എന്‍.ഐ.ടിയിലും താമരശ്ശേരിയിലും പല വേഷങ്ങളില്‍ എത്തി; ഒരു പൂച്ചക്കുഞ്ഞു പോലും അറിഞ്ഞില്ല- എസ്.ഐ ജീവന്‍ ജോര്‍ജ് ജോളിയെ പിന്തുടര്‍ന്നത് ഇങ്ങനെ

എസ്.പിയും സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ ഇസ്മയിലും നല്‍കിയ അകമഴിഞ്ഞ പിന്തുണ കരുത്താക്കിയായിരുന്നു അന്വേഷണം.

എന്‍.ഐ.ടിയിലും താമരശ്ശേരിയിലും പല വേഷങ്ങളില്‍ എത്തി; ഒരു പൂച്ചക്കുഞ്ഞു പോലും അറിഞ്ഞില്ല- എസ്.ഐ ജീവന്‍ ജോര്‍ജ് ജോളിയെ പിന്തുടര്‍ന്നത് ഇങ്ങനെ

അന്വേഷണത്തിന്റെ നാള്‍ വഴികള്‍ 2019 ജൂണ്‍ 25 ന് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിയായി ചുമതല ഏറ്റതിന് പിന്നാലെ കെ.ജി സൈമണിന് ലഭിച്ച ഒരു പരാതിയിലെ അന്വേഷണത്തിനൊടുവില്‍ കൂടത്തായി കൊലപാതക പരമ്പരയുടെ സത്യങ്ങള്‍ മറനീക്കി. പൊന്നാമറ്റത്തെ ആറു മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ്സിന്റെ സഹോദരന്‍ റോജിയുടെ പരാതിയാണ് വഴിത്തിരിവായത്.

തന്റെ മാതാപിതാക്കളും സഹോദരനുമടക്കം ആറു പേരുടെ മരണങ്ങളിലെ ദുരൂഹത അന്വേഷിക്കാന്‍ മുന്‍ എസ്.പി യു അബ്ദുള്‍കരീമിനും റോജി പരാതി നല്‍കിയിരുന്നു. പരാതിയില്‍ കഴമ്പില്ലെന്നും ഇത് സ്വത്തുതര്‍ക്കം മാത്രമാണെന്നുമുള്ള താമരശ്ശേരി ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ ചുവപ്പുനാടയിലെ കുരുക്കഴിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ജീവന്‍ ജോര്‍ജ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന സത്യങ്ങളിലേക്ക് വെളിച്ചം വീശിയത്.

എസ്.പിയും സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ ഇസ്മയിലും നല്‍കിയ അകമഴിഞ്ഞ പിന്തുണ കരുത്താക്കിയായിരുന്നു അന്വേഷണം.

വീട്ടുകാര്‍ക്ക് പോലും സംശയം തോന്നാതിരിക്കാന്‍ രാവിലെ ഓഫീസിലേക്കെന്ന് പറഞ്ഞാണ് ജീവന്‍ ജോര്‍ജ്ജ് കൂടത്തായിയിലേക്ക് പോയിരുന്നത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര. പൊലീസുകാരനാണെന്ന് മനസിലാകാതിരിക്കാന്‍ വേഷവിധാനങ്ങളിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

കൂടത്തായിക്ക് പുറമെ മുക്കം എന്‍.ഐ.ടിയിലും താമരശ്ശേരിയിലും പലവേഷങ്ങളില്‍ അന്വേഷണത്തിനായി ജീവന്‍ ജോര്‍ജ് എത്തിയത് പൂച്ച കുഞ്ഞുപോലും അറിഞ്ഞിരുന്നില്ല. അത്ര രഹസ്യമായിരുന്നു ഓരോ നീക്കങ്ങളും. അന്വേഷണ പുരോഗതി എസ്.പിയും ഡി.വൈ.എസ്.പിയുമല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

200 ലേറെ പേരെ ചോദ്യം ചെയ്തപ്പോഴും ഒരു വരി വാര്‍ത്തപോലും മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. രണ്ട് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ജീവന്‍ ജോര്‍ജ് നല്‍കിയ റിപ്പോര്‍ട്ടിന്റെ മൂന്ന് പേജുകളും ഒരു വട്ടം വായിച്ചപ്പോഴേക്കും എസ്.പി കെ.ജി സൈമണ്‍ മരണത്തിലെ അസ്വാഭാവികത മനസിലാക്കിയിരുന്നു.

കൂടുതല്‍ ആലോചിക്കാതെ പുനരന്വേഷണത്തിന് അനുമതി തേടി ഡി.ജി.പി ലോക്നാഥ് ബെഹ്റയേയും ഉത്തമേഖലാ ഐ.ജി അശോക് യാദവിനേയും സമീപിച്ചു. പിന്നാലെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍ ഹരിദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. ആറു മരണങ്ങളിലേയും ജോളിയുടെ പങ്ക് വിശദമായി അന്വേഷിക്കണമെന്ന ജീവന്‍ ജോര്‍ജ്ജിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ശരിവെക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

സങ്കീര്‍ണ്ണമായ കുറ്റകൃത്യങ്ങള്‍ തെളിയിച്ച് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ ഉള്‍പ്പടെ 200 ഓളം പുരസ്‌കാരങ്ങള്‍ നേടിയ എസ്.പി കെ.ജി സൈമണിന്റെ അന്വേഷണ വൈഭവത്തിന് മുന്നില്‍ ജോളിയുടെ ചെപ്പടിവിദ്യകളൊന്നും വിജയിച്ചില്ല.

കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. ഹരിദാസാണ്. റൂറല്‍ എസ്.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തുടക്കം മുതലെ ഈ കേസിന്റെ പിന്നാലെയായിരുന്നു ഹരിദാസും സംഘവും.

നേരത്തെ കൊയിലാണ്ടിയില്‍ സി.ഐആയിരിക്കെ നിരവധി പ്രമാദമായ കേസുകള്‍ തെളിയിക്കാന്‍ സാധിക്കുകയും മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്.

കൊയിലാണ്ടിയില്‍ സ്റ്റേഷന്‍ പരിധിയില്‍ തെളിയാതെ കിടന്ന സംഘര്‍ഷ കേസുകളിലും കാപ്പാട് ഒരു സ്ത്രീയുടെ 400 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ട കേസിലും തുമ്പുണ്ടാക്കിയതും മോഷണ കേസിലെ പ്രതിക്ക് ശിക്ഷ വാങ്ങിച്ചു നല്‍കിയതും ആര്‍.ഹരിദാസിന്റൈ നേതൃത്വത്തിലുള്ളള അന്വേഷണ സംഘമാണ്. ഈ കേസ്സില്‍ 210 പവന്‍ തിരിച്ചു കിട്ടുകയും ചെയ്തിട്ടുണ്ട്.

Read More >>