പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു, രക്തപരിശോധനയ്ക്ക് വിസമ്മതിച്ചു; കെ.എം.ബഷീറിന്റെ മരണത്തില്‍ ശ്രീറാമിന്റെ അട്ടിമറി നീക്കങ്ങള്‍ അക്കമിട്ട് കുറ്റപത്രം

ശാസ്ത്രീയ പരിശോധന ഫലങ്ങളും ശ്രീറാം വെങ്കിട്ടരാമന്റെ വാദങ്ങള്‍ പൊളിക്കുന്നതാണെന്നാണ് പൊലീസ് കണ്ടെത്തല്‍

പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു, രക്തപരിശോധനയ്ക്ക് വിസമ്മതിച്ചു; കെ.എം.ബഷീറിന്റെ മരണത്തില്‍ ശ്രീറാമിന്റെ അട്ടിമറി നീക്കങ്ങള്‍ അക്കമിട്ട് കുറ്റപത്രം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ നീക്കങ്ങള്‍ അക്കമിട്ട് നിരത്തി കുറ്റപത്രം. അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതല്‍ തന്നെ ശ്രമങ്ങള്‍ ഉണ്ടായെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. വാഹനം ഓടിച്ചില്ലെന്ന് വരുത്താന്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. അപകടശേഷം ആദ്യമെത്തിയ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലും രക്തപരിശോധന നടത്താന്‍ വിസമ്മതിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടും പൊലിസിന്റെ കണ്ണുവെട്ടിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി തുടങ്ങിയ കാര്യങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശാസ്ത്രീയ പരിശോധന ഫലങ്ങളും ശ്രീറാം വെങ്കിട്ടരാമന്റെ വാദങ്ങള്‍ പൊളിക്കുന്നതാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഡ്രൈവറുടെ സീറ്റിലിരുന്നത് ശ്രീറാം തന്നെയെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. വാഹനം 100 കിലോമീറ്റര്‍ വേഗതയിലായിരുന്നു എന്നും ശ്രീരാമിന്റെ പരിക്കുകള്‍ ഡ്രൈവര്‍ സീറ്റിലിരുന്നയാള്‍ക്കുള്ള പരിക്കാണെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304, 201 വകുപ്പുകളും മോട്ടര്‍ വാഹന നിയമത്തിലെ 184,185,188 വകുപ്പുകളുമാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്. ഫൊറന്‍സിക് വിദഗ്ധരുടെയും വാഹന മേഖലയിലെ വിദഗ്ധരുടെയും റിപ്പോര്‍ട്ടുകള്‍ കുറ്റപത്രത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനം 98 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിച്ചതെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. കേസില്‍ നൂറ് സാക്ഷികളുണ്ട്. 84 രേഖകളും 72 തൊണ്ടിമുതലുകളും കേസിന്റെ ഭാഗമായി പൊലീസ് കോടതിയില്‍ ഹാജരാക്കി.

കഴിഞ്ഞ ഓഗസ്റ്റ് 3 രാത്രി 12.55 നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് കെ.എം.ബഷീര്‍ കൊല്ലപ്പെടുന്നത്. സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. അമിത വേഗത്തിലെത്തിയ കാര്‍ ബഷീര്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ബഷീറിനെ ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പ് മരണം സംഭവിച്ചു. കവടിയാറിലെ ഫ്ളാറ്റില്‍ നടത്തിയ പാര്‍ട്ടി കഴിഞ്ഞു പാളയം ഭാഗത്തേക്ക് പോകുകയായിരുന്നു ശ്രീറാം.

Read More >>