എന്‍.പി.ആര്‍: കേന്ദ്രം പിടിവാശി ഉപേക്ഷിക്കുന്നു- സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍

ആദ്യ പടിയായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍.ജി.ഐ) വിവേക് ജോഷി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി കൂടിക്കാഴ്ച നടത്തി.

എന്‍.പി.ആര്‍: കേന്ദ്രം പിടിവാശി ഉപേക്ഷിക്കുന്നു- സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍

ന്യൂഡല്‍ഹി: രാജ്യത്തുടനീളം ശമനമില്ലാതെ തുടരുന്ന പ്രതിഷേധത്തിനിടെ ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ (എന്‍.പി.ആര്‍) അനുനയനീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. എന്‍.പി.ആറുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാറുകളുമായി ചര്‍ച്ച നടത്താനാണ് കേന്ദ്രനീക്കം. ഇതിന്റെ ആദ്യ പടിയായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍.ജി.ഐ) വിവേക് ജോഷി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി കൂടിക്കാഴ്ച നടത്തി.

രാജ്യത്തുടനീളം എന്‍.പി.ആര്‍ നടത്താന്‍ ചുമതലയുള്ള വ്യക്തിയാണ് ആര്‍.ജി.ഐ. ഇതിനായി വിഭവശേഷി നല്‍കേണ്ടത് സംസ്ഥാനങ്ങളാണ്. വെള്ളിയാഴ്ചയായിരുന്നു അമരീന്ദര്‍ സിങുമായുള്ള കൂടിക്കാഴ്ച.

കേന്ദ്രവുമായി ഇടഞ്ഞു നില്‍ക്കുന്ന കേരളം, പശ്ചിമബംഗാള്‍, പുതുച്ചേരി, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരുമായും ആര്‍.ജി.ഐ ചര്‍ച്ച നടത്തുന്നുണ്ട്.

ഏപ്രില്‍ -സെപ്റ്റംബര്‍ മാസത്തിനുള്ളില്‍ എന്‍പിആര്‍, സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനോടു സഹകരിച്ചിട്ടില്ല. പിന്നാലെയാണു കേന്ദ്രം അനുനയനീക്കവുമായി രംഗത്തെത്തുന്നത്. കേരളത്തിനു പുറമേ, എന്‍പിആര്‍ നടപടികളുമായി സഹകരിക്കില്ലെന്ന് പശ്ചിമബംഗാളും കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളും അറിയിച്ചിട്ടുണ്ട്.

എന്‍.പി.ആറിലെ മാതാപിതാക്കളുടെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ എന്‍.ഡി.എ സഖ്യകക്ഷികളും അതൃപ്തി അറിയിച്ചിരുന്നു. വരാനിരിക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററിന് (എന്‍.ആര്‍.സി) വേണ്ടിയുള്ള ആദ്യപടിയാണ് ഈ ചോദ്യങ്ങള്‍ എന്നാണ് വിമര്‍ശം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, സഖ്യകക്ഷിയായ എല്‍.ജെ.പി, ശിരോമണി അകാലിദള്‍ തുടങ്ങിയവരും ഇതിനെതിരെ രംഗത്തു വന്നിരുന്നു.

എന്‍.പി.ആറുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ആര്‍.ജി.ഐയും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയും സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറി യോഗത്തില്‍ പങ്കെടുത്തില്ല.

മാതാപിതാക്കളുടെ ജനനസ്ഥലം, ജനന തിയ്യതി എന്നിവ സംബന്ധിച്ചുള്ള എന്‍.പി.ആറിലെ വിവാദ ചോദ്യങ്ങള്‍ക്ക് മറുപടി നിര്‍ബന്ധമാക്കില്ലെന്നും സൂചനയുണ്ട്. ഈ രണ്ട് ചോദ്യങ്ങളും ഒഴിവാക്കുമെന്ന് നേരത്തെ കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഈ ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള ഷീറ്റില്‍ ചില സംസ്ഥാനങ്ങള്‍ എന്‍.പി.ആറിന്റെ ട്രയല്‍ റണ്‍ നടത്തിയിരുന്നു. ആധാര്‍ നമ്പര്‍, പാന്‍ നമ്പര്‍, ഡ്രൈവിങ് സൈലന്‍സ്, മൊബൈല്‍ നമ്പര്‍, വോട്ടര്‍ ഐ.ഡി എന്നിവയാണ് മറ്റു പുതിയ ചോദ്യങ്ങള്‍. 2010ലെ അവസാന കരടില്‍ ഇവയുണ്ടായിരുന്നില്ല.

എന്‍.പി.ആറില്‍ മാതാപിതാക്കളുടെ ജനനസ്ഥലം ചോദിച്ചതോടെയാണ്, രാജ്യത്തുടനീളം പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നു എന്ന ഭീതി ഉടലെടുത്തത്.

'മാതാവിന്റെയും പിതാവിന്റെയും ജന്മസ്ഥലം. ഇന്ത്യയിലാണെങ്കില്‍ സംസ്ഥാനവും ജില്ലയും, ഇന്ത്യയ്ക്ക് പുറത്താണെങ്കില്‍ രാജ്യത്തിന്റെ പേര്'- ഇങ്ങനെയാണ് ചോദ്യമുണ്ടായിരുന്നത്. നിയമവിദഗ്ധര്‍ പറയുന്നതു പ്രകാരം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടത് നിര്‍ബന്ധമാണ്. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് നിയമപ്രകാരം കുറ്റകരവും.

Read More >>