ഒളകരയിലെ പൊലീസ് അതിക്രമം സുപ്രീംകോടതി വിധി നടപ്പാക്കാനോ

വനാവകാശ നിയമത്തില്‍ സുപ്രീം കോടതി വിധിപ്രകാരം കേരളത്തിലെ 860 ആദിവാസികുടുംബങ്ങള്‍ കുടിയിറക്കപ്പെടും. തൃശൂര്‍ ജില്ലയില്‍ മാത്രം 439 ആദിവാസി കുടുംബങ്ങളാണ് കുടിയിറക്കപ്പെടുക.

ഒളകരയിലെ പൊലീസ് അതിക്രമം  സുപ്രീംകോടതി വിധി നടപ്പാക്കാനോ

ഒളകര കോളനിയില്‍ വനപാലകര്‍ കഴിഞ്ഞ ദിവസം നടത്തിയത് കേവലം ആട്ടിന്‍ കൂടുപൊളിക്കലല്ല. മറിച്ച് ആദിവാസികളെ ഭൂമിയില്‍ നിന്ന് ഇറക്കിവിടണമെന്നുള്ള സുപ്രീം കോടതി വിധിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനമാണെന്ന് സൂചന.

സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാരുകളും തയ്യാറായിട്ടില്ല. ചീഫ് സെക്രട്ടറിമാരെ ഇതിനായി വിളിച്ചിട്ടു മില്ല. സുപ്രീം കോടതി വിധിയുടെ കേട്ടറിവ് വെച്ചു പിണറായി സര്‍ക്കാര്‍ വിധി നടപ്പിലാക്കാന്‍ ഒളകരയില്‍ തുടക്കം കുറിച്ചിരിക്കുകയാണെന്ന് ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ആരോപിച്ചു.

വനാവകാശനിയമം ദുര്‍ബ്ബലമാക്കിക്കൊണ്ടുള്ള സുപ്രിം കോടതി വിധിക്കെതിരെ രാജ്യത്തെമ്പാടുമുള്ള ആദിവാസികളും ജനാധിപത്യവാദികളും രംഗത്തെത്തിയിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്. ആദിവാസി ജനതയെ കുടിയൊഴിപ്പിക്കുന്നതിനെതിരെയുള്ള നിയമ നടപടിക്ക് സര്‍ക്കാര്‍ പോകുമെന്ന് പറഞ്ഞ് അതിന്റെ മഷി ഉണങ്ങുന്നതിന് മുന്‍പാണ് ഫോറസ്റ്റ് അധികൃതരുടെ നടപടി.

പീച്ചി ഫോറസ്റ്റ് ഡിവിഷന് കീഴിലെ ആദിവാസി കോളനിയാണ് ഒളകര. വനാവകാശ നിയമ പ്രകാരം പീച്ചി ചിമ്മിനി ഡിവിഷനിലെ മറ്റെല്ലാ ആദിവാസികള്‍ക്കും ശരാശരി അഞ്ചു ഏക്കര്‍ ഭൂമി ലഭിച്ചപ്പോള്‍ ഒളകരക്കാര്‍ക്ക് ഒന്നും കിട്ടിയില്ല. 1950 മുതല്‍ സ്ഥിരതാമസക്കാരായ ഇവിരിലെ ഭൂരിഭാഗം പേര്‍ക്കും സ്വന്തമായി ഭൂമിയില്ല. എന്നാല്‍ ഇവിടെ 20 മുതല്‍ 30 വരെ ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കുണ്ട്. 2006ല്‍ കോളനിയില്‍ ഭൂമി അളന്ന് തിട്ടിപ്പെടുത്തി വിതരണം ചെയ്യാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചെങ്കിലും ഇത് പാതിവഴിയില്‍ നിന്നു. കോളനിയിലെ സ്വാകര്യ വ്യക്തികളുടെ പട്ടയ ഭൂമി വിലയ്ക്ക് വാങ്ങി ആദിവാസികള്‍ക്ക് നല്‍ക്കാന്‍ തീരുമാനിച്ചെങ്കിലും ഇതും നടപ്പായില്ല. നിലവില്‍ വന്‍തോതില്‍ ആനൂകൂല്യങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും സ്വന്തമായി ഭൂമിയില്ലാത്തതിന്റെ പേരില്‍ ഇതെല്ലാം നിഷേധിക്കപ്പെടുകയാണ്.

ഒളകരയില്‍നടത്തിയ അക്രമത്തിന് ഒരു ന്യായീകരണവുമില്ലെന്ന് ദളിത്-ആദിവാസി ഇന്റിപെന്റന്റ് സോഷ്യല്‍ അസംബ്ലി (ദിശ) സംസ്ഥാന പ്രസിഡന്റ് എം.എ ലക്ഷ്മണന്‍ പറഞ്ഞു. ഒരു സുപ്രഭാതത്തില്‍ വനഭൂമി കയ്യേറിയതല്ല ഒളകരയിലെ ആദിവാസികള്‍. കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലമായി കൈവശം വെച്ച് കൃഷി നടത്തി വരുന്ന ഭൂമിയിലാണ് ഇത്തരം നടപടി. നിവധി സമരങ്ങളുടെ ഭാഗമായി ഒരേക്കര്‍ ഭൂമിയും വീടുവെക്കാനുള്ള പണവും ആദിവാസികള്‍ക്ക് നല്‍കാമെന്ന് ഭരണകൂടം ഉറപ്പു നല്‍കിയതാണ്. ഇവയൊന്നും നടപ്പിലാക്കപ്പെട്ടിട്ടില്ല. ഇതിനിടയിലാണ് പൊലീസ് ആദിവാസികള്‍ക്കെതിരായി അതിക്രമം നടത്തിയത്. സുപ്രീം കോടതി വിധി പ്രകാരം തൃശൂര്‍ ജില്ലയിലെ 439 ആദിവാസികുടുംബങ്ങളാണ് കുടിയിറക്കപ്പെടുക. ഇതില്‍ ഒളകര കോളനിയിലുള്ളവരും ഉള്‍പ്പെടും. ഇത്രയും പെട്ടന്ന് ആദിവാസികള്‍ക്ക് ഭൂമിയുടെ അവകാശം നല്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ദിശ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ആദിവാസി ദളിത് മേഖലയിലെ എല്ലാ പ്രവര്‍ത്തകരെയും കൂട്ടി പുതിയ ഒരു കൂട്ടായ്മ തുടങ്ങാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ട്രൈബല്‍ പദ്ധതിയുടെ ഭാഗമായി ട്രൈബല്‍ പ്രൊമോട്ടര്‍മാരുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ആട്ടിന്‍കൂടാണ്‌ ഒളകര കോളനിയില്‍ തകര്‍ത്തെറിഞ്ഞതെന്ന് ദിശ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. സനല്‍ പറഞ്ഞു. 2018ല്‍ തൃശൂര്‍ ഡി.എഫ്.ഒ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് കൊടുത്തിട്ടുള്ള റിപ്പോര്‍ട്ടില്‍ ആദിവാസി ജനവിഭാഗങ്ങള്‍ ഭൂമി കൈവശം വെച്ച് അനുഭവിക്കുന്നതില്‍ വിരോധമില്ല എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. തൃശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ ഭൂമി കൈവശം വെച്ച് അനുഭവിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു സുപ്രഭാതത്തില്‍ വനപാലകരും ഭരണകൂടവും ഒളകര കോളനിയില്‍ നടത്തിയ അതിക്രമത്തെ വനവകാശ നിമയം കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ തുടക്കമായിട്ടാണ് കോളനിവാസികളും ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും കരുതുന്നത്.

Read More >>