പ്രതിസന്ധി കനക്കുന്നു; രൂപ താഴോട്ട്- ഡോളറിനെതിരെ എട്ടു മാസത്തെ താഴ്ന്ന നിരക്കില്‍

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 71.65 നാണ് ഡോളറിനെതിരെയുള്ള വ്യാപാരം ആരംഭിച്ചത്.

പ്രതിസന്ധി കനക്കുന്നു; രൂപ താഴോട്ട്- ഡോളറിനെതിരെ എട്ടു മാസത്തെ താഴ്ന്ന നിരക്കില്‍

മുംബൈ: രാജ്യം സാമ്പത്തിക പ്രതിസന്ധിയുടെ കരിനിഴലില്‍ നില്‍ക്കെ, ഇന്ത്യന്‍ കറന്‍സിയുടെ മൂല്യവും താഴോട്ട്. ഡോളറിനെതിരെ എട്ടുമാസത്തെ താഴ്ന്ന നിരക്കിലാണ് ഇന്ന് രൂപ വിനിമയം അവസാനിപ്പിച്ചത്. ഒരു ഡോളറിന് 71.81 രൂപയാണ് ഇപ്പോഴത്തെ മൂല്യം. ഇന്ന് 26 പൈസയുടെ ഇടിവാണ് ഇന്ത്യന്‍ കറന്‍സിക്കുണ്ടായത്.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 71.65 നാണ് ഡോളറിനെതിരെയുള്ള വ്യാപാരം ആരംഭിച്ചത്. 71.97 വരെ എത്തിയ ശേഷം തിരിച്ചു കയറി 71.81ല്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഡിസംബര്‍ 14നാണ് ഇതിനു മുമ്പ് രൂപ ഇത്രയും താഴോട്ടു വീണത്.

ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് വിദേശകമ്പനികള്‍ ഡോളര്‍ നിക്ഷേപങ്ങള്‍ പിന്‍വലിച്ചതും രൂപയ്ക്ക് വിനയായി. വ്യാഴാഴ്ച മാത്രം 902.99 കോടിയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. രണ്ടു മാസമായി ഇന്ത്യന്‍ വിപണിയില്‍ നിന്ന് മൂന്ന് ബില്യണ്‍ യു.എസ് ഡോളറിന്റെ നിക്ഷേപമാണ് പിന്‍വലിക്കപ്പെട്ടത്്.

എണ്ണ വില ബാലരിന് 60 ഡോളറിന് മുകളില്‍ സ്ഥിരപ്പെട്ടതും രൂപയ്ക്ക് തിരിച്ചടിയായി. എണ്ണ വിലയിലെ വര്‍ദ്ധന ഇന്ത്യയിലെ വ്യാപാരക്കമ്മി വര്‍ദ്ധിപ്പിക്കുകയും അത് കറന്‍സിക്കു മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യും. ജൂലൈയില്‍ കുറഞ്ഞ എണ്ണവിലയും സ്വര്‍ണ്ണ ഇറക്കുമതിയും ഇന്ത്യയുടെ വ്യാപാരക്കമ്മി കുറച്ചു കൊണ്ടുവന്നിരുന്നതായി വിദഗ്ധര്‍ പറയുന്നു.

സാമ്പത്തിക മാന്ദ്യം തുടരുമെന്ന ആര്‍.ബി.ഐ ധനാവലോക നയ റിപ്പോര്‍ട്ട് പുറത്തുവന്നതും ഇന്ത്യന്‍ കറന്‍സിയെ തളര്‍ത്തി. നിലവിലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ വലിയ തോതിലുള്ള യഞ്ജം ആവശ്യമാണെന്നായിരുന്നു ആര്‍.ബി.ഐയുടെ വിലയിരുത്തല്‍.

ആഭ്യന്തര ആവശ്യവും നിക്ഷേപവും വന്‍തോതില്‍ കുറഞ്ഞതായി സമിതി വിലയിരുത്തി. തുടര്‍ച്ചയായ മൂന്ന് നിരക്കു കുറയ്ക്കലിനും വേണ്ടത്ര സ്വാധീനം സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കാനായില്ല- മിനുട്സ് പറയുന്നു.

അതിനിടെ, ചൈനീസ് കറന്‍സിയായ യുവാനും വിപണയില്‍ തിരിച്ചടി നേരിട്ടിട്ടുണ്ട്. ചൈന-യു.എസ് വ്യാപാര യുദ്ധത്തിനിടെ, ഡോളറിനെതിരെയുള്ള വിനിമയത്തില്‍ 11 മാസത്തെ താഴ്ന്ന നിരക്കിലാണ് ചൈനീസ് കറന്‍സി.

Read More >>