അയോദ്ധ്യ; രാജീവ് ധവാനെ ഒഴിവാക്കി മുസ്‌ലിം കക്ഷികള്‍- റിവ്യൂ ഹര്‍ജിയില്‍ വാദിക്കാന്‍ മറ്റൊരാള്‍

ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്

അയോദ്ധ്യ; രാജീവ് ധവാനെ ഒഴിവാക്കി മുസ്‌ലിം കക്ഷികള്‍- റിവ്യൂ ഹര്‍ജിയില്‍ വാദിക്കാന്‍ മറ്റൊരാള്‍

ന്യൂഡല്‍ഹി: അയോദ്ധ്യ കേസിലെ സുപ്രിം കോടതി വിധിക്കെതിരെ മുസ്‌ലിം കക്ഷികള്‍ സമര്‍പ്പിക്കുന്ന റിവ്യൂ ഹര്‍ജിയില്‍ വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ഉണ്ടാകില്ല. തന്നെ ആ സ്ഥാനത്തു നീക്കിയതായും ഒരു ആശങ്കയുമില്ലാതെ തീരുമാനം സ്വീകരിക്കുന്നതായും ധവാന്‍ വ്യക്തമാക്കി. രാജമന്മഭൂമി-ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുന്നി വഖ്ഫ് ബോര്‍ഡിനു വേണ്ടിയാണ് ധവാന്‍ ഹാജരായിരുന്നത്.

ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേസിലെ വിധിക്കെതിരെ ജംഇയ്യത്തുല്‍ ഉലമയേ ഹിന്ദ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയതിന്റെ പിറ്റേ ദിവസമാണ് ധവാനെ നീക്കുന്നത്. നവംബര്‍ ഒമ്പതിനാണ് തര്‍ക്കപ്രദേശം ഹിന്ദു കക്ഷികള്‍ക്ക് വിട്ടു കൊടുക്കാനും അവിടെ രാമക്ഷേത്രം പണിയാനും സുപ്രിംകോടതി ഉത്തരവിട്ടിരുന്നത്. മുസ്‌ലിം കക്ഷികള്‍ക്ക് പള്ളി നിര്‍മാണത്തിനായി അഞ്ച് ഏക്കര്‍ അയോദ്ധ്യയില്‍ തന്നെ വിട്ടുനല്‍കണമെന്നും മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഉത്തരവിട്ടിരുന്നു.

ഹിന്ദു കക്ഷിയായ രാം ലല്ലയ്ക്കും നിര്‍മോഹി അഖാഡയ്ക്കും വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കെ. പരാശരന്‍, സി.എസ് വൈദ്യനാഥന്‍ എന്നിവരാണ് ഹാജരായിരുന്നത്. സുന്നി വഖ്ഫ് ബോര്‍ഡിന് വേണ്ടി ധവാനു പുറമേ, ശേഖര്‍ നഫാഡെ, മീനാക്ഷി അറോറ എന്നിവരാണ് ഉണ്ടായിരുന്നത്.

അതിനിടെ, അഭിഭാഷകന്‍ ഇജാസ് മഖ്ബൂല്‍ വഴിയാണ് വിധിക്കെതിരെ ജംഇയ്യത്തുല്‍ ഉലമ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചത്. പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള കാലാവധി അവസാനിക്കാന്‍ ആറു ദിവസം മാത്രം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.

Read More >>