നായ്ക്കളെ ചേര്‍ത്ത് 'പിടിച്ച്' സാലി കണ്ണന്‍

സാലി കണ്ണന് ഇഷ്ടജോലി നായപിടുത്തം. നായകളെ പേടിക്കണ്ട. കാവലായ് സാലിയുണ്ട്

നായ്ക്കളെ ചേര്‍ത്ത് പിടിച്ച് സാലി കണ്ണന്‍സാലി കണ്ണന്‍

ഷെഫീഫ യൂസുഫ്

കോഴിക്കോട്: പത്രപ്രവർത്തനത്തിൽ ഒന്നാം ക്ലാസ് ബിരുദം... പക്ഷെ പവറും ഗ്ലാമറും ഒപ്പത്തിനൊപ്പം നിൽക്കുന്ന പത്രപ്രവർത്തനം ഉപേക്ഷിച്ച് അവൾ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു. വഴിമാറി നടത്തം കണ്ടവർ മൂക്കത്തു വിരൽവച്ചു. പിന്നെ ചോദ്യങ്ങളായി. ഈ പെൺകുട്ടിയിതെന്തു ഭാവിച്ചാ? എന്തിന് വേണ്ടിയാണെന്ന് അറിഞ്ഞാൽ പിന്നെ എങ്ങനെ കേന്ദ്ര സർക്കാറിന്റെ പുരസ്‌കാരം വരെ തേടിയെത്താതിരിക്കും എന്ന് അറിയാതെ ചോദിച്ചുപോകും. ഇത് സാലി കണ്ണൻ. തൃശ്ശൂർ വരയിടം സ്വദേശം.

തൊഴിൽ നായപിടിത്തം, സാലി സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. കേരളത്തിൽ നായപിടിത്തം തൊഴിലായി സ്വീകരിച്ച ഏക വനിതയാണ് ഈ യുവതി. തെരുവുനായകൾക്കൊപ്പം സഞ്ചരിക്കുക, അവർക്കൊപ്പം കൂട്ടുകൂടുക, ഉല്ലസിക്കുക, ഒരുമിച്ചു ഭക്ഷണം കഴിക്കുക, അവർക്കൊപ്പം ഉറങ്ങുക... മനുഷ്യരിൽ ഭൂരിഭാഗവും ആട്ടിയകറ്റുന്ന നായകളെ സാലി അത്രയേറെ സ്‌നേഹിക്കുന്നു. വലുതാകുമ്പോൾ വെറ്ററിനറി ഡോക്ടറാവനാണ് കൊതിച്ചിരുന്നത്.

എന്നാൽ, ഒരുപാട് മൃഗങ്ങളെ കീറിമുറിച്ച് പഠിക്കേണ്ടി വരുമെന്ന പേടിയിൽ മോഹം പാതിവഴിയിൽ ഉപേക്ഷിച്ചു. അങ്ങനെയാണ് പത്രപ്രവർത്തനത്തിലേക്ക് മനസ് തിരിയുന്നത്. പക്ഷെ അവളുടെ മനസ്സിലെ ആ പഴയമോഹം കരിയാതെ ഒപ്പം വളർന്നു. കോളജിലെ പഠനം കഴിഞ്ഞ് മാദ്ധ്യമപ്രവർത്തകയാകാതെ, തനിക്കേറെ ഇഷ്ടപ്പെട്ട മൃഗങ്ങളെ സംരക്ഷിക്കാൻ തന്നാൽ കഴിയുന്നത് ചെയ്യണമെന്ന തീരുമാനമെടുത്തു. അങ്ങനെ ഊട്ടിയിലെ ഡബ്ല്യൂ.വി.എസിൽ നിന്ന് നായപിടിത്ത സർട്ടിഫിക്കറ്റ് കോഴ്സ് നേടുകയും നായപിടിത്തം തൊഴിലായി സ്വീകരിക്കുകയമായിരുന്നു. തുടർന്ന്, പി.എ. ഡബ്ല്യൂ.എസ് (പീപ്പിൾ ഫോർ അനിമൽ വെൽഫെയർ സർവീസസ്) എന്ന സംഘടനയിൽ വളന്റിയറായി പ്രവർത്തനം ആരംഭിച്ചു.

അങ്ങനെ, സ്‌നേഹത്തിന്റെയും പരിചരണത്തിന്റെയും വഴികളിലൂടെ മിണ്ടാപ്രാണികൾക്കൊപ്പം സഞ്ചരിച്ച സാലി കണ്ണനെ തേടി കേന്ദ്രസർക്കാർ പുരസ്ക്കാരവുമെത്തി. ഫേസ്ബുക്കുമായി സഹകരിച്ചു സംഘടിപ്പിച്ച വോട്ടെടുപ്പിലൂടെയാണ് 'മൃഗക്ഷേമം' എന്ന വിഭാഗത്തിലെ മികവിന് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം സാലി കണ്ണനെ തിരഞ്ഞെടുത്തത്. അവാർഡ് ലഭിച്ചതോടെ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കൂടെ കേന്ദ്രമന്ത്രിമാർക്കൊപ്പം വിരുന്നിൽ പങ്കെടുക്കാനും അവസരം ലഭിച്ചു. ഒന്നരവർഷമായി സന്നദ്ധ സംഘടനയായ ഹ്യൂമേയ്ൻ സൊസൈറ്റി ഇന്റർനാഷണൽ നടപ്പാക്കുന്ന പേവിഷ പ്രതിരോധ -മൃഗജനനനിയന്ത്രണ പദ്ധതിയിൽ മലപ്പുറം ജില്ലാ പഞ്ചായത്തിനായി നായ്ക്കളെ പിടിച്ചു വരികയാണ് സാലി.

ഏഴുപേരടങ്ങുന്ന സംഘത്തിൽ ഏക വനിതയാണ് ഇവർ. ബിസ്‌കറ്റ് നൽകി ചങ്ങാത്തം കൂടി കൈകൊണ്ട് നായ്ക്കളെ പിടിക്കുന്നതാണ് രീതി. അക്രമാസക്തരായ നായ്ക്കളെ മാത്രം ബട്ടർഫ്ലൈ കൊണ്ട് പിടികൂടും. വിവാഹശേഷമാണ് സാലി മൃഗസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്.

കാരണം, ഭർത്താവ് കണ്ണൻ നാരായണന്റെ പിന്തുണ തന്നെ. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെ പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട് സാലിയും ഭർത്താവ് കണ്ണൻ നാരായണനും. തെരുവുനായ്ക്കളെ കൊന്നുതള്ളുന്നതിനു പകരം, അവയെ പിടിച്ച് ഡോക്ടർമാരുടെ സഹായത്തോടെ വന്ധ്യംകരണം നടത്തി, തിരികെ വിടുകയാണ് തങ്ങളുടെ ദൗത്യമെന്ന് സാലി കണ്ണൻ പറയുന്നു. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ തെരുവുനായകളുടെ വന്ധ്യംകരണ ജോലികൾ ചെയ്തിട്ടുണ്ട്. മകൻ നിരഞ്ജനും മാതാപിതാക്കൾക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ട്.

Read More >>