാണ് ഹരജി നല്‍കിയത്.

2007ലെ സത്യവാങ്മൂലത്തില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ സെക്ടര്‍ 1, പ്ലോട്ട് 411ന്റെ ഉടമ താനാണെന്ന് മോദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീടുള്ള സത്യവാങ്മൂലങ്ങളില്‍ ഈ പ്ലോട്ടിനെക്കുറിച്ച് പരാമര്‍ശമില്ല. 2012ലെയും 2014ലെയും സത്യവാങ്മൂലങ്ങളില്‍ ഈ പ്ലോട്ട് മോദിയുടെ ഉടമസ്ഥതയിലുള്ളതായി പറയുന്നില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി 2006ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പ്ലോട്ട് 401ന്റെ ഉടമയാണെന്ന് അവകാശപ്പെടുന്നുണ്ട്. താന്‍ മാത്രമാണ് ഈ ഭൂമിയുടെ ഉടമയെന്നായിരുന്നു സത്യവാങ്മൂലം. പിന്നീട് ഇദ്ദേഹം സമര്‍പ്പിച്ച ഒരു സത്യവാങ്മൂലത്തിലും ഈ ഭൂമിയെക്കുറിച്ച് പരാമര്‍ശമില്ല.

ഓരോ വര്‍ഷവും പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരുന്ന സ്വത്തുവിവരങ്ങളിലും ഗാന്ധിനഗറില്‍ സെക്ടര്‍ 1 പ്ലോട്ടിനെക്കുറിച്ച് പറയുന്നില്ല. ലഭ്യമായ രേഖകള്‍ പറയുന്നതു പ്രകാരം ഈ ഭൂമി ഇപ്പോഴും മോദിയുടെ കൈവശമാണുള്ളതെന്ന് ഹരജി ചൂണ്ടിക്കാട്ടുന്നു. 2012 മുതലുള്ള മോദിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളില്‍ പ്ലോട്ട് 401/A യുടെ നാലിലൊന്നിന്റെ ഉടമ താനെന്ന് മോദി പറയുന്നുണ്ട്. എന്നാല്‍ ഗാന്ധിനഗറില്‍ ഇത്തരമൊരു പ്ലോട്ട് ഉള്ളതായി ഗുജറാത്ത് റെവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭൂരേഖകളില്‍ പറയുന്നില്ല.

ആദ്യത്തെ സത്യലവാങ്മൂലത്തില്‍ തന്റെ ഉടമസ്ഥതയിലുള്ള പ്ലോട്ട് 411 താന്‍ വാങ്ങിയത് 1.3 ലക്ഷം രൂപയ്ക്കാണെന്നാണ് മോദി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇന്നത്തെ വിപണിവില പ്രകാരം 1.18 കോടി രൂപയെങ്കിലും ഈ ഭൂമിക്ക് വരും. 2007ലെ സത്യവാങ്മൂലത്തില്‍ ഈ ഭൂമിയിലെ കെട്ടിടത്തിനായി താന്‍ 30,363 രൂപ ചെലവിട്ടെന്നും മോദി പറഞ്ഞിരുന്നു. പിന്നീട് മോദി സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് 2012ലാണ്. പ്ലോട്ട് 411നു പകരം ഇതില്‍ പ്ലോട്ട് 401/A ആണ് കാണാന്‍ കഴിയുക. ഈ ഭൂമിയുടെ നാലിലൊരു ഭാഗത്തിന്റെ ഉടമയാണെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍, പ്ലോട്ട് 411 ഇതിനിടയില്‍ വില്‍ക്കുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് രേഖകളുടെ പിന്‍ബലത്തോടെ ദി കാരവാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രേഖകള്‍ പ്രകാരം മോദി തന്നെയാണ് ഈ ഭൂമിയുടെ ഇപ്പോഴത്തെ ഉടമ.

2002ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിനു ശേഷമാണ് ഈ ഭൂമി മോദി വാങ്ങിയിരിക്കുന്നത്. എന്നാല്‍, ഏതുവിധേനയാണ് ഈ ഭൂമി താന്‍ സ്വന്തമാക്കിയതെന്ന് മോദി വ്യക്തമാക്കിയിട്ടില്ല.

2014ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പ്ലോട്ട് 401/A യുടെ നാല് ഉടമകളിലൊരാളാണ് താനെന്ന് അരുണ്‍ ജെയ്റ്റ്ലിയും പറയുന്നുണ്ട്. ഈ ഭൂമി തനിക്ക് പതിച്ചുതന്നമത് ഗാന്ധിനഗര്‍ 'മാമ്ലാത്ദാറാ'ണെന്നും സത്യവാങ്മൂലത്തില്‍ ജെയ്റ്റ്ലി പറയുന്നു. ജില്ലാ കളക്ടറുടെ കീഴില്‍ ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്ന അധികാരിയാണ് മാമ്ലാത്ദാര്‍. നിലവില്‍ ലഭ്യമായ രേഖകള്‍ പറയുന്നവതു പ്രകാരം ഈ ഭൂമിയുടെ ഏക ഉടമ ജെയ്റ്റ്ലിയാണ്.

ഗാന്ധിനഗറിലെ കണ്ണായ സ്ഥലമാണ് സെക്ടര്‍ 1. രാഷ്ട്രീയനേതാക്കളാണ് സ്ഥലമുടമകളെന്ന് റിപ്പോര്‍ട്ട് പറയുന്നു. അമിത് ഷാ, ജന കൃഷ്ണമൂര്‍ത്തി തുടങ്ങിയ ബിജെപി നേതാക്കളാണ് ഇവിടെ സ്ഥലം കൈയടക്കിയിരിക്കുന്നത്.

Read More >>