ഗാന്ധിയെ 'ഏറ്റെടുത്ത്' ആര്‍.എസ്.എസ്; ഹിന്ദുവാണ് എന്നു പറയാന്‍ ഗാന്ധിക്ക് മടിയുണ്ടായിരുന്നില്ല: മോഹന്‍ ഭാഗവത്

ഗാന്ധിയെ കുറിച്ചുള്ള ജഗ്മോഹന്‍ സിങ് രജ്പുതിന്റെ പുസ്‌കതത്തെ അധികരിച്ചു സംസാരിക്കവെയാണ് ഭാഗവത് ഗാന്ധിയെ കുറിച്ച് സംസാരിച്ചത്.

ഗാന്ധിയെ

ന്യൂഡല്‍ഹി: ഹിന്ദുവാണ് എന്നു പറയാന്‍ മഹാത്മാഗാന്ധിക്ക് മടിയുണ്ടായിരുന്നില്ല എന്ന് ആര്‍.എസ്.എസ് അദ്ധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഗാന്ധി തന്നെ ഒരുപാട് തവണ അതു പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഗാന്ധി സ്മൃതി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആര്‍.എസ്.എസ് അദ്ധ്യക്ഷന്‍.

ഗാന്ധി കോ സമഛ്‌നെ കാ യഹി സമയ് (ഗാന്ധിയെ മനസ്സിലാക്കാനുള്ള സമയമിതാണ്) എന്ന പേരിലാണ് ഗാന്ധിസ്മൃതി സംഘടിപ്പിച്ചത്.

ഗാന്ധിയെ കുറിച്ചുള്ള ജഗ്മോഹന്‍ സിങ് രജ്പുതിന്റെ പുസ്‌തകത്തെ അധികരിച്ചു സംസാരിക്കവെയാണ് ഭാഗവത് ഗാന്ധിയെ കുറിച്ച് സംസാരിച്ചത്.

' ഗാന്ധിജി ഭാരതത്തിന്റെ ഭാഗ്യപഥത്തില്‍ ദീപസ്തംഭം പോലെ ഉയര്‍ന്നുനില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ പ്രകാശം അവിരാമമാണ്. ആ വഴിയില്‍ സഞ്ചരിക്കേണ്ടതുണ്ട്. ഗാന്ധിജിയുടെ ജീവിതത്തെ പിന്തുടരേണ്ടതുണ്ട്. സ്വന്തം ജീവിതത്തില്‍ സത്യനിഷ്ഠ പുലര്‍ത്തിയ ആളായിരുന്നു ഗാന്ധി. ഹൃദയം കൊണ്ട് സനാതന ഹിന്ദുവായിരുന്നു അദ്ദേഹം ' - അദ്ദേഹം പറഞ്ഞു.

1948 ജനുവരി 30ന് നടന്ന ഗാന്ധി വധത്തിന്റെ പേരില്‍ രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍.എസ്.എസ്. പ്രഥമ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലാണ് സംഘടനയെ നിരോധിച്ചത്. ഗാന്ധി വധവുമായി ബന്ധപ്പെട്ട് അന്നത്തെ സര്‍സംഘ് ചാലക് എം.എസ് ഗോള്‍വാര്‍ക്കര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഗാന്ധിയെ കൊന്ന ശേഷം രാജ്യത്തെ ചിലയിടങ്ങളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മധുരവിതരണം നടത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നീട് ആര്‍.എസ്.എസ് നിരോധനം എടുത്തു കളഞ്ഞു.

Next Story
Read More >>