വിപണി മൂല്യം ഒരു ദിനം കൊണ്ട് കൂടിയത് എണ്‍പതിനായിരം കോടി; കുതികുതിച്ച് റിലയന്‍സ്

ആഭ്യന്തര ഓഹരി വിപണി വന്‍ തകര്‍ച്ച നേരിട്ട ദിവസമാണ് റിലയന്‍സിന്റെ കുതിപ്പ് എന്നതാണ് ശ്രദ്ധേയം.

വിപണി മൂല്യം ഒരു ദിനം കൊണ്ട് കൂടിയത് എണ്‍പതിനായിരം കോടി; കുതികുതിച്ച് റിലയന്‍സ്

മുംബൈ: സൗദി ആരാംകോയുടെ നിക്ഷേപത്തിന് പിന്നാലെ ഓഹരി വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ് നടത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ കുതിപ്പാണ് റിലയന്‍സ് ഓഹരികളില്‍ രേഖപ്പെടുത്തിയത്. ഓഹരി മൂല്യത്തില്‍ 12 ശതമാനത്തോളം വര്‍ദ്ധനയാണ് ഉണ്ടായത്.

വിപണി മൂല്യത്തില്‍ ഇത് എണ്‍പതിനായിരം കോടി രൂപയിലേറെ വരും. ആഭ്യന്തര ഓഹരി വിപണി വന്‍ തകര്‍ച്ച നേരിട്ട ദിവസമാണ് റിലയന്‍സിന്റെ കുതിപ്പ് എന്നതാണ് ശ്രദ്ധേയം. സെന്‍സെക്‌സില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ കമ്പനിയും റിലയന്‍സ് തന്നെയാണ്.

സൗദി എണ്ണ ഭീമാനായ ആരാംകോ റിലയന്‍സിന്റെ ഓയില്‍ പെട്രോ കെമിക്കല്‍ വ്യാപാരത്തില്‍ 20 ശതമാനം നിക്ഷേപമിറക്കാന്‍ തീരുമാനിച്ചതാണ് റിലയന്‍സിന് കരുത്തായത്. കമ്പനിയുടെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനമാണ് ആരാംകോ വാങ്ങുന്നത്. ഏകദേശം 1.15 ലക്ഷം കോടിയുടെ ഇടപാടാണ് ഇത്. കരാര്‍ പ്രകാരം ഗുജറാത്തിലെ ജാംനഗര്‍ എണ്ണശുദ്ധീകണ സമുച്ചയത്തില്‍ നിന്ന് 1.36 ദശലക്ഷം ബാരല്‍ എണ്ണ ആരാംകോ വാങ്ങും. പെട്രോള്‍ പമ്പുകള്‍, വ്യോമയാന ഇന്ധന വില്‍പ്പന സൗകര്യങ്ങള്‍ എന്നിവയിലും സൗദി കമ്പനിയുടെ നിക്ഷേപമുണ്ട്.

മുംബൈയില്‍ നടന്ന 42-ാം വാര്‍ഷിക ജനറല്‍ ബോഡിക്കിടെയാണ് മുകേഷ് അംബാനി നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്. 18 മാസത്തിനിടെ കടരഹിത കമ്പനിയായി റിലയന്‍സ് മാറുമെന്നും അദ്ദേഹം പറഞ്ഞു.

75 ബില്യണ്‍ ഡോളറിന്റേതാണ് വരുമാനത്തിലും അറ്റാദായത്തിലും ലോകത്തു തന്നെ ഒന്നാം സ്ഥാനത്തുള്ള ആരാംകോയുമായുള്ള റിലയന്‍സിന്റെ ഇടപാട്. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ വിദേശ ഡീലാണിത്. 2019 സാമ്പത്തിക വര്‍ഷത്തില്‍ പെട്രോ കെമിക്കല്‍ മേഖലയില്‍ നിന്നു മാത്രം 5.7 ലക്ഷം കോടി വരുമാനമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് കൈവരിച്ചിരുന്നത്.

Read More >>