ജ. രഞ്ജന്‍ ഗൊഗോയിക്ക് മുന്‍ഗാമികള്‍ ഉണ്ട്; കോണ്‍ഗ്രസ് ജസ്റ്റിസ് രംഗനാഥ് മിശ്രയെ ഓര്‍ക്കണം

സുപ്രിംകോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ പാര്‍ലമെന്റില്‍ എത്തുന്ന ആദ്യത്തെയാളല്ല ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.

ജ. രഞ്ജന്‍ ഗൊഗോയിക്ക് മുന്‍ഗാമികള്‍ ഉണ്ട്; കോണ്‍ഗ്രസ് ജസ്റ്റിസ് രംഗനാഥ് മിശ്രയെ ഓര്‍ക്കണം

ന്യൂഡല്‍ഹി: സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യാനുള്ള രാഷ്ട്രപതിയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന നടപടിയാണ് ഇതെന്നാണ് കോണ്‍ഗ്രസിന്റെ കുറ്റപ്പെടുത്തല്‍.

എന്നാല്‍ സുപ്രിംകോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ പാര്‍ലമെന്റില്‍ എത്തുന്ന ആദ്യത്തെയാളല്ല ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.

1990കളില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് രംഗനാഥ് മിശ്ര വിരമിച്ച ശേഷം 1998 മുതല്‍ 2004 വരെ രാജ്യസഭാംഗമായിരുന്നു. സോണിയാ ഗാന്ധി അദ്ധ്യക്ഷയായിരിക്കെയാണ് കോണ്‍ഗ്രസ് ഇദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. 1983ല്‍ സുപ്രിം കോടതി ജഡ്ജിയായ മിശ്ര 1990 സെപ്തംബര്‍ 25 മുതല്‍ 1991 നവംബര്‍ 24 വരെയുള്ള കാലയളവിലാണ് ചീഫ് ജസ്റ്റിസായിരുന്നത്.

1984ലെ സിഖ് വിരുദ്ധ കലാപം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രംഗനാഥ് മിശ്രയായിരുന്നു. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കുന്നതാണ് റിപ്പോര്‍ട്ട് എന്ന് വ്യാപക വിമര്‍ശമുണ്ടായിരുന്നു.

ജസ്റ്റിസ് കെ.എസ് ഹെഡ്‌ഗെയാണ് (ഇദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയായിരുന്നില്ല) മറ്റൊരാള്‍. വിഖ്യാതമായ, കേശവാനന്ദ ഭാരതി വി.എസ് സ്റ്റേറ്റ് ഓഫ് കേരള കേസ് പരിഗണിച്ച 13 അംഗ ബഞ്ചില്‍ ഉണ്ടായിരുന്ന ജഡ്ജാണ് ഇദ്ദേഹം. എന്നാല്‍ ഭൂരിപക്ഷ വിധിക്കു ശേഷം അദ്ദേഹം രാജിവച്ചു. തന്നേക്കാള്‍ ജൂനിയറായ എ.എന്‍ റായിയെ ചീഫ് ജസ്റ്റിസാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.

1973ലാണ് ഹെഗ്‌ഡെ സുപ്രിംകോടതി ജഡ്ജിയായത്. രാജിക്കു ശേഷം സാമൂഹിക-രാഷ്ട്രീയ മേഖലയില്‍ സജീവമായ അദ്ദേഹം 1977ല്‍ ജനതാ പാര്‍ട്ടി ടിക്കറ്റില്‍ ബാംഗ്ലൂര്‍ സൗത്തില്‍ നിന്ന് ലോക്‌സഭയിലെത്തി. കുറച്ചു മാസങ്ങള്‍ക്ക് ശേഷം, നീലം സജ്ഞീവ് റെഡ്ഢിയുടെ മരണത്തെ തുടര്‍ന്ന് ലോക്‌സഭാ സ്പീക്കറായി. 1977-80 കാലയളവിലായിരുന്നു ഇത്. 1980ല്‍ കുറച്ചു കാലം ബി.ജെ.പിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു.

അസമിലെ ജസ്റ്റിസ് ബദറുല്‍ ഇസ്‌ലാമാണ് മറ്റൊരാള്‍. രണ്ടു തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലെത്തിയ ഇദ്ദേഹം പിന്നീട് ഗുവാഹത്തി ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസായി. 1980 മാര്‍ച്ചില്‍ വിരമിച്ചെങ്കിലും ഒമ്പതു മാസത്തിന് ശേഷം ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഇദ്ദേഹത്തെ സുപ്രിംകോടതി ജഡ്ജാക്കി. ലോക്‌സഭയിലേക്ക് മത്സരിക്കാനായി 1983ല്‍ സുപ്രിംകോടതിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു.

ബോംബെ, അലഹബാദ് ഹൈക്കോടതികളില്‍ ജഡ്ജായിരുന്ന ജസ്റ്റിസ് അഭയ് തിപ്‌സെ വിരമിച്ച ശേഷം 2018ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

എന്നാല്‍, വിരമിച്ച് വളരെ ചെറിയ കാലയളവിനുള്ളില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ചീഫ് ജസ്റ്റിസാണ് രഞ്ജന്‍ ഗൊഗോയ്. രാഷ്ട്രീയക്കാര്‍ക്കു പുറമേ, സഹജഡ്ജിമാരായ ജസ്റ്റിസ് കുര്യന്‍ ജോസഫ്, മദന്‍ ബി ലോകുര്‍ തുടങ്ങിയവരും തീരുമാനത്തെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.

അതേസമയം, രാഷ്ട്രപതിയുടെ നാമനിര്‍ദ്ദേശം സ്വീകരിക്കുന്നതായും വിശദമായി പിന്നീട് പ്രതികരിക്കാമെന്നും രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

'നാളെ മിക്കവാറും ഡല്‍ഹിക്ക് പോകും. ആദ്യം സത്യപ്രതിജ്ഞ ചെയ്യട്ടെ. എന്നിട്ട് എന്തു കൊണ്ടാണ് ഈ വാഗ്ദാനം സ്വീകരിച്ചത് എന്നതിനെ കുറിച്ച് വിശദമായി മാദ്ധ്യമങ്ങളോട് സംസാരിക്കാം' - ഗുവാഹത്തില്‍ അദ്ദേഹം പറഞ്ഞു.

ബാബരി മസ്ജിദ്- രാമജന്മഭൂമി ഭൂമി തര്‍ക്കക്കേസ്, ശബരിമല സ്ത്രീ പ്രവേശം, റഫേല്‍ കേസില്‍ കേന്ദ്രസര്‍ക്കാറിന് ക്ലീന്‍ ചിറ്റ് തുടങ്ങി നിരവധി സുപ്രധാന വിധികള്‍ പ്രസ്താവിച്ച ജഡ്ജാണ് രഞ്ജന്‍ ഗൊഗോയ്. നിലവിലുള്ള രാജ്യസഭാംഗങ്ങളില്‍ ഒരാള്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ഗോഗോയിയെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ നവംബറിലാണ് സുപ്രീംകോടതിയില്‍ നിന്ന് ഗോഗോയി വിരമിച്ചത്. രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസായിരുന്നു ഗോഗോയി.

Next Story
Read More >>