കശ്മീര്‍ ശാന്തമെന്ന മോദിസര്‍ക്കാര്‍ വാദം തെറ്റ്; താഴ്‌വരയില്‍ റിപ്പോര്‍ട്ട് ചെയ്തത് മുന്നൂറിലേറെ കല്ലേറെന്ന് ഇന്റലിജന്‍സ്

2019ലെ ആദ്യ ആറുമാസത്തില്‍ നാല്‍പ്പത് കല്ലേറുകള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

കശ്മീര്‍ ശാന്തമെന്ന മോദിസര്‍ക്കാര്‍ വാദം തെറ്റ്; താഴ്‌വരയില്‍ റിപ്പോര്‍ട്ട് ചെയ്തത് മുന്നൂറിലേറെ കല്ലേറെന്ന് ഇന്റലിജന്‍സ്

ന്യൂഡല്‍ഹി: കശ്മീരില്‍ സര്‍ക്കാര്‍ അവകാശവാദങ്ങളുടെ മുനയൊടിച്ച് സുരക്ഷാ സേനയുടെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഓഗസ്റ്റ് അഞ്ചിന് സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം താഴ്‌വരയില്‍ മുന്നൂറിലേറെ കല്ലേറുകളാണ് റിപ്പോര്‍ട്ട് ചെയ്തത് എന്ന് രേഖകള്‍ പറയുന്നു.

നൂറിലധികം സുരക്ഷാ സൈനികര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. ഇതില്‍ 89 പേര്‍ കേന്ദ്ര അര്‍ദ്ധ സൈനിക വിഭാഗത്തില്‍ നിന്നുള്ളവരാണ്. പ്രത്യേക പദവി എടുത്തു കളഞ്ഞതു മുതലുള്ള വന്‍ സുരക്ഷാ സന്നാഹം ഭേദിച്ചാണ് ഇത്രയും പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുള്ളത്.

2019ലെ ആദ്യ ആറുമാസത്തില്‍ നാല്‍പ്പത് കല്ലേറുകള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്തിന് പ്രത്യേക പദവി അനുശാസിക്കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളയാനുള്ള കേന്ദ്ര തീരുമാനത്തിന് പാര്‍ലമെന്റ് അനുമതി നല്‍കിയത് ഓഗസ്റ്റ് ആറിനാണ്. പിന്നീട് കശ്മീരിനെ ജമ്മു, കശ്മീര്‍ എന്നിങ്ങനെ രണ്ട് പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയായിരുന്നു.

വിവിധ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് നാലായിരത്തില്‍ അധികം പേര്‍ കരുതല്‍ തടങ്കലിലാണ്. മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുല്ല, മുഫ്തി മുഹമ്മദ് സഈദ്, ഉമര്‍ അബ്ദുല്ല തുടങ്ങിയവര്‍ അതിലുണ്ട്.

സര്‍ക്കാര്‍ രേഖ പ്രകാരം, രണ്ടു മാസത്തിനിടെ അഞ്ചു തവണയാണ് കശ്മീരില്‍ ഏറ്റുമുട്ടലുണ്ടായത്. ഇതില്‍ രണ്ട് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. സൈനിക തിരിച്ചടിയില്‍ പത്ത് ഭീകകര്‍ കൊല്ലപ്പെട്ടു.

അതിനിടെ, ചില രാഷ്ട്രീയ നേതാക്കളെ സര്‍ക്കാര്‍ ഇന്ന് വിട്ടയച്ചു. ഓഗസ്റ്റ് അഞ്ചു മുതല്‍ കരുതല്‍ തടങ്കലില്‍ ഉള്ള യവാര്‍ മിര്‍, നൂര്‍ മുഹമ്മദ്, ഷുഐബ് ലോണ്‍ എന്നിവരെയാണ് വിട്ടയച്ചത്.

മുന്‍ പി.ഡി.പി നിയമസഭാംഗമാണ് മിര്‍. ഉത്തര കശ്മീരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് ലോണ്‍. ശ്രീനഗറിലെ ബത്മാലൂവിയില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്ന പ്രാദേശിക നേതാവാണ് നൂര്‍ മുഹമ്മദ്. നേരത്തെ, പി.ഡി.പിയുടെ ഇംറാന്‍ അന്‍സാരി, നാഷണല്‍ കോണ്‍ഫറന്‍സിന്റെ സെയ്ദ് അഖ്‌നൂന്‍ എന്നിവരെ ഭരണകൂടം വിട്ടയച്ചിരുന്നു.

Read More >>