അവിടെ ഖബറുകളുണ്ട്; തകര്‍ത്ത പള്ളിക്കു ചുറ്റും രാമക്ഷേത്രം നിര്‍മിക്കരുതെന്ന് അയോദ്ധ്യ നിവാസികള്‍

രാമക്ഷേത്രം ഈ പ്രത്യേക സ്ഥലത്തു നിര്‍മിക്കരുത് എന്നാണ് ആവശ്യം.

അവിടെ ഖബറുകളുണ്ട്; തകര്‍ത്ത പള്ളിക്കു ചുറ്റും രാമക്ഷേത്രം നിര്‍മിക്കരുതെന്ന് അയോദ്ധ്യ നിവാസികള്‍

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ കര്‍സേവകര്‍ തകര്‍ത്ത ബാബരി മസ്ജിദിന്റെ അഞ്ചേക്കര്‍ ചുറ്റുവട്ടത്തെ ഭൂമിയില്‍ അമ്പലം പണിയരുതെന്ന ആവശ്യവുമായി പ്രദേശവാസികള്‍. അവിടെ 1855ലെ കലാപത്തില്‍ മരിച്ചച നിരവധി പേരുടെ ഖബറുകള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു. രാമക്ഷേത്രം ഈ പ്രത്യേക സ്ഥലത്തു നിര്‍മിക്കരുത് എന്നാണ് ആവശ്യം.

ഇതുസംബന്ധിച്ച് ഒമ്പത് പ്രദേശവാസികള്‍ രാം മന്ദിര്‍ ട്രസ്റ്റിന് കത്തയച്ചു. മൂന്നു വശവും ഖബറിസ്ഥാന്‍ കൊണ്ട് ചുറ്റപ്പെട്ട പള്ളിയായിരുന്നു ബാബരി മസ്ജിദ്. ഈ ഭൂമിയില്‍ ക്ഷേത്രം പാടില്ലെന്ന് നേരത്തെ അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡും ആവശ്യമുന്നയിച്ചിരുന്നു.

സുപ്രിംകോടതി വിധി പ്രകാരം രാമക്ഷേത്രത്തിന് ട്രസ്റ്റ് രൂപീകരിച്ചതായി ഫെബ്രുവരി ആദ്യവാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നത്. ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര എന്ന പേരിലുള്ള ട്രസ്റ്റില്‍ 15 അംഗങ്ങളാണ് ഉള്ളത്. ബാബരി മസ്ജിദ് പൊളിച്ച 2.77 ഏക്കര്‍ ഭൂമിക്ക് പുറമേ, കേന്ദ്രത്തിന്റെ അധീനതയിലുള്ള 67 ഏക്കര്‍ ഭൂമി കൂടി ട്രസ്റ്റ് പതിച്ചു നല്‍കാനാണ് തീരുമാനം.

അയോദ്ധ്യയില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ വര്‍ഗീയ കലാപം നടന്ന വര്‍ഷമാണ് 1855. ഹനുമാന്‍ഗിരി ക്ഷേത്രത്തെ ചൊല്ലിയായിരുന്നു ഈ കലാപമെന്ന് അനാട്ടമി ഓഫ് എ കോണ്‍ഫ്രണ്ടേഷന്‍; അയോദ്ധ്യ ആന്‍ഡ് ദ റൈസ് ഓഫ് കമ്യൂണല്‍ പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ പുസ്തകത്തില്‍ കെ.എം പണിക്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളിക്കു മുകളിലാണ് ഹനുമാന്‍ഗിരി ക്ഷേത്രം നിര്‍മിച്ചത് എന്ന് ഒരുകൂട്ടം മുസ്‌ലിംകള്‍ അവകാശപ്പെട്ടതാണ് കലാപത്തിന് കാരണമായത്. കലാപത്തില്‍ ഇവര്‍ അഭയം പ്രാപിച്ചത് ബാബരി മസ്ജിദിലാണ്.

സംഘര്‍ഷം അന്വേഷിക്കാന്‍ അവധിലെ അന്നത്തെ നവാബ് ഒരു അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. ക്ഷേത്രം നിര്‍മിച്ചത് പള്ളി പൊളിച്ചല്ല എന്ന നിഗമനത്തിലാണ് കമ്മിഷന്‍ എത്തിയത്.

Next Story
Read More >>