പെട്ടെന്നു വേണ്ട! ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളില്‍ നടപടിയെടുക്കാന്‍ ഒരു മാസം നീട്ടി നല്‍കി ഡല്‍ഹി ഹൈക്കോടതി

ബുധനാഴ്ച ഡല്‍ഹി പൊലീസിനെതിരെ രൂക്ഷമായ പ്രതികരണം നടത്തിയ ജസ്റ്റിസ് എസ് മുരളീധറിന്റെ ബഞ്ച് എത്രയും വേഗം നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നു

പെട്ടെന്നു വേണ്ട! ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളില്‍ നടപടിയെടുക്കാന്‍ ഒരു മാസം നീട്ടി നല്‍കി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിന് കാരണമായെന്ന് പറയപ്പെടുന്ന ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസ്താവനകളില്‍ നടപടിയെടുക്കാന്‍ സമയം നീട്ടി നല്‍കി ഡല്‍ഹി ഹൈക്കോടതി. ഒരു മാസത്തെ സമയാണ് ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍ അദ്ധ്യക്ഷനും സി ഹരിശങ്കര്‍ അംഗവുമായി ബഞ്ച് നല്‍കിയത്. കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ബുധനാഴ്ച ഡല്‍ഹി പൊലീസിനെതിരെ രൂക്ഷമായ പ്രതികരണം നടത്തിയ ജസ്റ്റിസ് എസ് മുരളീധറിന്റെ ബഞ്ച് എത്രയും വേഗം നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നു. ഇല്ല എങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച അര്‍ദ്ധരാത്രിയാണ് കേന്ദ്രസര്‍ക്കാര്‍ തിടുക്കത്തില്‍ ജസ്റ്റിസ് മുരളീധരിനെ പഞ്ചാബ്-ഹരിയാന കോടതിയിലേക്ക് സ്ഥലം മാറ്റിയത്.

ഇതുമായി ബന്ധപ്പെട്ട ഭരണ-പ്രതിപക്ഷ വിവാദം ചൂടുപിടിച്ചു നില്‍ക്കുന്ന വേളയിലാണ് തിടുക്കത്തില്‍ നടപടി വേണ്ടെന്ന ഹൈക്കോടതി ഉത്തരവ് വരുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, കപില്‍ മിശഅര, അഭയ് വര്‍മ്മ, പര്‍വേശ് വര്‍മ്മ തുടങ്ങിയവര്‍ക്കെതിരെ നടപടിയെടുക്കാനാണ് ജസ്റ്റിസ് മുരളീധറിന്റെ ബഞ്ച് ആവശ്യപ്പെട്ടിരുന്നത്. പൊലീസ് നിഷ്‌ക്രിയത്വത്തെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം മറ്റൊരു 1984 ആവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഇന്ന് ഉച്ച തിരിഞ്ഞ് വീണ്ടും വാദം കേട്ട ഹര്‍ജിയില്‍ ഒരു ദിവസം പോലും കാത്തിരിക്കരുത് എന്നും എത്രയും വേഗം കുറ്റക്കാര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് വാദിച്ചു. പോയി കൊല്ലൂ എന്നായിരുന്നു ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ മുദ്രാവാക്യമെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ തങ്ങള്‍ക്കും കാര്യങ്ങള്‍ പറയാനുണ്ട് അതുകൂടി കേട്ടുമാത്രമേ ഉത്തരവ് പുറപ്പെടുവിക്കാവൂ എന്നും കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചേതന്‍ ശര്‍മ്മ അഭ്യര്‍ത്ഥിച്ചു. ഇതോടെ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി കേന്ദ്രസര്‍ക്കാറിന് നാലാഴ്ച സമയം നല്‍കുകയായിരുന്നു.

കലാപത്തില്‍ ഇതുവരെ 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ അറിയിച്ചു.

ഡല്‍ഹി പൊലീസിന് വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിലവിലെ സാഹചര്യത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന് കോടതിയെ അറിയിച്ചു. കേസെടുത്താല്‍ അത് സമധാന അന്തരീക്ഷത്തെ ഇല്ലാതാക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Next Story
Read More >>