എന്തൊരു വിധി; ചിദംബരം കിടന്നത് അദ്ദേഹം മുഖ്യാതിഥിയായി ഉല്‍ഘാടനം ചെയ്ത ലോക്കപ്പ് സെല്ലില്‍!

വീട്ടില്‍ നിന്ന് സി.ബി.ഐ ആസ്ഥാനത്തേക്ക് കൊണ്ടുവന്ന അദ്ദേഹത്തെ ഇന്നലെ രാത്രി ചോദ്യം ചെയ്തിട്ടില്ല

എന്തൊരു വിധി; ചിദംബരം കിടന്നത് അദ്ദേഹം മുഖ്യാതിഥിയായി ഉല്‍ഘാടനം ചെയ്ത ലോക്കപ്പ് സെല്ലില്‍!

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയില്‍ എടുത്ത മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ പാര്‍പ്പിച്ചത് അദ്ദേഹം തന്നെ മുന്‍കൈയെടുത്ത് നിര്‍മിച്ച സി.ബി.ഐ ആസ്ഥാനത്തെ ലോക്കപ്പില്‍.

ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്തെ ലോക്കപ്പ് നമ്പര്‍ മൂന്നിലാണ് ഇന്നലെ രാത്രിയോടെ അറസ്റ്റിലായ പി ചിദംബരത്തെ എത്തിച്ചത്. പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്തതാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ ആസ്ഥാനം.

പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങായിരുന്നു ഉദ്ഘാടകന്‍. ചിദംബരം മുഖ്യാതിഥിയും. 2011 ജൂണ്‍ 30 ന് നടന്ന ആ ഉദ്ഘാടനച്ചടങ്ങിന്റെ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിലുടെ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. കാബിനറ്റ് മന്ത്രിമാരായ കപില്‍ സിബലും വീരപ്പമൊയ്‌ലിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ചടങ്ങില്‍ പങ്കെടുക്കവെ വിസിറ്റേഴ്‌സ് ബുക്കില്‍ ചിദംബരം ഇങ്ങനെ കുറിച്ചിട്ടുണ്ട്. '1985 മുതല്‍ സി.ബി.ഐക്കൊപ്പം വിവിധ തലങ്ങളില്‍ അടുത്തു ജോലി ചെയ്തിട്ടുണ്ട്. സി.ബി.ഐ സ്വന്തം വീട് കണ്ടെത്തുന്നു എന്നതില്‍ അഭിമാനം. ഇന്ത്യയിലെ മുന്‍നിര അന്വേഷണ ഏജന്‍സി കൂടുതല്‍ ശക്തമാകട്ടെ. നമ്മുടെ ഭരണസംവിധാനത്തിന്റെ ശക്തിയുടെ നെടുന്തൂണായി മാറട്ടെ' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഉദ്ഘാടനത്തിന് ശേഷം മന്ത്രിമാര്‍ ആസ്ഥാനം ചുറ്റിക്കണ്ടിരുന്നു. ഗ്രൗണ്ട് ഫ്‌ളോറിലാണ് ലോക്കപ്പ് സൗകര്യങ്ങളുള്ളത്. ഇന്നലെ അദ്ദേഹത്തിന്റെ സെല്ലിനു പുറത്ത് രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവലുണ്ടായിരുന്നു.

വീട്ടില്‍ നിന്ന് സി.ബി.ഐ ആസ്ഥാനത്തേക്ക് കൊണ്ടുവന്ന അദ്ദേഹത്തെ ഇന്നലെ രാത്രി ചോദ്യം ചെയ്തിട്ടില്ല. വീട്ടില്‍ നിന്നുള്ള ഭക്ഷണം അദ്ദേഹത്തിന് അനുവദിച്ചു. വസ്ത്രം മാറുകയും ചെയ്തു.

Read More >>