അന്ന് പിണറായി, കെ.പി.എ മജീദ്; ഇന്ന് ഷാഫി പറമ്പില്‍- നിയമസഭയുടെ 'ചോരപുരണ്ട' ചരിത്രം ഇങ്ങനെ

ഇതാദ്യമായല്ല ചോര പുരണ്ട വസ്ത്രങ്ങള്‍ സഭയിലെത്തുന്നത്.

അന്ന് പിണറായി, കെ.പി.എ മജീദ്; ഇന്ന് ഷാഫി പറമ്പില്‍- നിയമസഭയുടെ

തിരുവനന്തപുരം: പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ മര്‍ദ്ദനമേറ്റ ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ചോര പുരണ്ട വസ്ത്രവുമായി പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിക്കുകയാണ് ഇപ്പോള്‍. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതാദ്യമായല്ല ചോര പുരണ്ട വസ്ത്രങ്ങള്‍ സഭയിലെത്തുന്നത്. അടിയന്തരാവസ്ഥയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാഷാ സമരവേളയില്‍ മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും ചോര പുരണ്ട വസ്ത്രങ്ങളുമായി സഭയിലെത്തിയിട്ടുണ്ട്.

>അടിയന്തരാവസ്ഥയ്ക്കു ശേഷം പിണറായി

അടിയന്തരാവസ്ഥക്കാലത്ത് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയില്‍ ചോര പുരണ്ട വസ്ത്രവുമായി എത്തിയത്. കൂത്തുപറമ്പില്‍ പൊലീസുകാരുടെ മര്‍ദ്ദനമേറ്റ പിണറായിയുടെ കാലിന് സാരമായി പരിക്കേറ്റു. മര്‍ദ്ദിക്കുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രവുമായാണ് പിന്നീട് പിണറായി സഭയിലെത്തിയത്.

ജയിലിലെ അനുഭവങ്ങള്‍ വിവരിച്ചു, അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പിണറായി നടത്തിയ വികാരഭരിതമായ പ്രസംഗം സഭാ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടാണ്. 1977 മാര്‍ച്ച് 30നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

' മി. കരുണാകരനോട് എനിക്കു ഒന്നു മാത്രമേ പറയാനുള്ളു. നമ്മള്‍ വളരെ ശക്തിയായി പലതും സംസാരിച്ചിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്. ഇനിയും പലതും സംസാരിക്കും. ഞാന്‍ ശ്രീ അച്ചുതമേനോന് എഴുതിയ കത്തില്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. ഇതാര്‍ക്കും അടക്കി നിര്‍ത്താന്‍ കഴിയുകയില്ല. ഇത് രാഷ്ട്രീയമല്ലേ? കമ്യൂണിസ്‌ററ് പാര്‍ടിയില്‍ ആര്‍ക്കെല്ലാം എന്തെല്ലാം സഹിക്കേണ്ടിവന്നിട്ടുണ്ട്? പൊലീസ് ലോക്കപ്പില്‍ വച്ച് മരിച്ചവരില്ലേ? പ്രക്ഷോഭണത്തിന്റെ മുന്നില്‍ വെടിയേറ്റു മരിച്ചവരില്ലേ? ഗുണ്ടകളുടെ കത്തിക്കുത്തേറ്റും വെടിയുണ്ട കൊണ്ടും മരിച്ചവരില്ലേ? ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പാര്‍ട്ടിയില്‍ നില്‍ക്കുന്നത്. ഇതെല്ലാം ഏതെങ്കിലും ഘട്ടത്തില്‍ സംഭവിച്ചേക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ടല്ലേ ഈ പാര്‍ടിയില്‍ നില്‍ക്കുന്നത്. അവരെയെല്ലാം പൊലീസ് ലോക്കപ്പിലിട്ട് നാലു പൊലീസുകാരെ ഏല്‍പ്പിച്ച് ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെകൂടി നിര്‍ത്തി, തല്ലി ശരിപ്പെടുത്തി ഒന്ന് ഒതുക്കികളയാമെന്നാണെങ്കില്‍ അത് അപ്പോള്‍ ഒതുങ്ങും. പിന്നീട് കൂടുതല്‍ ശക്തിയോടുകൂടിതന്നെ രംഗത്തുവരും. ഇതുമാത്രമേ എനിക്ക് കരുണാകരനോട് പറയാനുള്ളു' - പിണറായി പറഞ്ഞു.


'ഇത് രാഷ്ട്രീയമാണ്. പറയുന്ന കാര്യങ്ങള്‍ വളരെ ശക്തിയായിതന്നെ പറയും. അത് പൊലീസിനെ വിട്ടുതല്ലി ശരിപ്പെടുത്തിക്കളാമെന്നാണെങ്കില്‍ അത് നടക്കുകയില്ല. അങ്ങനെ കഴിയുകയില്ല. അത് എല്ലാക്കാലത്തും ഈ രാജ്യത്തിലെ ബഹുജനപ്രസ്ഥാനം നേരിട്ടിട്ടുണ്ട്. ആ അനുഭവം ശ്രീ. കരുണാകരന്‍ ഓര്‍ക്കണം.

ഇത്തരം പൊലീസ് മന്ത്രിമാര്‍ക്ക്, പൊലീസിനെവിട്ട് ആക്രമണം നടത്തിയ ആളുകള്‍ക്ക് ഈ നാട്ടില്‍ എന്തു സംഭവിച്ചു കേരളത്തില്‍ എന്തു സംഭവിച്ചു എന്നുള്ള കാര്യം കരുണാകരന്‍ ഓര്‍ക്കണം. അതനുസരിച്ച് ഭരണം നടത്തണമെന്നു മാത്രമേ എനിക്കു പറയാനുള്ളു. ഈ വോട്ടു ഓണ്‍ അക്കൌണ്ട് ഞാന്‍ ശക്തിയായി എതിര്‍ക്കുകയാണ്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

>ഭാഷാ സമരത്തിനു ശേഷം കെ.പി.എ മജീദ്

ഇ.കെ നായനാര്‍ ഭരിക്കുന്ന കാലത്ത് മുസ്‌ലിംലീഗ് നടത്തിയ അറബി ഭാഷാ സമരത്തിനു നേരെ 1980 ജൂലൈ 30ന് പൊലീസ് നടത്തിയ വെടിവെപ്പിനു ശേഷം (ഇതില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു) അന്നത്തെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ആയിരുന്ന കെ.പി.എ മജീദ് ചോര പുരണ്ട കുപ്പായവുമായാണ് നിയമസഭയിലെത്തിയത്.

1980 ജൂലൈ 31ന് വ്യാഴാഴ്ചയായിരുന്നു അത്. മലപ്പുറത്ത് നിന്ന് സമരത്തില്‍ ധരിച്ച അതേ വസ്ത്രവുമായി, കാറിലാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ഇതേക്കുറിച്ച് എഴുത്തുകാരന്‍ ഷരീഫ് സാഗര്‍ 'മുസ്‌ലിംയൂത്ത് ലീഗ് യുവജന മുന്നേറ്റത്തിന്റെ ചരിത്രം' എന്ന പുസ്തകത്തില്‍ ഇങ്ങനെ കുറിക്കുന്നു.

' ചോദ്യോത്തര വേള അവസാനിക്കുന്ന സമയമായിരുന്നു അത്. മജീദിനെ കണ്ടതും പ്രതിപക്ഷ നേതാക്കള്‍ സംഭവത്തെക്കുറിച്ച് ചോദിക്കാന്‍ തിടുക്കത്തില്‍ തൊട്ടടുത്ത ലൈബ്രറി ഹാളിലേക്ക് കൂടിക്കൊണ്ടുപോയി. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

മിനുട്ടുകള്‍ക്കകം പ്രതിപക്ഷ നേതാക്കള്‍ സഭയില്‍ തിരിച്ചെത്തി. സഭാനടപടികള്‍ സീറോ ഹവറിലെത്തിയിരുന്നു. സഭാതലം പൊടുന്നനെ പ്രക്ഷുബ്ധമായി. സി.എച്ച് മുഹമ്മദ് കോയ, സീതി ഹാജി, ഇ. അഹമ്മദ്, എം.പി ഗംഗാധരന്‍, കെ. ചന്ദ്രശേഖരന്‍, ടി.എം ജേക്കബ്, പി.ജെ ജോസഫ് എന്നിവര്‍ റൂള്‍ 50 അനുസരിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. നിസ്സാരമായിട്ടാണ് ആഭ്യന്തര മന്ത്രി ടി.കെ രാമകൃഷ്ണന്‍ സംഭവത്തോട് പ്രതികരിച്ചത്. റൂള്‍ അനുസരിച്ച് മുഖ്യമന്ത്രി ഇ.കെ നായനാര്‍ 12.30 മുതല്‍ 2.30 വരെ രണ്ടു മണിക്കൂര്‍ ചര്‍ച്ചയാകാമെന്നു സമ്മതിച്ചു. ഉടന്‍ സി.എച്ച് മുഹമ്മദ് കോയ എഴുന്നേറ്റു. വികാരഭരിതനായി അദ്ദേഹം പറഞ്ഞു: സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കണം. കരിഞ്ഞ മാംസത്തിന്റെയും വെടിമരുന്നിന്റെയും മണമാണ് ഇന്ന് മലപ്പുറത്തുള്ളത്. ആ അവസരത്തില്‍ ഇവിടെ നിര്‍വ്വികാരനായി മുഖ്യമന്ത്രി എഴുന്നേറ്റുനിന്ന് പറയുകയാണ് പന്ത്രണ്ടര മണിക്ക് ചര്‍ച്ച ചെയ്യാമെന്ന്. സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.''

സ്പീക്കര്‍ എ.പി കുര്യന്‍ ഇടപെട്ടു. ചര്‍ച്ചക്ക് വിരോധമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നു വ്യക്തമാക്കി. മറ്റു സഭാനടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ജനതാ പാര്‍ട്ടിയിലെ കെ. ചന്ദ്രശേഖരനും സ്പീക്കറും തമ്മില്‍ വാഗ്വാദം നടന്നു. അതോടെ ഭരണപക്ഷ ബെഞ്ചുകളില്‍ അസ്വസ്ഥത പടര്‍ന്നു. സി.എച്ച് വീണ്ടും എഴുന്നേറ്റു. അദ്ദേഹത്തിന്റെ മുഖം ക്ഷുഭിതമായിരുന്നു. അതോടെ പ്രതിപക്ഷ അംഗങ്ങളെല്ലാം എഴുന്നേറ്റു. സ്പീക്കര്‍ അപ്പോഴും പന്ത്രണ്ടരക്ക് ചര്‍ച്ച ചെയ്താല്‍ മതിയെന്നു വാശി പിടിച്ചു. സംഭവത്തെക്കുറിച്ചുള്ള ആഭ്യന്തര മന്ത്രി ടി.കെ രാമകൃഷ്ണന്റെ ഒഴുക്കന്‍ വിശദീകരണം പ്രതിപക്ഷ നേതാക്കളെ പ്രകോപിപ്പിച്ചു. ചര്‍ച്ച അനുവദിക്കുന്നതല്ലെന്ന റൂളിങില്‍ സ്പീക്കര്‍ എ.പി കുര്യന്‍ ഉറച്ചുനിന്നു. ജനങ്ങളുടെ പ്രശ്നം ചര്‍ച്ച ചെയ്യേണ്ട സഭ ഭീകരമായ ഒരു വെടിവെപ്പുനടന്നിട്ടും എല്ലാം കഴിഞ്ഞിട്ടു മതി ചര്‍ച്ച എന്ന വിചിത്ര വാദം ഉന്നയിച്ചത് സഭയില്‍ അസാധാരണ സംഭവങ്ങള്‍ക്ക് കാരണമായി. സഭയില്‍ 'കൊലയാളി സര്‍ക്കാര്‍ രാജിവെക്കുക' എന്ന മുദ്രാവാക്യം അലയടിച്ചു. സ്പീക്കറുടെ ചേംബറിലേക്ക് ആരോ കടലാസു ചുരുളുകള്‍ വലിച്ചെറിഞ്ഞു. സര്‍വ്വത്ര ബഹളം. നാലു മിനുട്ടോളം ഇത് തുടര്‍ന്നു. സ്പീക്കര്‍ സഭ നിയന്ത്രിക്കാന്‍ പാടുപെട്ടു: ഓര്‍ഡര്‍ ഓര്‍ഡര്‍. ബഹുമാനപ്പെട്ട അംഗങ്ങള്‍ സഹകരിക്കണം. ഒരംഗത്തിന്റെയും പേര് എടുത്തുപറയരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഉത്തരവാദപ്പെട്ട ചില അംഗങ്ങള്‍ കടലാസ് ചുരുളുകള്‍ വലിച്ചെറിഞ്ഞ് സഭയുടെ അന്തസ്സിനെ...''

സ്പീക്കറെ തുടരാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. 'ഞങ്ങളല്ല, ഭരണപക്ഷ ബെഞ്ചില്‍നിന്നാണ് ഏറു വന്നതെ'ന്ന് ആരോ വിളിച്ചു പറഞ്ഞു. ബഹളം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലും വിഷയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ തയ്യാറായില്ല. പ്രതിപക്ഷവും സ്പീക്കറും തമ്മില്‍ റൂള്‍ 50 സംബന്ധിച്ച തര്‍ക്കം തുടര്‍ന്നു. അവിടെയുള്ള എം.എല്‍.എയെ ശവശരീരം കാണാന്‍ പോലും പൊലീസ് സമ്മതിച്ചില്ലെന്ന് കെ. കരുണാകരന്‍ പറഞ്ഞു. ഉച്ചത്തിലുള്ള 'ഷെയിം ഷെയിം' വിളികളോടെ സഭ ശബ്ദമുഖരിതമായി. സ്പീക്കര്‍ പറഞ്ഞു: ഇവിടെ പ്രതിപക്ഷ നേതാവ് ഒരു കാര്യം ചൂണ്ടിക്കാണിച്ചു. അതിന് ചെയറില്‍നിന്ന് പറയുന്നത് കേള്‍ക്കാനുള്ള മനോഭാവം ഉണ്ടാകണം. ബഹുമാനപ്പെട്ട കെ.പി.എ മജീദ് ആ സംഭവ സ്ഥലത്തുനിന്ന് വരുന്ന നിയമസഭാ സാമാജികനാണ്. അദ്ദേഹത്തിന് സംസാരിക്കാനുള്ള അവസരം കൊടുക്കും.''

സംഭവം വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും തനിക്കറിയാവുന്ന കാര്യങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കെ ക്ഷീണവും തളര്‍ച്ചയും കാരണം കെ.പി.എ മജീദ് ബോധരഹിതനായി. ഇ. അഹമ്മദ് സാഹിബും കെ.കെ ബാലകൃഷ്ണനുംകൂടി അദ്ദേഹത്തെ താങ്ങിപ്പിടിച്ചു. സഭയിലെ ഡോ. കുട്ടപ്പന്‍ സഹായത്തിന് ഓടിയെത്തി. സീതി ഹാജിക്ക് അതുകണ്ട് സഹിക്കാനായില്ല. അദ്ദേഹം കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു.

സഭയില്‍ ബഹളം പിന്നെയും നീണ്ടുപോയി. 'അവകാശങ്ങള്‍ ചോദിച്ചാല്‍, വെടിയുണ്ടയോ സര്‍ക്കാരേ' എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചു.

......ഭരണ, പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള കോലാഹലം ഏറെ നേരം പിന്നെയും നീണ്ടുപോയി. ഒരു നിലക്കും അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല.

എത്ര ബഹളം വെച്ചിട്ടും സ്പീക്കര്‍ വഴങ്ങുന്നില്ലെന്നു കണ്ടതോടെ പ്രതിപക്ഷ നേതാക്കള്‍ ഓരോരുത്തരായി സ്വസ്ഥാനങ്ങളില്‍നിന്നും എഴുന്നേറ്റ് ഡയസ്സിന്റെ മുമ്പില്‍ വന്നിരുന്ന് സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചു തുടങ്ങി. സഭയില്‍ സര്‍വ്വത്ര ബഹളം. വൈകാതെ സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു.

> ഇന്ന് ഷാഫി പറമ്പില്‍

കേരള സര്‍വകലാശാലാ മാര്‍ക്ക് ദാനത്തിനെതിരെ കെ.എസ്.യു നടത്തിയ മാര്‍ച്ചിനിടെയാണ് ഷാഫി പറമ്പില്‍ എം.എല്‍.എക്ക് ലാത്തിയടിയേറ്റത്. ഷാഫിയുടെ രക്തം പുരണ്ട വസ്ത്രവുമായാണ് ഇന്ന് പ്രതിപക്ഷം സഭയിലെത്തിയത്. (ആശുപത്രിയില്‍ ചികിത്സയിലുള്ള ഷാഫി സഭയില്‍ എത്തിയിട്ടില്ല) ചോദ്യോത്തരവേള റദ്ദാക്കി അടിയന്തര പ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വി.ടി ബല്‍റാം എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. ആവശ്യം സ്പീക്കര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു.


കെ എസ് യു മാർച്ചിൽ ഷാഫി പറമ്പിൽ എം എൽ എയും മറ്റു പ്രവർത്തകരെയും പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് നിയമസഭയിൽ മർദ്ദനമേറ്റവരുടെ ചിത്രങ്ങളുമായി പ്രതിപക്ഷം

പിന്നീട് സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പ്രസിഡന്റ് കെ.എം അഭിജിതിന്റെ നേതൃത്വത്തില്‍ കെ.എസ്.യു ചൊവ്വാഴ്ച നടത്തിയ മാര്‍ച്ചിനു നേരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. അഭിജിത്തിനും ഷാഫി പറമ്പിലിനും പൊലീസ് അടിയേറ്റു. അടിയേറ്റ ഷാഫിയുടെ തലയ്ക്ക് രണ്ടു തുന്നലുണ്ട്. തലയില്‍ അഭിജിത്തിനും സാരമായ പരിക്കുണ്ട്.

പരുക്കേറ്റ് ചോരയൊലിക്കുന്ന ഷാഫിയെ കൊണ്ടുപോയത് തിരുവനന്തപുരം എ.ആര്‍. ക്യാംപിലേക്കാണ്. തുടര്‍ന്ന് എം.എല്‍.എമാരുടെ പ്രതിഷേധക്കെത്തുടര്‍ന്ന് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Next Story
Read More >>