ഇതു നിങ്ങള്‍ കേള്‍ക്കണം; അഷ്ഫാഖുല്ല ഖാന്‍- രാം പ്രസാദ് ബിസ്മില്‍ സൗഹൃദ കഥ പറഞ്ഞ് പ്രിയങ്കാ ഗാന്ധി

കഥയ്ക്ക് ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റുകളില്‍ അവര്‍ യോഗി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു.

ഇതു നിങ്ങള്‍ കേള്‍ക്കണം; അഷ്ഫാഖുല്ല ഖാന്‍- രാം പ്രസാദ് ബിസ്മില്‍ സൗഹൃദ കഥ പറഞ്ഞ് പ്രിയങ്കാ ഗാന്ധി

ലഖ്‌നൗ: സ്വാതന്ത്ര്യ സമര സേനാനി അഷ്ഫാഖുല്ലാ ഖാന്റെ ജന്മവാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്ക് സാമുദായിക സൗഹാര്‍ദത്തിന്റെ കഥ പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാം പ്രസാദ് ബിസ്മിലുമായുള്ള അപൂര്‍വ്വ സൗഹൃദത്തിന്റെ കഥയാണ് പ്രിയങ്ക പങ്കുവെച്ചത്.

ട്വിറ്ററില്‍ അവര്‍ കുറിച്ച കഥയിങ്ങനെ;

' അഷ്ഫാഖുല്ലാ ഖാന്റെയും രാം പ്രസാദ് ബിസ്മിലിന്റെയും കഥ നിങ്ങള്‍ കേട്ടിരിക്കണം. ഇന്ന് അക്കഥ കേള്‍ക്കാന്‍ അനുയോജ്യമായ ദിവസമാണ്. ഇന്നാണ് അഷ്ഫാഖുല്ലാ ഖാന്റെ ജന്മദിനം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ സ്വദേശികളായിരുന്നു ഇരുവരും. രണ്ടു പേരും വിവിധി മതത്തില്‍പ്പെട്ടവര്‍. അവരുടെ സാംസ്‌കാരിക വൈവിധ്യത്തെ കുറിച്ച് ഇരുവര്‍ക്കും നല്ല ബോദ്ധ്യമുണ്ടായിരുന്നു. എന്നിട്ടും അവര്‍ രണ്ടു പേരും രാജ്യത്തിനു വേണ്ടി ജീവന്‍ ബലി നല്‍കി, മനുഷ്യത്വത്തിന്റെ പാഠം പഠിപ്പിച്ചു. രണ്ടു സ്വാതന്ത്ര്യ സമര സേനാനികളെയും അവരുടെ ഐക്യത്തെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു.'

സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ രണ്ട് സേനാനികള്‍ ആയിരുന്നു അഷ്ഫാഖുല്ലയും ബിസ്മിലും. 1925ല്‍ നടന്ന കൊകാറി ഗൂഢാലോചനയില്‍ തീവണ്ടി കൊള്ളയടിച്ചു എന്ന കുറ്റത്തിന് ഇരുവരെയും ബ്രട്ടീഷുകാര്‍ തൂക്കിലേറ്റുകയായിരുന്നു.

1925 ഓഗസ്റ്റ് ഒമ്പതിനാണ് ലഖ്‌നൗവിനടുത്തുള്ള കൊകാറിയില്‍ വെച്ച് സര്‍ക്കാര്‍ ധനം കൊണ്ടുപോകുകയായിരുന്ന ട്രയിന്‍ അഷ്ഫാഖുല്ലയുടെ നേതൃത്വത്തില്‍ കൊള്ളയടിച്ചത്. ഫൈസാബാദ് ജയിലില്‍ വെച്ച് ഡിസംബര്‍ 19നാണ് അഷ്ഫാഖുല്ലയെ തൂക്കിലേറ്റിയത്. ഇതേ ദിവസവം ഗോരഖ്പൂര്‍ ജയിലിലാണ് ബിസ്മിലിനെ തൂക്കിലേറ്റിയത്.

കഥയ്ക്ക് ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റുകളില്‍ അവര്‍ യോഗി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു.

കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നു എന്ന് പറഞ്ഞത് യു.പിയിലാണ്. ഒരു വര്‍ഷത്തിനിടെ മാത്രം 56000 കേസുകളാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്. രജിസ്റ്റര്‍ ചെയ്യാത്ത എത്ര കേസുകള്‍ കാണും? മുഖ്യമന്ത്രിക്ക് ശ്രദ്ധ കിട്ടാന്‍ ഇത്രയും കുറ്റകൃത്യങ്ങള്‍ പോരേ? - അവര്‍ ചോദിച്ചു.

അതിനിടെ, പ്രിയങ്കയുടെ നേതൃത്വത്തില്‍ ഇന്ന് സോണിയയുടെ മണ്ഡലമായ റായ്ബറേലിയില്‍ കോണ്‍ഗ്രസ് ദ്വിദിന വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് പുതിയ നേതൃത്വം വന്നതിന് ശേഷമുള്ള ആദ്യ ശില്‍പ്പശാലയാണിത്.

Read More >>