മഴ: കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

മൂന്നാം ദിനവും മഴ തുടരുന്നതിനാല്‍ പുഴയോരങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

മഴ: കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച(ജൂലായ് 23) അവധി പ്രഖ്യാപിച്ചു. ഇരുജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കാലവര്‍ഷം ശക്തമായി തുടരുന്നതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.

പ്രൊഫഷണല്‍ കോളേജുകള്‍ക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും ചൊവ്വാഴ്ചയിലെ അവധി ബാധകമാണ്. അതേസമയം, ചൊവ്വാഴ്ചയിലെ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

കണ്ണൂരിലും കാസര്‍ക്കോട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയായിരുന്നു. കണ്ണൂരില്‍ മൂന്നാം ദിനവും മഴ തുടരുന്നതിനാല്‍ പുഴയോരങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

മധൂവാഹിനി, ഷിറിയ, ചന്ദ്രഗിരി, കവ്വായി, കാരിയങ്കോട് പുഴകള്‍ കരവിഞ്ഞൊഴുകുന്നു. 220 ഓളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നതായാണ് കണക്ക്. 150 വീടുകള്‍ വെള്ളക്കെട്ടില്‍. ഉപ്പള, ബേക്കല്‍ റെയില്‍വേ സ്റ്റേഷനുകള്‍, മധൂര്‍ ക്ഷേത്രം എന്നിവയും വെള്ളക്കെട്ടിലാണ്. ദേശിയപാതയ്ക്കരികില്‍ കാഞ്ഞങ്ങാട് മുതല്‍ നീലേശ്വരം വരെ ഭാഗവും മംഗലാപുരം-കാസര്‍കോട് ദേശിയപാതയുടെ പല ഭാഗങ്ങളും വെള്ളക്കെട്ടില്‍ ഗതാഗതം താറുമാറായി. കാഞ്ഞങ്ങാട് ഞാണിക്കടവില്‍ പുഴ കരകവിഞ്ഞൊഴുകി 50 വീടുകള്‍ വെള്ളത്തിലായി.

കാസര്‍കോട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രകൃതി ക്ഷോഭത്തില്‍ ജില്ലയില്‍ ഇതുവരെ ഒരു കോടിയിലേറെ നഷ്ടമുണ്ടായതായാണ് കണക്ക്.

Read More >>