ജോളിയുടെ ഒരു ഫോണ്‍ മകന്റെ കൈയില്‍, ബാക്കി രണ്ടെണ്ണം എവിടെ?- അന്വേഷണം കട്ടപ്പനയിലേക്ക്

ഫോണുകള്‍ കാണുന്നില്ല എന്നാണ് ഷാജു പറഞ്ഞിരുന്നത്

ജോളിയുടെ  ഒരു ഫോണ്‍ മകന്റെ കൈയില്‍, ബാക്കി രണ്ടെണ്ണം എവിടെ?- അന്വേഷണം കട്ടപ്പനയിലേക്ക്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവെ ഒരു ഫോണ്‍ പൊലീസ് കണ്ടെത്തി. പ്രതി ജോളി ഉപയോഗിച്ച ഫോണ്‍ ആണ് കട്ടപ്പനയിലുള്ള മകന്റെ കൈയില്‍നിന്ന് കണ്ടെത്തിയത്.

ഇന്നലെ രാത്രിയോടെ കട്ടപ്പനയില്‍ എത്തിയ കൊയിലാണ്ടി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫോണ്‍ കണ്ടെത്തിയത്. നിര്‍ണായക വിവരങ്ങള്‍ ഫോണില്‍ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ജോളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനായാണ് അന്വേഷണ സംഘം കട്ടപ്പനയിലെത്തിയത്. ജോളിയുടെ ബന്ധങ്ങളെ കുറിച്ചും മറ്റും അറിയുന്നതിനാണ് പൊലീസ് ശ്രമിക്കുന്നത്.

അതേസമയം, ജോളിക്ക് മൂന്ന് മൊബൈല്‍ ഫോണ്‍ ഉണ്ട് എന്നാണ് കരുതുന്നത്. അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുമ്പ് ജോളി നിരന്തരം പലരെയും വിളിച്ചിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നിയമസഹായം ആവശ്യപ്പെട്ട് ലീഗ് നേതാവ് ഇമ്പിച്ചമ്മദ് അടക്കമുള്ള ആളുകളെ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഫോണുകള്‍ കാണുന്നില്ല എന്നാണ് ഭര്‍ത്താവ് ഷാജു പറഞ്ഞിരുന്നത്. ഇത് തന്റെ കൈയിലിലില്ലെന്നും അദ്ദേഹം പറയുന്നു. ഇവ അടുത്ത സുഹൃത്തുക്കളുടെ കൈയിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി ജോളിയുടെ ഫോണിലേക്ക് കൂടുതല്‍ വിളിച്ചവരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. അറസ്റ്റിലാവുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ ജോളി ഏറ്റവും കൂടുതല്‍ വിളിച്ചത് കൂടത്തായി സ്വദേശിയും തിരുപ്പൂരില്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരനുമായ ജോണ്‍സണിനെയാണ്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് ജോണ്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജോളിയുമായി സൗഹൃദം പുലര്‍ത്തുന്ന സി.പി.എം, കോണ്‍ഗ്രസ്, മുസ് ലിംലീഗ് നേതാക്കളേയും ചോദ്യം ചെയ്യും. വനിതാ തഹസില്‍ദാരേയും ജോളി പലതവണ വിളിച്ചിട്ടുണ്ട്. നേരത്തെ തന്നെ ഇവരില്‍ പലരുടെയും മൊഴി എടുത്തിരുന്നുവെങ്കിലും ജോളിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തുന്ന ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്.

ഇപ്പോള്‍ കൂടത്തായില്‍ ഉള്ള ബി.എസ്.എന്‍.എല്‍ ജീവനക്കാരനോട് സ്ഥലത്ത് ഉണ്ടാവണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

>മൊബൈല്‍ നിര്‍ണായക തെളിവ്

സാക്ഷികളില്ലാത്ത കേസില്‍ ജോളിയുടെ മൊബൈല്‍ നിര്‍ണായക തെളിവാകുമെന്നാണ് കരുതപ്പെടുന്നത്. ഇതടക്കം കണ്ടെത്താനാണ് അന്വേഷണ സംഘം ഷാജുവിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഫോണ്‍ എവിടെ എന്ന് ക്രൈംബ്രാഞ്ച് സംഘം ഷാജു ഉള്‍പ്പെടെയുള്ള കുടുംബംഗങ്ങളോട് ചോദിച്ചെങ്കിലും അറിയില്ലെന്നും പൊന്നാമറ്റം വീട്ടില്‍ കാണുമെന്നാണ് ഷാജു മറുപടി നല്‍കിയത്.

Read More >>