കേന്ദ്രമന്ത്രിമാരെ രംഗത്തിറക്കി കളം പിടിക്കാന്‍ ബി.ജെ.പി

കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് എസ്.പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയത് വിവാദമായിരുന്നു. ഇത് കന്യാകുമാരി ജില്ലയില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധമാര്‍ഗങ്ങളിലേയ്ക്ക് ബി.ജെ.പിയെ എത്തിച്ചിരുന്നു.

കേന്ദ്രമന്ത്രിമാരെ രംഗത്തിറക്കി കളം പിടിക്കാന്‍ ബി.ജെ.പി

പമ്പ: ശബരിമലയില്‍ പരിവാര്‍ സംഘടനകള്‍ക്കു പൊലീസ് കൂച്ചു വിലങ്ങിട്ടതോടെ കേന്ദ്രമന്ത്രിമാരെ രംഗത്തിറക്കി കളം സജീവമാക്കാന്‍ ബി.ജെ.പി നീക്കം. കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് എസ്.പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയത് വിവാദമായിരുന്നു. ഇത് കന്യാകുമാരി ജില്ലയില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധമാര്‍ഗങ്ങളിലേയ്ക്ക് ബി.ജെ.പിയെ എത്തിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ രാജ്യവ്യാപകമായി ശബരിമല വിഷയം സജീവമാക്കി നിര്‍ത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും രാജ്യരക്ഷാ മന്ത്രി നിര്‍മ്മലാ സീതാരാമനും ശബരിമലയില്‍ എത്തുമെന്നാണ് വിവരം. ശബരിമലയെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന സംഘപരിവാറിന്റെയും ബി.ജെ.പിയുടെയും ആരോപണങ്ങള്‍ക്കും യുവതീ പ്രവേശനത്തിനെതിരായ ചെറുത്തുനില്പുകള്‍ക്കുമിടയിലാണ് കേന്ദ്രത്തിലെ ഏറ്റവും മുതിര്‍ന്ന രണ്ട് മന്ത്രിമാരെ തന്നെ ബി.ജെ.പി ശബരിമലയിലേക്ക് കൊണ്ടുവരുന്നത്.

ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലുമെല്ലാം നിരോധനാജ്ഞ നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ ബി.ജെ.പി, സംഘപരിവാര്‍ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും കേസുകളെടുക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഇപ്പോഴും ജയിലിലാണ്. സന്നിധാനത്ത് ശരണം വിളിക്കുകയും നാമജപം നടത്തുകയും ചെയ്ത 69 പേരെ അറസ്റ്റു ചെയ്ത ജയിലിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രആഭ്യന്തര മന്ത്രി നേരിട്ട് സന്നിധാനത്തെത്തുന്നത്.

നേരത്തെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ബി.ജെ.പി എം.പിമാരായ വി.മുരളീധരനും നളിന്‍കുമാര്‍ കട്ടീലും സന്നിധാനത്തെത്തിയിരുന്നു. ഇതിനിടയിലാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും രാജ്യരക്ഷാ മന്ത്രി നിര്‍മ്മലാ സീതാരാമനും ശബരിമലയില്‍ വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. അതേസമയം ഇവരുടെ വരവ് സംബന്ധിച്ച കൃത്യമായ തീയതികള്‍ ലഭിച്ചിട്ടില്ല.

Read More >>