കൊറോണ വൈറസില്‍ നിന്ന് രക്ഷ തേടി ചൈനീസ് പ്രസിഡണ്ട് മുസ്‌ലിം പള്ളിയില്‍- വസ്തുത ഇതാണ്

ചൈനീസ് പ്രധാനമന്ത്രി ആയിരുന്ന ലി കെക്വിയാങിന്റെ ഒരു വീഡിയോയും സമാന രീതിയില്‍ പ്രചരിക്കുന്നുണ്ട്.

കൊറോണ വൈറസില്‍ നിന്ന് രക്ഷ തേടി ചൈനീസ് പ്രസിഡണ്ട് മുസ്‌ലിം പള്ളിയില്‍- വസ്തുത ഇതാണ്

ബീജിങ്: കൊറോണ വൈറസ് ബാധയ്ക്കിടെ, മുസ്‌ലിം സമുദായത്തിന്റെ അനുഗ്രഹം തേടി ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിങ് മുസ്‌ലിം പള്ളി സന്ദര്‍ശിച്ചു എന്ന വാര്‍ത്തയും വീഡിയോയും സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.

'ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ് മസ്ജിദ് സന്ദര്‍ശിച്ച് നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ മുസ്‌ലിംകളോട് ദുആ (പ്രാര്‍ത്ഥന) ചെയ്യാന്‍ ആവശ്യപ്പെടുന്നു' - എന്ന വിശദീകരണക്കുറിപ്പോടെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്.

വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങളില്‍ എല്ലാം വീഡിയോ വന്‍ തോതില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

> എന്താണ് വസ്തുത?

ഷി ജിന്‍പിങ് പള്ളി സന്ദര്‍ശിച്ചു എന്നത് സത്യമാണ്. എന്നാല്‍ സന്ദര്‍ശനം നടന്നത് 2016 ജൂലൈയിലാണ്. ഒരു വസ്തുതാ പഠന സംഘത്തിനൊപ്പം വടക്കുകിഴക്കന്‍ ചൈനയിലെ നിങ്ഷ്യ ഹുയിയില്‍ സന്ദര്‍ശനം നടത്തവെ എടുത്ത വീഡിയോ ആണിത്. ഇതിന് നിലവിലെ കൊറോണോ വൈറസ് ബാധയുമായി ഒരു ബന്ധവുമില്ല.

ചൈനീസ് ടെലിവിഷനായ സി.സി.ടി.വി പ്ലസ് തന്നെയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇത് അപ്‌ലോഡ് ചെയ്തത് 2016 ജൂലൈയിലാണ്. ചൈനീസ് പ്രസിഡണ്ട് വടക്കുകിഴക്കന്‍ ചൈനയിലെ വലിയമസ്ജിദ് സന്ദര്‍ശിക്കുന്നു എന്നാണ് തലക്കെട്ട്.

>പ്രധാനമന്ത്രിയുടെ സന്ദര്‍ശനം

ചൈനീസ് പ്രധാനമന്ത്രി ആയിരുന്ന ലി കെക്വിയാങിന്റെ ഒരു വീഡിയോയും സമാന രീതിയില്‍ പ്രചരിക്കുന്നുണ്ട്.

വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ ലോഗോയുള്ള വീഡിയോ ആണ് വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

'ഞങ്ങള്‍ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തും. കൊറോണ വൈറസില്‍ നിന്ന് രക്ഷ പള്ളിയിലെത്തി അല്ലാഹുവിന് മുമ്പില്‍ സാഷ്ടാംഗം ചെയ്യുക മാത്രമാണ്' എന്ന സന്ദേശങ്ങളോടെയാണ് വീഡിയോ കൈമാറ്റം ചെയ്യപ്പെടുന്നത്. വിവിധ പേജുകളിലായി ആയിരങ്ങളാണ് വീഡിയോ ഷെയര്‍ ചെയ്തത്.

> എന്താണ് വസ്തുത?

യഥാര്‍ത്ഥത്തില്‍ പള്ളിയില്‍ പ്രാര്‍ത്ഥനക്ക് എത്തിയത് ചൈനീസ് പ്രധാനമന്ത്രിയല്ല. അത് മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി അബ്ദുല്ല അഹ്മദ് ബദവിയുടേതാണ്. 2015ല്‍ ചൈനീസ് തലസ്ഥാനമായ ബീജിങിലെ നാന്‍ഷിയപോ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് (ജുമുഅ) എത്തിയപ്പോള്‍ ഷൂട്ട് ചെയ്ത വീഡിയോ ആണിത്.

ഇതു മാത്രമല്ല, ലി കെക്വിയാങ് നിലവില്‍ ചൈനീസ് പ്രധാനമന്ത്രിയുമല്ല. 2013ല്‍ അദ്ദേഹം അധികാരമൊഴിഞ്ഞിട്ടുണ്ട്.

Next Story
Read More >>